The Noble Qur'an Encyclopedia
Towards providing reliable exegeses and translations of the meanings of the Noble Qur'an in the world languagesThe winnowing winds [Adh-Dhariyat] - Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad
Surah The winnowing winds [Adh-Dhariyat] Ayah 60 Location Maccah Number 51
ശക്തിയായി (പൊടി) വിതറിക്കൊണ്ടിരിക്കുന്നവ (കാറ്റുകള്‍) തന്നെയാണ, സത്യം.
(ജല) ഭാരം വഹിക്കുന്ന (മേഘങ്ങള്‍) തന്നെയാണ, സത്യം.
നിഷ്പ്രയാസം സഞ്ചരിക്കുന്നവ (കപ്പലുകള്‍) തന്നെയാണ, സത്യം!
കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ (മലക്കുകള്‍) തന്നെയാണ, സത്യം.
തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത് നല്‍കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത് തന്നെയാകുന്നു.
തീര്‍ച്ചയായും ന്യായവിധി സംഭവിക്കുന്നതു തന്നെയാകുന്നു.
വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ,സത്യം.
തീര്‍ച്ചയായും നിങ്ങള്‍ വിഭിന്നമായ അഭിപ്രായത്തിലാകുന്നു.
(സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെട്ടവന്‍ അതില്‍ നിന്ന് (ഖുര്‍ആനില്‍ നിന്ന്) തെറ്റിക്കപ്പെടുന്നു.
ഊഹാപോഹക്കാര്‍ ശപിക്കപ്പെടട്ടെ.
വിവരക്കേടില്‍ മതിമറന്നു കഴിയുന്നവര്‍
ന്യായവിധിയുടെ നാള്‍ എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു.
നരകാഗ്നിയില്‍ അവര്‍ (വെന്തുരുകി) ശിക്ഷിക്കപ്പെടുന്ന ദിവസമത്രെ അത്.
(അവരോട് പറയപ്പെടും:) നിങ്ങള്‍ക്കുള്ള ശിക്ഷ നിങ്ങള്‍ അനുഭവിച്ചു കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്.
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.
അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സദ്‌വൃത്തരായിരുന്നു.
രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.(1)
രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.
അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.(2)
ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്.) എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ?
ആകാശത്ത് നിങ്ങള്‍ക്കുള്ള ഉപജീവനവും, നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്.(3)
എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത് സത്യമാകുന്നു(4)
ഇബ്റാഹീമിന്റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ?
അവര്‍ അദ്ദേഹത്തിന്‍റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ.
അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു.
എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?
അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്‍റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്‍റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്?)
അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍.
അദ്ദേഹം ചോദിച്ചു: ഹേ; ദൂതന്‍മാരേ, അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്?
അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു.(5)
കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേണ്ടി.
അതിക്രമകാരികള്‍ക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അടയാളപ്പെടുത്തിയ (കല്ലുകള്‍).
അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്തു കൊണ്ടു വന്നു (രക്ഷപെടുത്തി.)
എന്നാല്‍ മുസ്‌ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല.
വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു.
മൂസായുടെ ചരിത്രത്തിലുമുണ്ട് (ദൃഷ്ടാന്തങ്ങള്‍.) വ്യക്തമായ ആധികാരിക പ്രമാണവുമായി ഫിര്‍ഔന്‍റെ അടുത്തേക്ക് നാം അദ്ദേഹത്തെ നിയോഗിച്ച സന്ദര്‍ഭം.
അപ്പോള്‍ അവന്‍ തന്‍റെ ശക്തിയില്‍ അഹങ്കരിച്ച് പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്. (മൂസാ) ഒരു ജാലവിദ്യക്കാരനോ അല്ലെങ്കില്‍ ഭ്രാന്തനോ എന്ന് അവന്‍ പറയുകയും ചെയ്തു.
അതിനാല്‍ അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടികൂടുകയും, എന്നിട്ട് അവരെ നാം കടലിൽ എറിയുകയും ചെയ്തു. അവന്‍ തന്നെയായിരുന്നു ആക്ഷേപാര്‍ഹന്‍ .
ആദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്.) വന്ധ്യമായ കാറ്റ് നാം അവരുടെ നേരെ അയച്ച സന്ദര്‍ഭം!
ആ കാറ്റ് ഏതൊരു വസ്തുവിന്മേല്‍ ചെന്നെത്തിയോ, അതിനെ ദ്രവിച്ച തുരുമ്പു പോലെ ആക്കാതെ അത് വിടുമായിരുന്നില്ല.
ഥമൂദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്.) ഒരു സമയം വരെ നിങ്ങള്‍ സുഖം അനുഭവിച്ച് കൊള്ളുക എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭം!
എന്നിട്ട് അവര്‍ തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനക്കെതിരായി ധിക്കാരം കൈക്കൊണ്ടു. അതിനാല്‍ അവര്‍ നോക്കിക്കൊണ്ടിരിക്കെ ആ ഘോരനാദം അവരെ പിടികൂടി.
അപ്പോള്‍ അവര്‍ക്ക് എഴുന്നേറ്റു പോകാന്‍ കഴിവുണ്ടായില്ല. അവര്‍ രക്ഷാനടപടികളെടുക്കുന്നവരായതുമില്ല.
അതിനു മുമ്പ് നൂഹിന്‍റെ ജനതയെയും (നാം നശിപ്പിക്കുകയുണ്ടായി.) തീര്‍ച്ചയായും അവര്‍ അധര്‍മ്മകാരികളായ ഒരു ജനതയായിരുന്നു.
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.(6)
ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!
എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുവാന്‍ വേണ്ടി.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.
അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നിങ്ങള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.
അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല.
അതിന് (അങ്ങനെ പറയണമെന്ന്) അവര്‍ അന്യോന്യം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? അല്ല, അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു.
ആകയാല്‍ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. നീ ആക്ഷേപാര്‍ഹനല്ല.
നീ ഉല്‍ബോധിപ്പിക്കുക. തീര്‍ച്ചയായും ഉല്‍ബോധനം സത്യവിശ്വാസികള്‍ക്ക് പ്രയോജനം ചെയ്യും.
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.(7)
തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.
തീര്‍ച്ചയായും (ഇന്ന്) അക്രമം ചെയ്യുന്നവര്‍ക്ക് (പൂര്‍വ്വികരായ) തങ്ങളുടെ കൂട്ടാളികള്‍ക്കു ലഭിച്ച വിഹിതം പോലെയുള്ള വിഹിതം തന്നെയുണ്ട്. അതിനാല്‍ എന്നോട് അവര്‍ ധൃതികൂട്ടാതിരിക്കട്ടെ.
അപ്പോള്‍ തങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നതായ ആ ദിവസം നിമിത്തം (അല്ലാഹുവിനെയും അവന്റെ മതത്തെയും) നിഷേധിച്ചവർക്കു നാശം.