The Noble Qur'an Encyclopedia
Towards providing reliable exegeses and translations of the meanings of the Noble Qur'an in the world languagesThe emissaries [Al-Mursalat] - Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad
Surah The emissaries [Al-Mursalat] Ayah 50 Location Maccah Number 77
തുടരെത്തുടരെ അയക്കപ്പെടുന്നവ തന്നെ സത്യം.
ശക്തിയായി ആഞ്ഞടിക്കുന്നവ തന്നെ സത്യം.
പരക്കെ വ്യാപിപ്പിക്കുന്നവയും തന്നെ സത്യം.
വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവ (തന്നെ സത്യം).
(അല്ലാഹുവിന്റെ) സന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവ (തന്നെ സത്യം;)(1)
ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ (സന്ദേശം ഇട്ടുകൊടുക്കുന്നവ).
തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
ആകാശം പിളര്‍ത്തപ്പെടുകയും,
പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!(2)
ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?
തീരുമാനത്തിന്‍റെ ദിവസത്തേക്ക്!
ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്.
അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.
നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
നിശ്ചിതമായ ഒരു അവധി വരെ.
അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!(3)
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?
മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
(ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക.
മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക്(4) നിങ്ങള്‍ പോയിക്കൊള്ളുക.
അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല.
തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്.
അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
(അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.
അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.
(അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ളാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
(അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
അവരോട് 'റുകൂഅ് ചെയ്യുക' (കുമ്പിടുക) എന്ന് പറയപ്പെട്ടാല്‍ അവര്‍ റുകൂഅ് ചെയ്യുകയില്ല.(5)
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ഇനി ഇതിന് (ഖുര്‍ആന്ന്) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?