عربيEnglish

The Noble Qur'an Encyclopedia

Towards providing reliable exegeses and translations of the meanings of the Noble Qur'an in the world languages

The Star [An-Najm] - Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad

Surah The Star [An-Najm] Ayah 62 Location Maccah Number 53

നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.

നിങ്ങളുടെ കൂട്ടുകാരന്‍(1) വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.

അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്‍കപ്പെടുന്നത് മാത്രമാകുന്നു.

ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.

കരുത്തുള്ള ഒരു വ്യക്തി.(2) അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.

അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.(3)

പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു.

അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ(4) അതിനെക്കാള്‍ അടുത്തോ ആയിരുന്നു.

അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.

അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല.

എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?

മറ്റൊരു ഇറക്കത്തിലും(5) അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.

അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്‌(6)

അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.

ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍.

(നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.(7)

തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.

ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും.(8)

(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?

എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(9)

നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്മാര്‍ഗം വന്നിട്ടുണ്ട് താനും.

അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്‌?

എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.(10)

ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്‌) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ.

തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.(11)

അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.

ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക.

അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു.

അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും.

അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ(12) സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി ഏറ്റവും കൂടുതല്‍ അറിവുള്ളവന്‍.(13) അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.

എന്നാല്‍ പിന്‍മാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ?

അല്‍പമൊക്കെ അവന്‍ ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു.(14)

അവന്‍റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അതു മുഖേന അവന്‍ കണ്ടറിഞ്ഞ് കൊണ്ടിരിക്കുകയാണോ?

അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?

(കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്‍റെയും (പത്രികകളില്‍)(15)

അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,

മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല(16) എന്നും.

അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.

പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും.

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും.

അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും.

അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും.

ആണ്‍‍, പെണ്‍‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും.

ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്‌

രണ്ടാമത് ജനിപ്പിക്കുക എന്നത് അവന്‍റെ ചുമതലയിലാണെന്നും.

ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവന്‍ തന്നെയാണ് എന്നും.

അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്‌.(17) എന്നുമുള്ള കാര്യങ്ങള്‍.

ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും,

ഥമൂദിനെയും. എന്നിട്ട് (ഒരാളെയും) അവന്‍ അവശേഷിപ്പിച്ചില്ല.

അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു.

കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും,(18) അവന്‍ തകര്‍ത്തു കളഞ്ഞു.

അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു.

അപ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്‌?

ഇദ്ദേഹം (മുഹമ്മദ് നബി) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു.

സമീപസ്ഥമായ ആ സംഭവം(19) ആസന്നമായിരിക്കുന്നു.

അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല.(20)

അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും,

നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും,

നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് സുജൂദ് ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍.