The Noble Qur'an Encyclopedia
Towards providing reliable exegeses and translations of the meanings of the Noble Qur'an in the world languagesThe Pen [Al-Qalam] - Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad
Surah The Pen [Al-Qalam] Ayah 52 Location Maccah Number 68
നൂന്‍ - പേനയും അവര്‍ എഴുതുന്നതും തന്നെയാണ സത്യം.
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല.
തീര്‍ച്ചയായും നിനക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്.
തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.
ആകയാല്‍ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും;
നിങ്ങളില്‍ ആരാണ് കുഴപ്പത്തിലകപ്പെട്ടവനെന്ന്.(1)
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അവന്‍റെ മാര്‍ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു.
അതിനാല്‍ സത്യനിഷേധികളെ നീ അനുസരിക്കരുത്.
നീ വഴങ്ങികൊടുത്തിരുന്നെങ്കില്‍ അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു.(2)
അധികമായി സത്യം ചെയ്യുന്നവനും,(3) നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്.
കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായവനെ.
നന്മക്ക് തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായവനെ.
ക്രൂരനും അതിനു പുറമെ ദുഷ്കീര്‍ത്തി നേടിയവനുമായവനെ. (അങ്ങനെയുള്ളവനെയൊന്നും നീ അനുസരിച്ചുപോകരുത്.)
അവന്‍ സ്വത്തും സന്താനങ്ങളും ഉള്ളവനായി എന്നതിനാല്‍ (അവന്‍ അത്തരം നിലപാട് സ്വീകരിച്ചു.)
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍ എന്ന്.
വഴിയെ (അവന്‍റെ) തുമ്പിക്കൈ മേല്‍ നാം അവന്ന് അടയാളം വെക്കുന്നതാണ്.(4)
ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന് അവര്‍ സത്യം ചെയ്ത സന്ദര്‍ഭം.
അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല.(5)
എന്നിട്ട് അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു.
അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടത് പോലെ ആയിത്തീര്‍ന്നു.
അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു:
നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക് നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക.
അവര്‍ അന്യോന്യം മന്ത്രിച്ചു കൊണ്ടു പോയി.
ഇന്ന് ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത് ഒരു സാധുവും കടന്നു വരാന്‍ ഇടയാവരുത് എന്ന്.
അവര്‍ (സാധുക്കളെ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത് പുറപ്പെടുകയും ചെയ്തു.
അങ്ങനെ അത് (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവു പറ്റിയവരാകുന്നു.
അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു.
അവരുടെ കൂട്ടത്തില്‍ മദ്ധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ? എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്?
അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ് എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു.
അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക് തിരിഞ്ഞു.
അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു.
നമ്മുടെ രക്ഷിതാവ് അതിനെക്കാള്‍ ഉത്തമമായത് നമുക്ക് പകരം തന്നേക്കാം. തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു.
അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. അവര്‍ അറിഞ്ഞിരുന്നെങ്കില്‍!
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അനുഗ്രഹങ്ങളുടെ സ്വര്‍ഗത്തോപ്പുകളുണ്ട്.
അപ്പോള്‍ മുസ്‌ലിംകളെ നാം കുറ്റവാളികളെപോലെ ആക്കുമോ?
നിങ്ങള്‍ക്കെന്തു പറ്റി? നിങ്ങള്‍ എങ്ങനെയാണ് വിധികല്‍പിക്കുന്നത്?
അതല്ല, നിങ്ങള്‍ക്കു വല്ല ഗ്രന്ഥവും കിട്ടിയിട്ട് നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ?
നിങ്ങള്‍ (യഥേഷ്ടം) തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അതില്‍ (ആ ഗ്രന്ഥത്തില്‍) വന്നിട്ടുണ്ടോ?
അതല്ല, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ എത്തുന്ന - നിങ്ങള്‍ വിധിക്കുന്നതെല്ലാം നിങ്ങള്‍ക്കായിരിക്കുമെന്നതിനുള്ള- വല്ല കരാറുകളും നിങ്ങളോട് നാം ബാധ്യതയേറ്റതായി ഉണ്ടോ?
അവരില്‍ ആരാണ് ആ കാര്യത്തിന് ഉത്തരവാദിത്തം ഏല്‍ക്കാനുള്ളത് എന്ന് അവരോട് ചോദിച്ചു നോക്കുക.
അതല്ല, അവര്‍ക്ക് വല്ല പങ്കുകാരുമുണ്ടോ? എങ്കില്‍ അവരുടെ ആ പങ്കുകാരെ അവര്‍ കൊണ്ടുവരട്ടെ. അവര്‍ സത്യവാന്‍മാരാണെങ്കില്‍.
കണങ്കാല്‍ വെളിവാക്കപ്പെടുന്ന(6) (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ് ചെയ്യാന്‍ (അന്ന്) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല.
അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവര്‍ സുരക്ഷിതരായിരുന്ന സമയത്ത് സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു.(7)
ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരെയും കൂടി വിട്ടേക്കുക.(8) അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം.
ഞാന്‍ അവര്‍ക്ക് നീട്ടിയിട്ട് കൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം ശക്തമാകുന്നു.
അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യതയാല്‍ ഞെരുങ്ങിയിരിക്കുകയാണോ?
അതല്ല, അവരുടെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അവര്‍ എഴുതി എടുത്തു കൊണ്ടിരിക്കുകയാണോ?(9)
അതുകൊണ്ട് നിന്‍റെ രക്ഷിതാവിന്‍റെ വിധി കാത്ത് നീ ക്ഷമിച്ചു കൊള്ളുക. നീ മത്സ്യത്തിന്‍റെ ആളെപ്പോലെ (യൂനുസ് നബിയെപ്പോലെ) ആകരുത്. അദ്ദേഹം ദുഃഖനിമഗ്നായിക്കൊണ്ട് വിളിച്ചു പ്രാര്‍ത്ഥിച്ച സന്ദര്‍ഭം.
അദ്ദേഹത്തിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായിക്കൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു.
അപ്പോള്‍ അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു.
സത്യനിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ കൊണ്ട് നോക്കിയിട്ട് നീ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും.(10) തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ് എന്നവര്‍ പറയും.
ഇത് ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.