The Noble Qur'an Encyclopedia
Towards providing reliable exegeses and translations of the meanings of the Noble Qur'an in the world languagesThe Poets [Ash-Shuara] - Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad
Surah The Poets [Ash-Shuara] Ayah 227 Location Maccah Number 26
ത്വാ-സീന്‍-മീം.
സുവ്യക്തമായ ഗ്രന്ഥത്തിലെ വചനങ്ങളാണിവ.
അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം.
എന്നാല്‍ നാം ഉദ്ദേശിക്കുന്ന പക്ഷം അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു ദൃഷ്ടാന്തം ഇറക്കിക്കൊടുക്കുന്നതാണ്. അന്നേരം അവരുടെ പിരടികള്‍ അതിന്ന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യും.
പരമകാരുണികന്‍റെ പക്കല്‍ നിന്ന് ഏതൊരു പുതിയ ഉല്‍ബോധനം വന്നെത്തുമ്പോഴും അവര്‍ അതില്‍ നിന്ന് തിരിഞ്ഞുകളയുന്നവരാകാതിരുന്നിട്ടില്ല.
അങ്ങനെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കയാണ്. അതിനാല്‍ അവര്‍ ഏതൊന്നിനെ പരിഹസിക്കുന്നവരായിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള വൃത്താന്തങ്ങള്‍ അവര്‍ക്ക് വന്നെത്തിക്കൊള്ളും
ഭൂമിയിലേക്ക് അവര്‍ നോക്കിയില്ലേ? എല്ലാ മികച്ച സസ്യവര്‍ഗങ്ങളില്‍നിന്നും എത്രയാണ് നാം അതില്‍ മുളപ്പിച്ചിരിക്കുന്നത്?
തീര്‍ച്ചയായും അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വാസികളായില്ല.
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണ ചൊരിയുന്നവനും.
നിന്‍റെ രക്ഷിതാവ് മൂസായെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ,) നീ ആ അക്രമികളായ ജനങ്ങളുടെ അടുത്തേക്ക് ചെല്ലുക.
അതായത്, ഫിര്‍ഔന്‍റെ ജനതയുടെ അടുക്കലേക്ക്. അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (എന്നു ചോദിക്കുക)
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ എന്നെ നിഷേധിച്ചു തള്ളുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
എന്‍റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്‍റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാല്‍ ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ.
അവര്‍ക്ക് എന്‍റെ പേരില്‍ ഒരു കുറ്റം ആരോപിക്കാനുമുണ്ട്.(1) അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു
അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുകز തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്.
എന്നിട്ട് നിങ്ങള്‍ ഇരുവരും ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന് ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു.
ഇസ്രായീല്‍ സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്.
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിയില്ലേ? നിന്‍റെ ആയുസ്സില്‍ കുറെ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്.
നീ ചെയ്ത നിന്‍റെ ആ (ദുഷ്) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി. നീ നന്ദികെട്ടവരുടെ കൂട്ടത്തില്‍തന്നെയാകുന്നു.
അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ അന്ന് അത് ചെയ്യുകയുണ്ടായി. എന്നാല്‍ ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു. (3)
അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്ന് ഓടിപ്പോയി. അനന്തരം എന്‍റെ രക്ഷിതാവ് എനിക്ക് തത്വജ്ഞാനം നല്‍കുകയും, അവന്‍ എന്നെ ദൂതന്‍മാരില്‍ ഒരാളാക്കുകയും ചെയ്തു.
എനിക്ക് നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്രായീല്‍ സന്തതികളെ നീ അടിമകളാക്കി വെച്ചതിനാല്‍ ഉണ്ടായതത്രെ.(4)
ഫിര്‍ഔന്‍ പറഞ്ഞു: എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്?
അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാകുന്നു. നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍.
അവന്‍ (ഫിര്‍ഔന്‍) തന്‍റെ ചുറ്റുമുള്ളവരോട് പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ?
അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്‍).
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്.
അദ്ദേഹം (മൂസാ) പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ (അവന്‍). നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍.
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ആരാധ്യനെയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്.
അദ്ദേഹം (മൂസാ) പറഞ്ഞു: സ്പഷ്ടമായ എന്തെങ്കിലും തെളിവു ഞാന്‍ നിനക്ക് കൊണ്ടു വന്നു കാണിച്ചാലും (നീ സമ്മതിക്കുകയില്ലേ?)
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: എന്നാല്‍ നീ അത് കൊണ്ടുവരിക; നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍.
അപ്പോള്‍ അദ്ദേഹം (മൂസാ) തന്‍റെ വടി താഴെയിട്ടു. അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സര്‍പ്പമായി മാറുന്നു.
അദ്ദേഹം തന്‍റെ കൈ പുറത്തേക്കെടുക്കുകയും ചെയ്തു. അപ്പോഴതാ അത് കാണികള്‍ക്ക് വെള്ളനിറമാകുന്നു.
തന്‍റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: തീര്‍ച്ചയായും ഇവന്‍ വിവരമുള്ള ഒരു ജാലവിദ്യക്കാരന്‍ തന്നെയാണ്.
തന്‍റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ നിങ്ങള്‍ എന്തു നിര്‍ദേശിക്കുന്നു?
അവര്‍ പറഞ്ഞു: അവന്നും അവന്‍റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക. ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് താങ്കള്‍ ദൂതന്‍മാരെ നിയോഗിക്കുകയും ചെയ്യുക.
എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുത്ത് കൊണ്ടുവരട്ടെ.
അങ്ങനെ അറിയപ്പെട്ട ഒരു ദിവസം(5) നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു.
ജനങ്ങളോട് ചോദിക്കപ്പെട്ടു: നിങ്ങള്‍ സമ്മേളിക്കുന്നുണ്ടല്ലോ?
ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കില്‍ നമുക്കവരെ പിന്തുടരാമല്ലോ!
അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ?
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, അങ്ങനെയെങ്കിൽ തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതെല്ലാം നിങ്ങള്‍ ഇട്ടുകൊള്ളുക.
അപ്പോള്‍ തങ്ങളുടെ കയറുകളും വടികളും അവര്‍ ഇട്ടു. അവര്‍ പറയുകയും ചെയ്തു: ഫിര്‍ഔന്‍റെ പ്രതാപം തന്നെയാണ സത്യം! തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍.
അനന്തരം മൂസാ തന്‍റെ വടി താഴെയിട്ടു. അപ്പോഴതാ അത് അവര്‍ വ്യാജമായി നിര്‍മിച്ചിരുന്നതിനെയെല്ലാം വിഴുങ്ങിക്കളയുന്നു.
അപ്പോള്‍ ജാലവിദ്യക്കാര്‍ സാഷ്ടാംഗത്തിലായി വീണു.
അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.
അതായത് മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍.
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്. വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും. തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര്‍ വശങ്ങളില്‍ നിന്നായിക്കൊണ്ട്(6) ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്.
അവര്‍ പറഞ്ഞു: കുഴപ്പമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു.
ഞങ്ങള്‍ ആദ്യം വിശ്വസിച്ചവരായതിനാല്‍ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങള്‍ക്ക് പൊറുത്തുതരുമെന്ന് ഞങ്ങള്‍ ആശിക്കുന്നു.
മൂസായ്ക്ക് നാം ബോധനം നല്‍കി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ നീ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്.
അപ്പോള്‍ ഫിര്‍ഔന്‍ ആളുകളെ വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്‍മാരെ അയച്ചു.
തീര്‍ച്ചയായും ഇവര്‍ കുറച്ചുപേര്‍ മാത്രമുള്ള ഒരു സംഘമാകുന്നു.
തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു.
തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു. (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിര്‍ഔന്‍ നിര്‍ദേശിച്ചത്)
അങ്ങനെ തോട്ടങ്ങളില്‍ നിന്നും നീരുറവകളില്‍ നിന്നും നാം അവരെ പുറത്തിറക്കി.
ഭണ്ഡാരങ്ങളില്‍ നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും.
അപ്രകാരമത്രെ (നമ്മുടെ നടപടി). അതൊക്കെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.(7)
എന്നിട്ട് അവര്‍ (ഫിര്‍ഔനും സംഘവും) ഉദയവേളയില്‍ അവരുടെ (ഇസ്രായീല്യരുടെ) പിന്നാലെ ചെന്നു.
അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്.
അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്. അവന്‍ എനിക്ക് വഴി കാണിച്ചുതരും.
അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്‍റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന്. അങ്ങനെ അത് (കടല്‍ ) പിളരുകയും എന്നിട്ട് (വെള്ളത്തിന്‍റെ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു.
മറ്റവരെ(ഫിര്‍ഔന്‍റെ പക്ഷം)യും നാം അതിന്‍റെ അടുത്തെത്തിക്കുകയുണ്ടായി.
മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി.
പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു.
തീര്‍ച്ചയായും അതില്‍ (സത്യനിഷേധികള്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണ ചൊരിയുന്നവനും.
ഇബ്‌റാഹീമിന്‍റെ വൃത്താന്തവും അവര്‍ക്കു നീ വായിച്ചുകേള്‍പിക്കുക.
അതായത് നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്‍റെ പിതാവിനോടും, തന്‍റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം.
അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ?
അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?
അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു (എന്നു മാത്രം).
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും?
എന്നാല്‍ അവര്‍ (നിങ്ങളുടെ ആരാധ്യർ) എന്‍റെ ശത്രുക്കളാകുന്നു, ലോകരക്ഷിതാവ് ഒഴികെ.
അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍.
എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍.
എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്.
എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍.
പ്രതിഫലത്തിന്‍റെ നാളില്‍ ഏതൊരുവന്‍ എന്‍റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്‍.
എന്‍റെ രക്ഷിതാവേ, എനിക്ക് നീ തത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ.
പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ.
എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്‍റെ അവകാശികളില്‍ പെട്ടവനാക്കേണമേ.
എന്‍റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു.
അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ.
അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം.
കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ.
(അന്ന്) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്.
ദുര്‍മാര്‍ഗികള്‍ക്ക് നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്.
അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?
അല്ലാഹുവിനു പുറമെ (നിങ്ങൾ ആരാധിച്ചിരുന്നവർ)? അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?
തുര്‍ന്ന് അവരും (ആരാധ്യന്‍മാര്‍) ആ ദുര്‍മാര്‍ഗികളും അതില്‍ (നരകത്തില്‍ ) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്.
ഇബ്‌ലീസിന്‍റെ മുഴുവന്‍ സൈന്യങ്ങളും.
അവിടെ വെച്ച് അന്യോന്യം വഴക്കുകൂടിക്കൊണ്ടിരിക്കെ അവര്‍ പറയും:
അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.
നിങ്ങള്‍ക്ക് ഞങ്ങള്‍ ലോകരക്ഷിതാവിനോട് തുല്യത കല്‍പിക്കുന്ന സമയത്ത്.
ഞങ്ങളെ വഴിപിഴപ്പിച്ചത് ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല.
ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുപാര്‍ശക്കാരായി ആരുമില്ല.
ഉറ്റ സുഹൃത്തുമില്ല.
അതിനാല്‍ ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍. എങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു.
തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണ ചൊരിയുന്നവനും.
നൂഹിന്‍റെ ജനത (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചുതള്ളി.
അവരുടെ സഹോദരന്‍ നൂഹ് അവരോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുക.
അവര്‍ പറഞ്ഞു; നിന്നെ പിന്തുടര്‍ന്നിട്ടുള്ളത് ഏറ്റവും താഴ്ന്ന ആളുകളായിരിക്കെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ?
അദ്ദേഹം പറഞ്ഞു: അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്ക് എന്തറിയാം?(8)
അവരെ വിചാരണ നടത്തുക എന്നത് എന്‍റെ രക്ഷിതാവിന്‍റെ ബാധ്യത മാത്രമാകുന്നു നിങ്ങള്‍ ബോധമുള്ളവരായെങ്കില്‍!
സത്യവിശ്വാസികളെ ഞാന്‍ ഒരിക്കലും ആട്ടിക്കളയുന്നതല്ല.
ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.
അവര്‍ പറഞ്ഞു: നൂഹേ, നീ (ഇതില്‍നിന്നു) വിരമിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നീ എറിഞ്ഞു കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു.
അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീ ഒരു തുറന്ന തീരുമാനമെടുക്കുകയും, എന്നെയും എന്‍റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ.
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും ഭാരം നിറക്കപ്പെട്ട കപ്പലില്‍ നാം രക്ഷപ്പെടുത്തി.
പിന്നെ ബാക്കിയുള്ളവരെ അതിന് ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു.
തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണ ചൊരിയുന്നവനും.
ആദ് സമുദായം (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചു തള്ളി.
അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
ഇതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.
വൃഥാ പൊങ്ങച്ചം കാണിക്കുവാനായി എല്ലാ കുന്നിന്‍ പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍) കെട്ടിപ്പൊക്കുകയാണോ?
നിങ്ങള്‍ക്ക് എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൗധങ്ങള്‍ ഉണ്ടാക്കുകയുമാണോ?
നിങ്ങള്‍ ബലം പ്രയോഗിക്കുകയാണെങ്കില്‍ നിഷ്ഠൂരന്‍മാരായിക്കൊണ്ട് നിങ്ങള്‍ ബലം പ്രയോഗിക്കുന്നു.
ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.
നിങ്ങള്‍ക്ക് തന്നെ അറിയാവുന്നവ (സുഖസൗകര്യങ്ങള്‍) മുഖേന നിങ്ങളെ സഹായിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുക.
കന്നുകാലികളും സന്താനങ്ങളും മുഖേന അവന്‍ നിങ്ങളെ സഹായിച്ചിരിക്കുന്നു.
തോട്ടങ്ങളും അരുവികളും മുഖേനയും.
നിങ്ങളുടെ കാര്യത്തില്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
അവര്‍ പറഞ്ഞു: നീ ഉപദേശം നല്‍കിയാലും, ഉപദേശിക്കുന്നവരുടെ കൂട്ടത്തില്‍ ആയില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാകുന്നു.
ഇത് (9) പൂര്‍വ്വികന്‍മാരുടെ സമ്പ്രദായം തന്നെയാകുന്നു.
ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല.
അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും, അതിനാല്‍ നാം അവരെ നശിപ്പിക്കുകയും ചെയ്തു തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണ ചൊരിയുന്നവനും.
ഥമൂദ് സമുദായം (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചു തള്ളി.
അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
നിങ്ങളോട് ഞാന്‍ ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.
ഇവിടെയുള്ളതില്‍ (സമൃദ്ധിയില്‍) നിര്‍ഭയരായിക്കഴിയാന്‍ നിങ്ങള്‍ വിട്ടേക്കപ്പെടുമോ?
അതായത് തോട്ടങ്ങളിലും അരുവികളിലും.
വയലുകളിലും, കുല ഭാരം തൂങ്ങുന്ന ഈന്തപ്പനകളിലും.(10)
നിങ്ങള്‍ സന്തോഷപ്രമത്തരായിക്കൊണ്ട് പര്‍വ്വതങ്ങളില്‍ വീടുകള്‍ തുരന്നുണ്ടാക്കുകയും ചെയ്യുന്നു.
ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
അതിക്രമകാരികളുടെ കല്‍പന നിങ്ങള്‍ അനുസരിച്ചു പോകരുത്.
ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും, നന്മ വരുത്താതിരിക്കുകയും ചെയ്യുന്നവരുടെ (കൽപന).
അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു.(11)
നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. അതിനാല്‍ നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ വല്ല ദൃഷ്ടാന്തവും കൊണ്ടുവരൂ.
അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം! അതിന്ന് വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട്. നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്; ഒരു നിശ്ചിത ദിവസത്തില്‍.
നിങ്ങള്‍ അതിന് യാതൊരു ദ്രോഹവും ഏല്‍പിക്കരുത്. (അങ്ങനെ ചെയ്യുന്ന പക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും.
എന്നാല്‍ അവര്‍ അതിനെ വെട്ടിക്കൊന്നു. അങ്ങനെ അവര്‍ ഖേദക്കാരായിത്തീര്‍ന്നു.
അങ്ങനെ ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണ ചൊരിയുന്നവനും.
ലൂത്വിന്‍റെ ജനത (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചു തള്ളി.
അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.
നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ?
നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ.
അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു.
അദ്ദേഹം (പ്രാര്‍ത്ഥിച്ചു:) എന്‍റെ രക്ഷിതാവേ, എന്നെയും എന്‍റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ.
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തേയും മുഴുവന്‍ നാം രക്ഷപ്പെടുത്തി.
പിന്‍മാറി നിന്നവരില്‍ ഒരു കിഴവി ഒഴികെ.(12)
പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്തുകളഞ്ഞു.
അവരുടെ മേല്‍ നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്ര മോശം!(13)
തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണ ചൊരിയുന്നവനും.
ഐക്കത്തില്‍ (മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും(14) (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചുതള്ളി.
അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.
നിങ്ങള്‍ അളവു പൂര്‍ത്തിയാക്കികൊടുക്കുക. നിങ്ങള്‍ (ജനങ്ങള്‍ക്ക്) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്.
കൃത്രിമമില്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക.
ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്
നിങ്ങളെയും പൂര്‍വ്വതലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍ ഒരാള്‍ മാത്രമാകുന്നു.
നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. തീര്‍ച്ചയായും നീ വ്യാജവാദികളില്‍ പെട്ടവനാണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്.
അതുകൊണ്ട് നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ആകാശത്ത് നിന്നുള്ള കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തുക.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി എന്‍റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാകുന്നു.
അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാല്‍ മേഘത്തണല്‍ മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി.(15) തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു.
തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍അധികപേരും വിശ്വസിക്കുന്നവരായില്ല.
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണ ചൊരിയുന്നവനും.
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു.
വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.
നിന്‍റെ ഹൃദയത്തില്‍ (ഖുർആനുമായിറങ്ങി). നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്.
സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്).
തീര്‍ച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്. (16)
ഇസ്രായീല്‍സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക് അത് അറിയാം എന്ന കാര്യം ഇവര്‍ക്ക് (അവിശ്വാസികള്‍ക്ക്) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ? (17)
നാം അത് അനറബികളില്‍ ഒരാളുടെ മേല്‍ അവതരിപ്പിരുന്നെങ്കിൽ,
എന്നിട്ട് അയാള്‍ അത് അവര്‍ക്ക് ഓതികേള്‍പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരതില്‍ വിശ്വസിക്കുമായിരുന്നില്ല.
അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ നാം അത് (അവിശ്വാസം) കടത്തിവിട്ടിരിക്കയാണ്.
വേദനയേറിയ ശിക്ഷ കാണുന്നതു വരേക്കും അവരതില്‍ വിശ്വസിക്കുകയില്ല.
അവര്‍ ഓര്‍ക്കാത്ത നിലയില്‍ പെട്ടെന്നായിരിക്കും അതവര്‍ക്ക് വന്നെത്തുന്നത്.
ഞങ്ങള്‍ക്ക് (ഒരല്‍പം) അവധി നല്‍കപ്പെടുമോ? എന്ന് അപ്പോള്‍ അവര്‍ ചോദിച്ചേക്കും
എന്നാല്‍ നമ്മുടെ ശിക്ഷയെപ്പറ്റിയാണോ അവര്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നത്?
എന്നാല്‍ നീ ആലോചിച്ചിട്ടുണ്ടോ? നാം അവര്‍ക്ക് കുറെ കൊല്ലങ്ങളോളം സുഖസൗകര്യം നല്‍കിയെങ്കിൽ.
അനന്തരം അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടു കൊണ്ടിരിക്കുന്ന ശിക്ഷ അവര്‍ക്ക് വരികയും ചെയ്തു.
(എന്നാലും) അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന ആ സുഖ സൗകര്യങ്ങള്‍ അവര്‍ക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല.(18)
ഒരു രാജ്യവും നാം നശിപ്പിച്ചിട്ടില്ല; അതിന് താക്കീതുകാര്‍ ഉണ്ടായിട്ടല്ലാതെ.
ഓര്‍മപ്പെടുത്തുവാന്‍ വേണ്ടിയത്രെ അത്. നാം അക്രമം ചെയ്യുന്നവനായിട്ടില്ല.
ഇതുമായി (ഖുര്‍ആനുമായി) പിശാചുക്കള്‍ ഇറങ്ങി വന്നിട്ടില്ല.(19)
അതവര്‍ക്ക് അനുയോജ്യമാവുകയുമില്ല. അതവര്‍ക്ക് സാധിക്കുന്നതുമല്ല.
തീര്‍ച്ചയായും അവര്‍ (അല്ലാഹുവിന്റെ സന്ദേശം) കേള്‍ക്കുന്നതില്‍ നിന്ന് അകറ്റപെട്ടവരാകുന്നു.
ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നീ വിളിച്ചു പ്രാര്‍ത്ഥിക്കരുത്. എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക.
നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്‍റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക.(20)
ഇനി അവര്‍ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന് നീ പറഞ്ഞേക്കുക.
പ്രതാപിയും കരുണ ചൊരിയുന്നവനുമായിട്ടുള്ളവനെ നീ ഭരമേല്‍പിക്കുകയും ചെയ്യുക.
നീ നിന്നു നിസ്കരിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവന്‍.
സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്‍റെ ചലനവും (കാണുന്നവന്‍).
തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
(നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ?
പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു.
അവര്‍ ചെവികൊടുത്തു കേള്‍ക്കുന്നു. അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു.
കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്.
അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന് നീ കണ്ടില്ലേ?(21)
പ്രവര്‍ത്തിക്കാത്തത് പറയുന്നവരാണ് അവരെന്നും (നീ കണ്ടില്ലേ).
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും, അക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന് ആത്മരക്ഷയ്ക്ക് നടപടി എടുക്കുകയും ചെയ്തവര്‍(22) ഇതില്‍നിന്ന് ഒഴിവാകുന്നു. അക്രമകാരികള്‍ അറിഞ്ഞു കൊള്ളും; തങ്ങള്‍ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുകയെന്ന്.