عربيEnglish

The Noble Qur'an Encyclopedia

Towards providing reliable exegeses and translations of the meanings of the Noble Qur'an in the world languages

Divorce [At-Talaq] - Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad

Surah Divorce [At-Talaq] Ayah 12 Location Madanah Number 65

നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക.(1) നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌.(2) പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന് നിനക്ക് അറിയില്ല.(3)

അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ചു നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക.(4) അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്‌. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും,

അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌.

നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ(5) സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃയുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌.

അത് അല്ലാഹുവിന്‍റെ കല്‍പനയാകുന്നു. അവനത് നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്‍റെ തിന്‍മകളെ അവന്‍ മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്‌.

നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്‌. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത് വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്‌) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ.

കഴിവുള്ളവന്‍ തന്‍റെ കഴിവില്‍ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്‍റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന് അവന്‍ ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാള്‍ക്ക് കൊടുത്തതല്ലാതെ (നല്‍കാന്‍) നിര്‍ബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിനു ശേഷം എളുപ്പം ഏര്‍പെടുത്തികൊടുക്കുന്നതാണ്‌.

എത്രയെത്ര രാജ്യക്കാര്‍ അവരുടെ രക്ഷിതാവിന്‍റെയും അവന്‍റെ ദൂതന്‍മാരുടെയും കല്‍പന വിട്ട് ധിക്കാരം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതിനാല്‍ നാം അവരോട് കര്‍ക്കശമായ നിലയില്‍ കണക്കു ചോദിക്കുകയും അവരെ നാം ഹീനമായ വിധത്തില്‍ ശിക്ഷിക്കുകയും ചെയ്തു.

അങ്ങനെ അവര്‍ അവരുടെ നിലപാടിന്‍റെ ദുഷ്ഫലം ആസ്വദിച്ചു. അവരുടെ നിലപാടിന്‍റെ പര്യവസാനം നഷ്ടം തന്നെയായിരുന്നു.

അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. അതിനാല്‍ സത്യവിശ്വാസികളായ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്ക് ഒരു ഉല്‍ബോധനം അവതരിപ്പിച്ചിരിക്കുന്നു.

അഥവാ അല്ലാഹുവിന്‍റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ചു തരുന്ന ഒരു ദൂതനെ (നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു;) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാന്‍ വേണ്ടി. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവൻ (അല്ലാഹു) താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്‌. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന് അല്ലാഹു ഉപജീവനം ഉത്തമമാക്കിയിരിക്കുന്നു.

അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍.(6) അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും അല്ലാഹു ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.