The Noble Qur'an Encyclopedia
Towards providing reliable exegeses and translations of the meanings of the Noble Qur'an in the world languagesThe family of Imran [Aal-e-Imran] - Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad
Surah The family of Imran [Aal-e-Imran] Ayah 200 Location Madanah Number 3
അലിഫ് ലാം മീം.
അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.
അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൗറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.
ഇതിനു മുമ്പ്; മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി. സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു
ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച.
ഗര്‍ഭാശയങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. അവനല്ലാതെ ആരാധനക്കർഹനായി ആരുമില്ല. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ.
(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.
(അവര്‍ പ്രാര്‍ത്ഥിക്കും:) 'ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.'
ഞങ്ങളുടെ നാഥാ, തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല.'
സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍.
ഫിര്‍ഔന്‍റെ ആള്‍ക്കാരുടെയും അവരുടെ മുന്‍ഗാമികളുടെയും അവസ്ഥ പോലെത്തന്നെ. അവരൊക്കെ നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
(നബിയേ,) നീ സത്യനിഷേധികളോട് പറയുക: നിങ്ങള്‍ കീഴടക്കപ്പെടുന്നതും നരകത്തിലേക്ക് കൂട്ടത്തോടെ നയിക്കപ്പെടുന്നതുമാണ്. അതെത്ര ചീത്തയായ വിശ്രമസ്ഥലം!
(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്.(1) അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്.
ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്‍റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.
(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്‍റെ പ്രീതിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.
ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരും,
ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (അല്ലാഹുവിന്‍റെ ദാസന്‍മാര്‍.)
താനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍.
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.
ഇനി അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: ഞാന്‍ എന്നെത്തന്നെ പൂര്‍ണ്ണമായി അല്ലാഹുവിന്ന് കീഴ്പെടുത്തിയിരിക്കുന്നു. എന്നെ പിന്‍പറ്റിയവരും (അങ്ങനെ തന്നെ) . വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്) നീ ചോദിക്കുക: നിങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടുവോ? അങ്ങനെ അവര്‍ കീഴ്പെട്ടു കഴിഞ്ഞാല്‍ അവര്‍ നേര്‍വഴിയിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞു കളഞ്ഞാലോ അവര്‍ക്ക് (അല്ലാഹുവിൻ്റെ സന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു (തന്‍റെ) ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.
അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിച്ച് തള്ളുകയും, ഒരു ന്യായവുമില്ലാതെ പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും, നീതി പാലിക്കാന്‍ കല്‍പിക്കുന്ന ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ 'സന്തോഷവാര്‍ത്ത' അറിയിക്കുക.
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിപ്പോയ വിഭാഗമത്രെ അവര്‍. അവര്‍ക്ക് സഹായികളായി ആരും ഉണ്ടായിരിക്കുകയില്ല.
വേദഗ്രന്ഥത്തില്‍ നിന്നും ഒരു പങ്ക് നല്‍കപ്പെട്ട ഒരു വിഭാഗത്തെപ്പറ്റി നീ അറിഞ്ഞില്ലേ? അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുവാനായി അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് അവര്‍ വിളിക്കപ്പെടുന്നു. എന്നിട്ടതാ അവരില്‍ ഒരു കക്ഷി അവഗണിച്ചു കൊണ്ട് പിന്തിരിഞ്ഞു കളയുന്നു.(2)
എണ്ണപ്പെട്ട ഏതാനും ദിവസം മാത്രമേ തങ്ങളെ നരകാഗ്നി സ്പര്‍ശിക്കുകയുള്ളൂ എന്ന് അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്ന കാരണത്താലാണ് അവരങ്ങനെയായത്. അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന വാദങ്ങള്‍ അവരുടെ മതകാര്യത്തില്‍ അവരെ വഞ്ചിതരാക്കിക്കളഞ്ഞു.
എന്നാല്‍ യാതൊരു സംശയത്തിനും ഇടയില്ലാത്ത ഒരു ദിവസത്തിനായി നാമവരെ ഒരുമിച്ചുകൂട്ടിയാല്‍ (അവരുടെ സ്ഥിതി) എങ്ങനെയായിരിക്കും? അന്ന് ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി കൊടുക്കപ്പെടുന്നതാണ്. ഒരു അനീതിയും അവരോട് കാണിക്കപ്പെടുന്നതല്ല.
പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
രാവിനെ നീ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ നീ രാവിലും പ്രവേശിപ്പിക്കുന്നു. ജീവനില്ലാത്തതില്‍ നിന്ന് നീ ജീവിയെ പുറത്ത് വരുത്തുന്നു. ജീവിയില്‍ നിന്ന് ജീവനില്ലാത്തതിനെയും നീ പുറത്തു വരുത്തുന്നു.(3) നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നീ നല്‍കുകയും ചെയ്യുന്നു.
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്.
(നബിയേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
നന്‍മയായും തിന്‍മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്‍റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക) . തന്‍റെയും അതിന്‍റെ (ദുഷ്പ്രവൃത്തിയുടെ) യും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു (തന്‍റെ) ദാസന്‍മാരോട് വളരെ ദയയുള്ളവനാകുന്നു.
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച.
തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു.
ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ് ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു.(4) ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.
അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു.(5) മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമെ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു.
അവിടെ വെച്ച് സകരിയ്യാ തന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ചു: 'എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ' എന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ അദ്ദേഹം 'മിഹ്‌റാബി'ല്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ (എന്ന കുട്ടി) യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു 'വചന'ത്തെ ശരിവെക്കുന്നവനും(6) നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍.
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ദ്ധക്യമെത്തിക്കഴിഞ്ഞു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്‍റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകുന്നേരവും രാവിലെയും അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക.
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
മര്‍യമേ, നിന്‍റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക.
(നബിയേ,) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ പെൻകോലുകളിട്ടുകൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല.
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചന(7)ത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്(8) ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും
തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും.
അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് 'ഉണ്ടാകൂ' എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.
അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും(9) പഠിപ്പിക്കുകയും ചെയ്യും.
ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
എന്‍റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു(10) (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.
എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
(തുടര്‍ന്ന് അവര്‍ പ്രാര്‍ത്ഥിച്ചു:) ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, (നിന്‍റെ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ.
അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.
അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്‍റെ അടുക്കലേക്ക് നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യുന്നതാണ്. പിന്നെ എന്‍റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്.
എന്നാല്‍ അവിശ്വസിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല.
എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു പൂര്‍ണ്ണമായി നല്‍കുന്നതാണ്. അക്രമികളെ അല്ലാഹു ഇഷ്ടപെടുകയില്ല.
നിനക്ക് നാം ഓതികേള്‍പിക്കുന്ന ആ കാര്യങ്ങള്‍ (അല്ലാഹുവിന്‍റെ) ദൃഷ്ടാന്തങ്ങളിലും യുക്തിമത്തായ ഉല്‍ബോധനത്തിലും പെട്ടതാകുന്നു.
അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു.(11)
സത്യം നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ആകയാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്.
ഇനി നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ നിന്നോട് ആരെങ്കിലും തര്‍ക്കിക്കുകയാണെങ്കില്‍ നീ പറയുക: നിങ്ങള്‍ വരൂ. ഞങ്ങളുടെ മക്കളെയും, നിങ്ങളുടെ മക്കളെയും, ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക് വിളിച്ചുകൂട്ടാം. ഞങ്ങളും നിങ്ങളും (കൂടുകയും ചെയ്യാം.) എന്നിട്ട് കള്ളം പറയുന്ന കക്ഷിയുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടായിരിക്കാന്‍ നമുക്ക് ഉള്ളഴിഞ്ഞ് പ്രാര്‍ത്ഥിക്കാം
തീര്‍ച്ചയായും ഇത് യഥാര്‍ത്ഥമായ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരും ഇല്ല തന്നെ. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പ്രതാപവാനും യുക്തിമാനും.
എന്നിട്ടവര്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കുഴപ്പക്കാരെപ്പറ്റി അറിവുള്ളവനാകുന്നു.
(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക്(12) നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.(13)
വേദക്കാരേ, ഇബ്രാഹീമിന്‍റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്? തൗറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?
ഹേ; കൂട്ടരേ, നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തെപ്പറ്റി നിങ്ങള്‍ തര്‍ക്കിച്ചു. ഇനി നിങ്ങള്‍ക്കറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന്ന് തര്‍ക്കിക്കുന്നു? അല്ലാഹു അറിയുന്നു നിങ്ങള്‍ അറിയുന്നില്ല.
ഇബ്രാഹീം യഹൂദനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം (ശിർക്കിൽ നിന്ന് പരിപൂർണമായി അകന്ന) ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്) കീഴ്പെട്ട (മുസ്‌ലിമും) ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല.
തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.
വേദക്കാരില്‍ ഒരു വിഭാഗം, നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ വഴിതെറ്റിക്കുന്നത് അവരെത്തന്നെയാണ്. അവരത് മനസ്സിലാക്കുന്നില്ല.
വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്‍റെ തെളിവുകളില്‍ അവിശ്വസിക്കുന്നത്? നിങ്ങള്‍ തന്നെ (അവയ്ക്ക്) സാക്ഷ്യം വഹിക്കുന്നവരാണല്ലോ.
വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്?
വേദക്കാരില്‍ ഒരു വിഭാഗം (സ്വന്തം അനുയായികളോട്) പറഞ്ഞു: ഈ വിശ്വാസികള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ പകലിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലിന്‍റെ അവസാനത്തില്‍ നിങ്ങളത് അവിശ്വസിക്കുകയും ചെയ്യുക. (അത് കണ്ട്) അവര്‍ (വിശ്വാസികള്‍) പിന്‍മാറിയേക്കാം.(14)
നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിച്ചു പോകരുത്- (നബിയേ,) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ-(വേദക്കാരായ) നിങ്ങള്‍ക്ക് നല്‍കപ്പെട്ടതു പോലുള്ളത് (വേദഗ്രന്ഥം) മറ്റാര്‍ക്കെങ്കിലും നല്‍കപ്പെടുമെന്നോ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ (നിങ്ങള്‍ വിശ്വസിക്കരുത് എന്നും ആ വേദക്കാര്‍ പറഞ്ഞു) . (നബിയേ,) പറയുക: തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്‍റെ കയ്യിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.
അവന്‍ ഉദ്ദേശിക്കുന്നവരോട് അവന്‍ പ്രത്യേകം കരുണ കാണിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം ചെയ്യുന്നവനാകുന്നു.
ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് നിനക്ക് തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്. അവരില്‍ തന്നെ മറ്റൊരു തരക്കാരുമുണ്ട്. അവരെ ഒരു ദീനാര്‍ നീ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചു കൊണ്ട്) നിന്നെങ്കിലല്ലാതെ അവരത് നിനക്ക് തിരിച്ചുതരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ(16) കാര്യത്തില്‍ (അവരെ വഞ്ചിക്കുന്നതില്‍) ഞങ്ങള്‍ക്ക് കുറ്റമുണ്ടാകാന്‍ വഴിയില്ലെന്ന് അവര്‍ പറഞ്ഞതിനാലത്രെ അത്. അവര്‍ അല്ലാഹുവിന്‍റെ പേരില്‍ അറിഞ്ഞ് കൊണ്ട് കള്ളം പറയുകയാകുന്നു.
അല്ല, വല്ലവനും തന്‍റെ കരാര്‍ നിറവേറ്റുകയും ധര്‍മ്മനിഷ്ഠപാലിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ധര്‍മ്മനിഷ്ഠപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്
വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയാണ്.
അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും (അല്ലാഹുവിൻ്റെ) നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്.)
മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിന് ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്?)
അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടര്‍ന്ന്) അവന്‍ (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്.
അതിന് ശേഷവും(16) ആരെങ്കിലും പിന്തിരിയുകയാണെങ്കില്‍ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.
അപ്പോള്‍ അല്ലാഹുവിന്‍റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും.
(നബിയേ,) പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതി (ഖുര്‍ആന്‍) ലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ട(അല്ലാഹുവിൻ്റെ സന്ദേശം)തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്പെട്ടവരാകുന്നു.
ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.
വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? അവരാകട്ടെ (അല്ലാഹുവിൻ്റെ) ദൂതന്‍ സത്യവാനാണെന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയിട്ടുമുണ്ട്. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല.
അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും എല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ അവര്‍ക്കുള്ള പ്രതിഫലം.
അവര്‍ അതില്‍ (ശാപഫലമായ ശിക്ഷയില്‍) സ്ഥിരവാസികളായിരിക്കുന്നതാണ്. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുന്നതല്ല. അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല.
അതിന് (അവിശ്വാസത്തിനു) ശേഷം പശ്ചാത്തപിക്കുകയും, ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും അത്യധികം കരുണ കാണിക്കുന്നവനുമാകുന്നു.
വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്‍റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവര്‍.
അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല.
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.
എല്ലാ ആഹാരപദാര്‍ത്ഥവും ഇസ്രായീല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു. തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്രായീല്‍ (യഅ്ഖൂബ് നബി) തന്‍റെ കാര്യത്തില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ തൗറാത്ത് കൊണ്ടുവന്നു അതൊന്ന് വായിച്ചുകേള്‍പിക്കുക.(17)
എന്നിട്ട് അതിനു ശേഷവും അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരാരോ അവര്‍ തന്നെയാകുന്നു അക്രമികള്‍.
(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ശുദ്ധമനസ്കനായ ഇബ്രാഹീമിന്‍റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല.
തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍(18) ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.)
അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു.
(നബിയേ,) പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്‍റെ വചനങ്ങളെ നിഷേധിക്കുന്നത്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാകുന്നു.
(നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്- അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു കൊണ്ട്-നിങ്ങളെന്തിന് വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു? (ആ മാര്‍ഗം ശരിയാണെന്നതിന്) നിങ്ങള്‍ തന്നെ സാക്ഷികളാണല്ലോ. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും.
നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ വചനങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടുകൊണ്ടിരിക്കെ, നിങ്ങള്‍ക്കിടയില്‍ അവന്‍റെ ദൂതനുണ്ടായിരിക്കെ നിങ്ങളെങ്ങനെ അവിശ്വാസികളാകും? ആര്‍ അല്ലാഹുവെ മുറുകെപിടിക്കുന്നുവോ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.
നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ(19) വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.
നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍.
വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്.
ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്‍റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക.
എന്നാല്‍ മുഖങ്ങള്‍ വെളുത്തു തെളിഞ്ഞവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കുന്നതാണ്.
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളത്രെ അവ. സത്യപ്രകാരം നാം അവ നിനക്ക് ഓതികേള്‍പിച്ചു തരുന്നു. ലോകരോട് ഒരു അനീതിയും കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.
അല്ലാഹുവിന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങള്‍ മടക്കപ്പെടുന്നത്.
മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
ചില്ലറ ശല്യമല്ലാതെ നിങ്ങള്‍ക്ക് ഒരു ഉപദ്രവവും വരുത്താന്‍ അവര്‍ക്കാവില്ല. ഇനി അവര്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞോടുന്നതാണ്. പിന്നീടവര്‍ക്ക് സഹായം ലഭിക്കുകയുമില്ല.
നിന്ദ്യത അവരില്‍ അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നു; അവര്‍ എവിടെ കാണപ്പെട്ടാലും. അല്ലാഹുവില്‍ നിന്നുള്ള പിടികയറോ, ജനങ്ങളില്‍ നിന്നുള്ള പിടികയറോ മുഖേനയല്ലാതെ (അവര്‍ക്ക് അതില്‍ നിന്ന് മോചനമില്ല.) അവര്‍ അല്ലാഹുവിന്‍റെ കോപത്തിന് പാത്രമാകുകയും, അവരുടെ മേല്‍ അധമത്വം അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയും, അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിന്‍റെ ഫലമത്രെ അത്. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്.
അവരെല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്. രാത്രി സമയങ്ങളില്‍ സുജൂദില്‍ (അഥവാ നമസ്കാരത്തില്‍) ഏര്‍പെട്ടുകൊണ്ട് അവര്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു.
അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സദാചാരം കല്‍പിക്കുകയും. ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു.
അവര്‍ ഏതൊരു നല്ല കാര്യം ചെയ്താലും അതിന്‍റെ പ്രതിഫലം അവര്‍ക്ക് നിഷേധിക്കപ്പെടുന്നതല്ല. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിവുള്ളവനാകുന്നു.
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷനേടിക്കൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്‍റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് കളഞ്ഞ ഒരു ശീതക്കാറ്റിനോടാകുന്നു.(20) അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് പുറമെയുള്ളവരില്‍ നിന്ന് നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്. നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണ് അവര്‍ക്ക് ഇഷ്ടം. വിദ്വേഷം അവരുടെ വായില്‍ നിന്ന് വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍.
നോക്കൂ; (നിങ്ങളുടെ സ്ഥിതി.) നിങ്ങളവരെ സ്നേഹിക്കുന്നു. അവര്‍ നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു.(21) നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. എന്നാല്‍ അവര്‍ തനിച്ചാകുമ്പോള്‍ നിങ്ങളോടുള്ള അരിശം കൊണ്ട് അവര്‍ വിരലുകള്‍ കടിക്കുകയും ചെയ്യും. (നബിയേ,) പറയുക: നിങ്ങളുടെ അരിശം കൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളൂ. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു.
നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.
(നബിയേ,) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൗകര്യപ്പെടുത്തിക്കൊടുക്കുവാനായി നീ സ്വന്തം കുടുംബത്തില്‍ നിന്ന് കാലത്തു പുറപ്പെട്ടുപോയ സന്ദര്‍ഭം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
നിങ്ങളില്‍ പെട്ട രണ്ട് വിഭാഗങ്ങള്‍ ഭീരുത്വം കാണിക്കാന്‍ ഭാവിച്ച സന്ദര്‍ഭം (ശ്രദ്ധേയമാണ്.) എന്നാല്‍ അല്ലാഹുവാകുന്നു ആ രണ്ടു വിഭാഗത്തിന്‍റെയും രക്ഷാധികാരി. അല്ലാഹുവിന്‍റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്.(22)
നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.
(നബിയേ,) നിങ്ങളുടെ രക്ഷിതാവ് മുവ്വായിരം മലക്കുകളെ ഇറക്കികൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.)
(പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്.(23)
നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും, നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു ആ പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നുമാത്രമാകുന്നു.
സത്യനിഷേധികളില്‍ നിന്ന് ഒരു ഭാഗത്തെ ഉന്‍മൂലനം ചെയ്യുകയോ, അല്ലെങ്കില്‍ അവരെ കീഴൊതുക്കിയിട്ട് അവര്‍ നിരാശരായി പിന്തിരിഞ്ഞോടുകയോ ചെയ്യാന്‍ വേണ്ടിയത്രെ അത്.
(നബിയേ,) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല.(24) അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം.
സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം.
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.
(അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.
അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു!
നിങ്ങള്‍ക്ക് മുമ്പ് (അല്ലാഹുവിൻ്റെ) പല നടപടികളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിന്‍.
ഇത് മനുഷ്യര്‍ക്കായുള്ള ഒരു വിളംബരവും, ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും, സാരോപദേശവുമാകുന്നു.
നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍.
നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.
അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയും, സത്യനിഷേധികളെ ക്ഷയിപ്പിക്കുവാന്‍ വേണ്ടിയും കൂടിയാണത്.
അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ?
നിങ്ങള്‍ മരണത്തെ നേരില്‍ കാണുന്നതിന് മുമ്പ് നിങ്ങളതിന് കൊതിക്കുന്നവരായിരുന്നു. ഇപ്പോളിതാ നിങ്ങള്‍ നോക്കിനില്‍ക്കെത്തന്നെ അത് നിങ്ങള്‍ കണ്ടു കഴിഞ്ഞു.
മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്.
അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്. ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്ന് ഇവിടെ നിന്ന് നാം നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്ന് നാം അവിടെ നിന്ന് നല്‍കും. നന്ദികാണിക്കുന്നവര്‍ക്ക് നാം തക്കതായ പ്രതിഫലം നല്‍കുന്നതാണ്.
എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം (അല്ലാഹുവിൻ്റെ) അനേകം ദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.
അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
തന്‍മൂലം ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ വിശിഷ്ടമായ പ്രതിഫലവും അല്ലാഹു അവര്‍ക്ക് നല്‍കി. അല്ലാഹു സല്‍കര്‍മ്മകാരികളെ സ്നേഹിക്കുന്നു.
സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ച് പോയാല്‍ അവര്‍ നിങ്ങളെ പുറകോട്ട് തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരായി മാറിപ്പോകും.
അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി. അവനാകുന്നു സഹായികളില്‍ ഉത്തമന്‍.
സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട് അവര്‍ പങ്കുചേര്‍ത്തതിന്‍റെ ഫലമാണത്. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം!
അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്.) നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു.
ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) റസൂല്‍ പിന്നില്‍ നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്‍റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്‍റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു.(25) ആ മയക്കം നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു. വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥരായിരുന്നു. അല്ലാഹുവെപ്പറ്റി അവര്‍ ധരിച്ചിരുന്നത് സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയായിരുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടോ? (നബിയേ,) പറയുക: കാര്യമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. നിന്നോടവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റൊന്ന് മനസ്സുകളില്‍ അവര്‍ ഒളിച്ചു വെക്കുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല. (നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു.
രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച് വഴിതെറ്റിക്കുകയാണുണ്ടായത്. അല്ലാഹു അവര്‍ക്ക് മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ (ചില) സത്യനിഷേധികളെപ്പോലെയാകരുത്. തങ്ങളുടെ സഹോദരങ്ങള്‍ യാത്രപോകുകയോ, യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട് മരണമടയുകയാണെങ്കില്‍ അവര്‍ പറയും: ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത് അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ.
നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പാപമോചനവും കാരുണ്യവുമാണ് അവര്‍ ശേഖരിച്ച് വെക്കുന്നതിനെക്കാളെല്ലാം ഗുണകരമായിട്ടുള്ളത്.
നിങ്ങള്‍ മരണപ്പെടുകയാണെങ്കിലും കൊല്ലപ്പെടുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹുവിങ്കലേക്ക് തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്.
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.
നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.
ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത് ഉണ്ടാകാവുന്നതല്ല.(26) വല്ലവനും വഞ്ചിച്ചെടുത്താല്‍ താന്‍ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ വരുന്നതാണ്. അനന്തരം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടും. അവരോട് ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല.
അല്ലാഹുവിന്‍റെ പ്രീതിയെ പിന്തുടര്‍ന്ന ഒരുവന്‍ അല്ലാഹുവിന്‍റെ കോപത്തിന് പാത്രമായ വാസസ്ഥലം നരകമായവനെപ്പോലെയാണോ? അത് എത്ര ചീത്ത സങ്കേതം.
അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ പല പദവികളിലാകുന്നു. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്.
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.
നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്‍റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു.(27) എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്? (നബിയേ,) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.
وَمَآ أَصَٰبَكُمۡ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِ فَبِإِذۡنِ ٱللَّهِ وَلِيَعۡلَمَ ٱلۡمُؤۡمِنِينَ [١٦٦]
രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്. സത്യവിശ്വാസികളാരെന്ന് അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്.
നിങ്ങള്‍ വരൂ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ' എന്ന് കല്‍പിക്കപ്പെട്ടാല്‍ 'യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു' എന്ന് പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. അന്ന് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.
(യുദ്ധത്തിന് പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന് പോയ) സഹോദരങ്ങളെപ്പറ്റി, 'ഞങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല' എന്ന് പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന് നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു.(28)
അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു.
അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു.)
പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.(29)
അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്‍റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു.
അത് (നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്) പിശാചു മാത്രമാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
സത്യനിഷേധത്തിലേക്ക് ധൃതിപ്പെട്ട് മുന്നേറിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ പോകുന്നില്ല. പരലോകത്തില്‍ അവര്‍ക്ക് ഒരു പങ്കും കൊടുക്കാതിരിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. കനത്ത ശിക്ഷയാണ് അവര്‍ക്കുള്ളത്.
തീര്‍ച്ചയായും സത്യവിശ്വാസം വിറ്റു സത്യനിഷേധം വാങ്ങിയവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ പോകുന്നില്ല. വേദനയേറിയ ശിക്ഷയാണവര്‍ക്കുള്ളത്.
സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടികൊടുക്കുന്നത് അവര്‍ക്ക് ഗുണകരമാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചു പോകരുത്. അവരുടെ പാപം കൂടിക്കൊണ്ടിരിക്കാന്‍ വേണ്ടി മാത്രമാണ് നാമവര്‍ക്ക് സമയം നീട്ടികൊടുക്കുന്നത്. അപമാനകരമായ ശിക്ഷയാണ് അവര്‍ക്കുള്ളത്.
നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല. അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല. എന്നാല്‍ അല്ലാഹു അവന്‍റെ ദൂതന്‍മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ (അദൃശ്യജ്ഞാനം അറിയിച്ചുകൊടുക്കുവാനായി) തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുവിന്‍. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കു മഹത്തായ പ്രതിഫലമുണ്ട്.
അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക്(30) അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്. അവര്‍ ആ പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്. കത്തിയെരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന് നാം (അവരോട്) പറയുകയും ചെയ്യും.
നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചതുകൊണ്ടും അല്ലാഹു അടിമകളോട് അനീതി കാണിക്കുന്നവനല്ല എന്നതുകൊണ്ടുമാണ് അത്.
ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ (ആകാശത്തു നിന്നു വരുന്ന) തീ തിന്നുകളയുന്നത് (ഞങ്ങള്‍ക്ക് കാണിച്ചുതരുന്നത്) വരെ ഒരു റസൂലിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന് അല്ലാഹു ഞങ്ങളോട് കരാറു വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞവരത്രെ അവര്‍. (നബിയേ,) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത് സഹിതവും എനിക്ക് മുമ്പ് പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്. എന്നിട്ട് നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന് അവരെ കൊന്നുകളഞ്ഞു?
അപ്പോള്‍ നിന്നെ അവര്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ നിനക്ക് മുമ്പ് വ്യക്തമായ തെളിവുകളും ഏടുകളും വെളിച്ചം നല്‍കുന്ന വേദഗ്രന്ഥവുമായി വന്ന ദൂതന്‍മാരും നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.
വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ.
തങ്ങള്‍ ചെയ്തതില്‍ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്‍റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍ നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് നീ വിചാരിക്കരുത്. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും
ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ 'നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍' എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.
അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു.(31) ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്‍റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്.
സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്.
തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്. പിന്നീട് അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം!
എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമം.
തീര്‍ച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും, നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ വിശ്വസിക്കും. (അവര്‍) അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്‍റെ വചനങ്ങള്‍ വിറ്റ് അവര്‍ തുച്ഛമായ വില വാങ്ങുകയില്ല. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ അവരുടെ പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം