The Noble Qur'an Encyclopedia
Towards providing reliable exegeses and translations of the meanings of the Noble Qur'an in the world languagesStoneland, Rock city, Al-Hijr valley [Al-Hijr] - Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad
Surah Stoneland, Rock city, Al-Hijr valley [Al-Hijr] Ayah 99 Location Maccah Number 15
അലിഫ് ലാം റാ - വേദഗ്രന്ഥത്തിലെ അഥവാ (കാര്യങ്ങള്‍) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ.
തങ്ങള്‍ മുസ്‌ലിംകളായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോള്‍ സത്യനിഷേധികള്‍ കൊതിച്ചുപോകും.
നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും (ദീർഘായുസിനെക്കുറിച്ചുള്ള) വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. (പിന്നീട്) അവര്‍ മനസ്സിലാക്കിക്കൊള്ളും.
ഒരു രാജ്യത്തെയും നാം നശിപ്പിച്ചിട്ടില്ല; നിര്‍ണിതമായ ഒരു അവധി അതിന്ന് നല്‍കപ്പെട്ടിട്ടല്ലാതെ.
യാതൊരു സമുദായവും അതിന്‍റെ അവധിയേക്കാള്‍ മുമ്പിലാവുകയില്ല. (അവധി വിട്ട്) അവര്‍ പിന്നോട്ടുപോകുകയുമില്ല.
അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.
നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ നീ ഞങ്ങളുടെ അടുക്കല്‍ മലക്കുകളെ കൊണ്ട് വരാത്തതെന്ത്?(1)
എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) സാവകാശം നല്‍കപ്പെടുന്നതുമല്ല(2)
തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.(3)
തീര്‍ച്ചയായും നിനക്ക് മുമ്പ് പൂര്‍വ്വികന്‍മാരിലെ പല കക്ഷികളിലേക്കും നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്.
ഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.
അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അത് (പരിഹാസം) നാം ചെലുത്തി വിടുന്നതാണ്.
പൂര്‍വ്വികന്‍മാരില്‍ (അല്ലാഹുവിന്‍റെ) നടപടി നടന്നുകഴിഞ്ഞിട്ടും അവര്‍ ഇതില്‍ വിശ്വസിക്കുന്നില്ല.
അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു കവാടം തുറന്നുകൊടുക്കുകയും, എന്നിട്ട് അതിലൂടെ അവര്‍ കയറിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്താല്‍ പോലും
അവര്‍ പറയും: ഞങ്ങളുടെ കണ്ണുകള്‍ക്ക് മത്ത് ബാധിച്ചത് മാത്രമാണ്. അല്ല, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളാണ്.
ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.
ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.
എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.(4)
ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും(5) അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.(6)
യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാല്‍) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത് ഇറക്കുന്നതല്ല.(7)
മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ(8) നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല.(9)
തീര്‍ച്ചയായും, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. (എല്ലാറ്റിന്‍റെയും) അനന്തരാവകാശിയും നാം തന്നെയാണ്.
തീര്‍ച്ചയായും നിങ്ങളില്‍ നിന്ന് മുമ്പിലായവര്‍ ആരെന്ന് നാം അറിഞ്ഞിട്ടുണ്ട്. പിന്നിലായവര്‍ ആരെന്നും നാം അറിഞ്ഞിട്ടുണ്ട്.(10)
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെ അവരെ ഒരുമിച്ചുകൂട്ടുന്നതുമാണ്. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.
കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.
അതിന്നു മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.
നിന്‍റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.
അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്നിൽ നിന്നുള്ള ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍.(11)
അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു.
ഇബ്‌ലീസ് ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു.
അല്ലാഹു പറഞ്ഞു: ഹേ ഇബ്‌ലീസ്! പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ് ന്യായം?
അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് സുജൂദ് ചെയ്യേണ്ടവനല്ല ഞാന്‍.
അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.
തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്.
അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ.
അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ.
അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.
അവരുടെ കൂട്ടത്തില്‍ നിന്ന് നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരെയൊഴികെ.(12)
അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്.(13)
തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.
തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു.
അതിന് ഏഴ് കവാടങ്ങളുണ്ട്. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്.
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും.
നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച് കൊള്ളുക. (എന്ന് അവര്‍ക്ക് സ്വാഗതം ആശംസിക്കപ്പെടും.)
അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍(14) പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
അവിടെവെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന് അവര്‍ പുറത്താക്കപ്പെടുന്നതുമല്ല.
(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ് എന്ന് എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക.
എന്‍റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക.)
ഇബ്റാഹീമിന്‍റെ (അടുത്ത് വന്ന) അതിഥികളെപ്പറ്റിയും നീ അവരെ വിവരമറിയിക്കുക.
അദ്ദേഹത്തിന്‍റെ അടുത്ത് കടന്നുവന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.(15)
അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു.
അദ്ദേഹം പറഞ്ഞു: എനിക്ക് വാര്‍ദ്ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക് നിങ്ങള്‍ (സന്താനത്തെപറ്റി) സന്തോഷവാര്‍ത്ത അറിയിക്കുന്നത്? അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ് നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്?
അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ത്ഥ്യത്തെപറ്റിതന്നെയാണ്. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്.
അദ്ദേഹം (ഇബ്റാഹീം) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.
അദ്ദേഹം (ഇബ്റാഹീം) പറഞ്ഞു: ഹേ; ദൂതന്‍മാരേ, എന്നാല്‍ നിങ്ങളുടെ (മുഖ്യ) വിഷയമെന്താണ്?
അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുകയാണ്.
(എന്നാല്‍) ലൂത്വിന്‍റെ കുടുംബം അതില്‍ നിന്നൊഴിവാണ്. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്.
അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.(16)
അങ്ങനെ ലൂത്വിന്‍റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ!
അവര്‍ (ആ ദൂതന്‍മാരായ മലക്കുകള്‍) പറഞ്ഞു: അല്ല, ഏതൊരു (ശിക്ഷയുടെ) കാര്യത്തില്‍ അവര്‍ (ജനങ്ങള്‍) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്.
യാഥാര്‍ത്ഥ്യവും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.
അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട് രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്തു കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞുനോക്കരുത്. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക് നടന്ന് പോയിക്കൊള്ളുക.
ആ കാര്യം, അതായത് പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ് എന്ന കാര്യം നാം അദ്ദേഹത്തിന് (ലൂത്വ് നബിക്ക്) ഖണ്ഡിതമായി അറിയിച്ചുകൊടുത്തു.
ആ രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വന്നു.(17)
അദ്ദേഹം (ലൂത്വ്) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്‍റെ അതിഥികളാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്ز
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക.
അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?
അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ പെണ്‍മക്കള്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം.) നിങ്ങള്‍ക്ക് ചെയ്യാം എന്നുണ്ടെങ്കില്‍.
നിന്‍റെ ജീവിതം തന്നെയാണ സത്യം(18) തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.
അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി.
അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.
നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതി ചെയ്യുന്നത്.(19)
തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്.
തീര്‍ച്ചയായും മരക്കൂട്ടത്തില്‍ താമസിച്ചിരുന്ന ജനവിഭാഗം അക്രമികളായിരുന്നു.(20)
അതിനാല്‍ നാം അവരുടെ നേരെ ശിക്ഷാനടപടി സ്വീകരിച്ചു. തീര്‍ച്ചയായും ഈ രണ്ട് പ്രദേശവും(21) തുറന്ന പാതയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്.
തീര്‍ച്ചയായും ഹിജ്‌റിലെ(22) നിവാസികള്‍ (അല്ലാഹുവിൻ്റെ) ദൂതന്‍മാരെ നിഷേധിച്ചുകളയുകയുണ്ടായി.
അവര്‍ക്ക് നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട് അവര്‍ അവയെ അവഗണിച്ചു കളയുകയായിരുന്നു.
അവര്‍ പര്‍വ്വതങ്ങളില്‍ നിന്ന് (പാറകള്‍) വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിര്‍ഭയരായി കഴിയുകയായിരുന്നു.
അങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി.
അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.
ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്തു കൊടുക്കുക.(23)
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.
ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും(24) മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക് നാം നല്‍കിയിട്ടുണ്ട്.
അവരില്‍ (അവിശ്വാസികളില്‍) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക് നീ നിന്‍റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്.(25) അവരെപ്പറ്റി നീ വ്യസനിക്കേണ്ട.(26) സത്യവിശ്വാസികള്‍ക്ക് നീ നിന്‍റെ ചിറക് താഴ്ത്തികൊടുക്കുക.(27)
തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാണ് എന്ന് പറയുകയും ചെയ്യുക.
വിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയത് പോലെത്തന്നെ.
അതായത് ഖുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവരുടെ മേല്‍.(28)
എന്നാല്‍ നിന്‍റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും.
അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെ സംബന്ധിച്ച്.
അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക.
പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു.
അതായത് അല്ലാഹുവോടൊപ്പം മറ്റു ദൈവത്തെ സ്ഥാപിക്കുന്നവര്‍. (പിന്നീട്) അവര്‍ അറിഞ്ഞ് കൊള്ളും.
അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്.
ആകയാല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവൻ്റെ പരിശുദ്ധിയെ നീ പ്രകീർത്തിക്കുക. നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.
ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.