The Noble Qur'an Encyclopedia
Towards providing reliable exegeses and translations of the meanings of the Noble Qur'an in the world languagesThe cloaked one [Al-Muddathir] - Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad
Surah The cloaked one [Al-Muddathir] Ayah 56 Location Maccah Number 74
ഹേ, പുതച്ചു മൂടിയവനേ,(1)
എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.
നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക.
നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക.
പാപം വെടിയുകയും ചെയ്യുക.
കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്.(2)
നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.
എന്നാല്‍ കാഹളത്തില്‍ മുഴക്ക(ഊത)പ്പെട്ടാല്‍
അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.
സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!
എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.(3)
അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും (കൊടുത്തു).
അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.
പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.
അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.
പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്.
തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.
അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്?
വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്?
പിന്നീട് അവനൊന്നു നോക്കി.
പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.
പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.
എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.
ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.(4)
വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്.
സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.
അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്.
അതിന്‍റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്.
നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു.(5) വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും(6) സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും 'അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെ'ന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്.(7) അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.
രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.
പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.
തീര്‍ച്ചയായും അത് (നരകം) ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.
മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍.
അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ, പിന്നോട്ട് പോകുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്.(8)
ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു.(9)
വലതുപക്ഷക്കാരൊഴികെ.(10)
ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;
കുറ്റവാളികളെപ്പറ്റി.
നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്.
അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.
ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല.
തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.
പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.
അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.
ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.
എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.
അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.
സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍).
അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്.(11)
അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.
അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു.
ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ.
അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനം (നൽകാൻ) അവകാശപ്പെട്ടവനും.