Main pages

Surah The Coalition [Al-Ahzab] in Malayalam

Surah The Coalition [Al-Ahzab] Ayah 73 Location Maccah Number 33

يَٰٓأَيُّهَا ٱلنَّبِىُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلْكَٰفِرِينَ وَٱلْمُنَٰفِقِينَ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًۭا ﴿١﴾

(നബിയേ,) നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

കാരകുന്ന് & എളയാവൂര്

നബിയേ, ദൈവഭക്തനാവുക. സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും വഴിപ്പെടാതിരിക്കുക. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.

وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ مِن رَّبِّكَ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًۭا ﴿٢﴾

നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു.

കാരകുന്ന് & എളയാവൂര്

നിനക്ക് നിന്റെ നാഥനില്‍ നിന്ന് ബോധനമായി കിട്ടുന്ന സന്ദേശം പിന്‍പറ്റുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു.

وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًۭا ﴿٣﴾

അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

കാരകുന്ന് & എളയാവൂര്

അല്ലാഹുവില്‍ ഭരമേല്‍പിക്കുക. കൈകാര്യ കര്‍ത്താവായി അല്ലാഹു തന്നെ മതി.

مَّا جَعَلَ ٱللَّهُ لِرَجُلٍۢ مِّن قَلْبَيْنِ فِى جَوْفِهِۦ ۚ وَمَا جَعَلَ أَزْوَٰجَكُمُ ٱلَّٰٓـِٔى تُظَٰهِرُونَ مِنْهُنَّ أُمَّهَٰتِكُمْ ۚ وَمَا جَعَلَ أَدْعِيَآءَكُمْ أَبْنَآءَكُمْ ۚ ذَٰلِكُمْ قَوْلُكُم بِأَفْوَٰهِكُمْ ۖ وَٱللَّهُ يَقُولُ ٱلْحَقَّ وَهُوَ يَهْدِى ٱلسَّبِيلَ ﴿٤﴾

യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹു ഒരു മനുഷ്യന്റെയും ഉള്ളില്‍ രണ്ട് ഹൃദയങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ “ളിഹാര്‍” ചെയ്യുന്ന ഭാര്യമാരെ നിങ്ങളുടെ മാതാക്കളാക്കിയിട്ടില്ല. നിങ്ങളിലേക്കുചേര്‍ത്തുവിളിക്കുന്നവരെ നിങ്ങളുടെ പുത്രന്മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായകൊണ്ടുള്ള വെറും വാക്കുകളാണ്. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുന്നു.

ٱدْعُوهُمْ لِءَابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ ۚ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌۭ فِيمَآ أَخْطَأْتُم بِهِۦ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًا ﴿٥﴾

നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ ദത്തുപുത്രന്മാരെ അവരുടെ പിതാക്കളിലേക്കു ചേര്‍ത്തുവിളിക്കുക. അതാണ് അല്ലാഹുവിന്റെയടുത്ത് ഏറെ നീതിപൂര്‍വകം. അഥവാ, അവരുടെ പിതാക്കളാരെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്‍ശസഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍ നിങ്ങള്‍ക്കു കുറ്റമില്ല. എന്നാല്‍, നിങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നത് കുറ്റം തന്നെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَٰتُهُمْ ۗ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍۢ فِى كِتَٰبِ ٱللَّهِ مِنَ ٱلْمُؤْمِنِينَ وَٱلْمُهَٰجِرِينَ إِلَّآ أَن تَفْعَلُوٓا۟ إِلَىٰٓ أَوْلِيَآئِكُم مَّعْرُوفًۭا ۚ كَانَ ذَٰلِكَ فِى ٱلْكِتَٰبِ مَسْطُورًۭا ﴿٦﴾

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.

കാരകുന്ന് & എളയാവൂര്

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഉറ്റവനാണ്. അദ്ദേഹത്തിന്റെ പത്നിമാര്‍ അവരുടെ മാതാക്കളുമാണ്. അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് രക്തബന്ധുക്കള്‍ പരസ്പരം മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെ ക്കാളും കൂടുതല്‍ അടുപ്പമുള്ളവരാണ്. എന്നാല്‍ നിങ്ങള്‍ സ്വന്തം ആത്മമിത്രങ്ങളോട് വല്ല നന്മയും ചെയ്യുന്നതിന് ഇതു തടസ്സമല്ല. ഈ വിധി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയതാണ്.

وَإِذْ أَخَذْنَا مِنَ ٱلنَّبِيِّۦنَ مِيثَٰقَهُمْ وَمِنكَ وَمِن نُّوحٍۢ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَٰقًا غَلِيظًۭا ﴿٧﴾

പ്രവാചകന്‍മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) നിന്‍റെ പക്കല്‍ നിന്നും നൂഹ്‌, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം.) ഗൌരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്‌.

കാരകുന്ന് & എളയാവൂര്

പ്രവാചകന്മാരില്‍ നിന്നു നാം വാങ്ങിയ കരാറിനെക്കുറിച്ചോര്‍ക്കുക. നിന്നില്‍ നിന്നും നൂഹ്, ഇബ്റാഹീം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും. അവരില്‍ നിന്നെല്ലാം നാം പ്രബലമായ കരാര്‍ വാങ്ങിയിട്ടുണ്ട്.

لِّيَسْـَٔلَ ٱلصَّٰدِقِينَ عَن صِدْقِهِمْ ۚ وَأَعَدَّ لِلْكَٰفِرِينَ عَذَابًا أَلِيمًۭا ﴿٨﴾

അവന് സത്യവാന്‍മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക് അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

സത്യവാദികളോട് അവരുടെ സത്യതയെ സംബന്ധിച്ച് ചോദിക്കാനാണിത്. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌۭ فَأَرْسَلْنَا عَلَيْهِمْ رِيحًۭا وَجُنُودًۭا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا ﴿٩﴾

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.

കാരകുന്ന് & എളയാവൂര്

വിശ്വസിച്ചവരേ; അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: നിങ്ങള്‍ക്കു നേരെ കുറേ പടയാളികള്‍ പാഞ്ഞടുത്തു. അപ്പോള്‍ അവര്‍ക്കെതിരെ നാം കൊടുങ്കാറ്റയച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത സൈന്യത്തെയുമയച്ചു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.

إِذْ جَآءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ ٱلْأَبْصَٰرُ وَبَلَغَتِ ٱلْقُلُوبُ ٱلْحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠ ﴿١٠﴾

നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.

കാരകുന്ന് & എളയാവൂര്

ശത്രുസൈന്യം മുകള്‍ഭാഗത്തുനിന്നും താഴ്ഭാഗത്തുനിന്നും നിങ്ങളുടെ നേരെ വന്നടുത്ത സന്ദര്‍ഭം! ഭയം കാരണം ദൃഷ്ടികള്‍ പതറുകയും ഹൃദയങ്ങള്‍ തൊണ്ടകളിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പലതും കരുതിപ്പോവുകയും ചെയ്ത സന്ദര്‍ഭം.

هُنَالِكَ ٱبْتُلِىَ ٱلْمُؤْمِنُونَ وَزُلْزِلُوا۟ زِلْزَالًۭا شَدِيدًۭا ﴿١١﴾

അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.

കാരകുന്ന് & എളയാവൂര്

അപ്പോള്‍ അവിടെവെച്ച് സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു. കഠിനമായി വിറപ്പിക്കപ്പെടുകയും ചെയ്തു.

وَإِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًۭا ﴿١٢﴾

നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.

കാരകുന്ന് & എളയാവൂര്

\"അല്ലാഹുവും അവന്റെ ദൂതനും നമ്മോടു ചെയ്ത വാഗ്ദാനം വെറും വഞ്ചന മാത്രമാണെ\"ന്ന് കപടവിശ്വാസികളും മനസ്സിന് ദീനം ബാധിച്ചവരും പറഞ്ഞുകൊണ്ടിരുന്നു.

وَإِذْ قَالَت طَّآئِفَةٌۭ مِّنْهُمْ يَٰٓأَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَٱرْجِعُوا۟ ۚ وَيَسْتَـْٔذِنُ فَرِيقٌۭ مِّنْهُمُ ٱلنَّبِىَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌۭ وَمَا هِىَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًۭا ﴿١٣﴾

യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.

കാരകുന്ന് & എളയാവൂര്

അവരിലൊരു വിഭാഗം പറഞ്ഞതോര്‍ക്കുക: \"യഥ്രിബുകാരേ, നിങ്ങള്‍ക്കിനി ഇവിടെ നില്‍ക്കാനാവില്ല. അതിനാല്‍ മടങ്ങിപ്പൊയിക്കോളൂ.\" മറ്റൊരു വിഭാഗം “ഞങ്ങളുടെ വീടുകള്‍ അപകടാവസ്ഥയിലാണെ”ന്ന് പറഞ്ഞ് പ്രവാചകനോടു യുദ്ധരംഗം വിടാന്‍ അനുവാദം തേടുകയായിരുന്നു. യഥാര്‍ഥത്തിലവയ്ക്ക് ഒരപകടാവസ്ഥയുമില്ല. അവര്‍ രംഗം വിട്ടോടാന്‍ വഴികളാരായുകയായിരുന്നുവെന്നുമാത്രം.

وَلَوْ دُخِلَتْ عَلَيْهِم مِّنْ أَقْطَارِهَا ثُمَّ سُئِلُوا۟ ٱلْفِتْنَةَ لَءَاتَوْهَا وَمَا تَلَبَّثُوا۟ بِهَآ إِلَّا يَسِيرًۭا ﴿١٤﴾

അതിന്‍റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ.

കാരകുന്ന് & എളയാവൂര്

മദീനയുടെ നാനാഭാഗങ്ങളിലൂടെ ശത്രുക്കള്‍ കടന്നുചെല്ലുകയും അങ്ങനെ കലാപമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്താല്‍ അവരത് നടപ്പാക്കുമായിരുന്നു. അവരക്കാര്യത്തില്‍ താമസം വരുത്തുകയുമില്ല; നന്നെ കുറച്ചല്ലാതെ.

وَلَقَدْ كَانُوا۟ عَٰهَدُوا۟ ٱللَّهَ مِن قَبْلُ لَا يُوَلُّونَ ٱلْأَدْبَٰرَ ۚ وَكَانَ عَهْدُ ٱللَّهِ مَسْـُٔولًۭا ﴿١٥﴾

തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

കാരകുന്ന് & എളയാവൂര്

തങ്ങള്‍ പിന്തിരിഞ്ഞോടുകയില്ലെന്ന് അവര്‍ നേരത്തെ അല്ലാഹുവോട് കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവോടുള്ള കരാറിനെക്കുറിച്ച് അവരോട് ചോദിക്കുകതന്നെചെയ്യും.

قُل لَّن يَنفَعَكُمُ ٱلْفِرَارُ إِن فَرَرْتُم مِّنَ ٱلْمَوْتِ أَوِ ٱلْقَتْلِ وَإِذًۭا لَّا تُمَتَّعُونَ إِلَّا قَلِيلًۭا ﴿١٦﴾

(നബിയേ,) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അല്‍പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുകയില്ല.

കാരകുന്ന് & എളയാവൂര്

പറയുക: \"നിങ്ങള്‍ മരണത്തെയോ കൊലയെയോ പേടിച്ചോടുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. പിന്നെ ജീവിതമാസ്വദിക്കാന്‍ ഇത്തിരികാലമല്ലാതെ നിങ്ങള്‍ക്ക് കിട്ടുകയില്ല.\"

قُلْ مَن ذَا ٱلَّذِى يَعْصِمُكُم مِّنَ ٱللَّهِ إِنْ أَرَادَ بِكُمْ سُوٓءًا أَوْ أَرَادَ بِكُمْ رَحْمَةًۭ ۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّۭا وَلَا نَصِيرًۭا ﴿١٧﴾

പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.

കാരകുന്ന് & എളയാവൂര്

ചോദിക്കുക: \"അല്ലാഹു നിങ്ങള്‍ക്കു വല്ല ദോഷവും വരുത്താനുദ്ദേശിച്ചാല്‍ അല്ലാഹുവില്‍ നിന്ന് നിങ്ങളെ രക്ഷിക്കാനാരുണ്ട്? അല്ലെങ്കില്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവുമുദ്ദേശിച്ചാല്‍ അത് തടയാനാരുണ്ട്?\" അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവര്‍ക്ക് കണ്ടെത്താനാവില്ല.

۞ قَدْ يَعْلَمُ ٱللَّهُ ٱلْمُعَوِّقِينَ مِنكُمْ وَٱلْقَآئِلِينَ لِإِخْوَٰنِهِمْ هَلُمَّ إِلَيْنَا ۖ وَلَا يَأْتُونَ ٱلْبَأْسَ إِلَّا قَلِيلًا ﴿١٨﴾

നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന് ചെല്ലുകയില്ല.

കാരകുന്ന് & എളയാവൂര്

നിങ്ങളുടെ കൂട്ടത്തില്‍ തടസ്സം സൃഷ്ടിക്കുന്നതാരെന്ന് അല്ലാഹുവിനു നന്നായറിയാം. തങ്ങളുടെ സഹോദരന്മാരോട് “ഞങ്ങളോടൊപ്പം വരൂ” എന്നു പറയുന്നവരെയും. അപൂര്‍വമായല്ലാതെ അവര്‍ യുദ്ധത്തിന് പോവുകയില്ല.

أَشِحَّةً عَلَيْكُمْ ۖ فَإِذَا جَآءَ ٱلْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَٱلَّذِى يُغْشَىٰ عَلَيْهِ مِنَ ٱلْمَوْتِ ۖ فَإِذَا ذَهَبَ ٱلْخَوْفُ سَلَقُوكُم بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلْخَيْرِ ۚ أُو۟لَٰٓئِكَ لَمْ يُؤْمِنُوا۟ فَأَحْبَطَ ٱللَّهُ أَعْمَٰلَهُمْ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًۭا ﴿١٩﴾

നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ (യുദ്ധ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ (യുദ്ധ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.

കാരകുന്ന് & എളയാവൂര്

നിങ്ങളോടൊപ്പം വരുന്നതില്‍ പിശുക്കു കാണിക്കുന്നവരാണവര്‍. ഭയാവസ്ഥ വന്നാല്‍ അവര്‍ നിന്നെ തുറിച്ചുനോക്കുന്നതു നിനക്കു കാണാം. ആസന്ന മരണനായവന്‍ ബോധം കെടുമ്പോഴെന്നപോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ഭയം വിട്ടകന്നാല്‍ സമ്പത്തില്‍ ആര്‍ത്തിപൂണ്ട് മൂര്‍ച്ചയേറിയ നാവുപയോഗിച്ച് അവര്‍ നിങ്ങളെ നേരിടുന്നു. യഥാര്‍ഥത്തിലവര്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴാക്കിയിരിക്കുന്നു. അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നന്നെ നിസ്സാരമാണ്.

يَحْسَبُونَ ٱلْأَحْزَابَ لَمْ يَذْهَبُوا۟ ۖ وَإِن يَأْتِ ٱلْأَحْزَابُ يَوَدُّوا۟ لَوْ أَنَّهُم بَادُونَ فِى ٱلْأَعْرَابِ يَسْـَٔلُونَ عَنْ أَنۢبَآئِكُمْ ۖ وَلَوْ كَانُوا۟ فِيكُم مَّا قَٰتَلُوٓا۟ إِلَّا قَلِيلًۭا ﴿٢٠﴾

സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ (കപടന്‍മാര്‍) വിചാരിക്കുന്നത്‌. സംഘടിതകക്ഷികള്‍ (ഇനിയും) വരികയാണെങ്കിലോ, (യുദ്ധത്തില്‍ പങ്കെടുക്കാതെ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ (കപടന്‍മാര്‍) കൊതിക്കുന്നത്‌. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.

കാരകുന്ന് & എളയാവൂര്

സഖ്യസേന ഇനിയും സ്ഥലം വിട്ടിട്ടില്ലെന്നാണവര്‍ കരുതുന്നത്. സഖ്യസേന ഇനിയും വരികയാണെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ട് ഗ്രാമീണ അറബികളോടൊപ്പം മരുഭൂവാസികളായിക്കഴിയാനാണ് അവരിഷ്ടപ്പെടുക. അവര്‍ നിങ്ങളോടൊപ്പമുണ്ടായാലും വളരെ കുറച്ചേ യുദ്ധത്തില്‍ പങ്കാളികളാവുകയുള്ളൂ.

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌۭ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ وَذَكَرَ ٱللَّهَ كَثِيرًۭا ﴿٢١﴾

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.

കാരകുന്ന് & എളയാവൂര്

സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും.

وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًۭا وَتَسْلِيمًۭا ﴿٢٢﴾

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.

കാരകുന്ന് & എളയാവൂര്

സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: \"ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്.\" ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ധിപ്പിക്കുകയാണുണ്ടായത്.

مِّنَ ٱلْمُؤْمِنِينَ رِجَالٌۭ صَدَقُوا۟ مَا عَٰهَدُوا۟ ٱللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا۟ تَبْدِيلًۭا ﴿٢٣﴾

സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.

കാരകുന്ന് & എളയാവൂര്

സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല.

لِّيَجْزِىَ ٱللَّهُ ٱلصَّٰدِقِينَ بِصِدْقِهِمْ وَيُعَذِّبَ ٱلْمُنَٰفِقِينَ إِن شَآءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ كَانَ غَفُورًۭا رَّحِيمًۭا ﴿٢٤﴾

സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

കാരകുന്ന് & എളയാവൂര്

സത്യസന്ധര്‍ക്ക് തങ്ങളുടെ സത്യതക്കുള്ള പ്രതിഫലം നല്‍കാനാണിത്. അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ കപടവിശ്വാസികളെ ശിക്ഷിക്കാനും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കാനും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.

وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُوا۟ بِغَيْظِهِمْ لَمْ يَنَالُوا۟ خَيْرًۭا ۚ وَكَفَى ٱللَّهُ ٱلْمُؤْمِنِينَ ٱلْقِتَالَ ۚ وَكَانَ ٱللَّهُ قَوِيًّا عَزِيزًۭا ﴿٢٥﴾

സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

കാരകുന്ന് & എളയാവൂര്

സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്.

وَأَنزَلَ ٱلَّذِينَ ظَٰهَرُوهُم مِّنْ أَهْلِ ٱلْكِتَٰبِ مِن صَيَاصِيهِمْ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ فَرِيقًۭا تَقْتُلُونَ وَتَأْسِرُونَ فَرِيقًۭا ﴿٢٦﴾

വേദക്കാരില്‍ നിന്ന് അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.

കാരകുന്ന് & എളയാവൂര്

വേദക്കാരില്‍ ചിലര്‍ ശത്രുസൈന്യത്തെ സഹായിച്ചു. അല്ലാഹു അവരെ അവരുടെ കോട്ടകളില്‍ നിന്ന് ഇറക്കിവിട്ടു. അവരുടെ ഹൃദയങ്ങളില്‍ ഭയം കോരിയിടുകയും ചെയ്തു. അവരില്‍ ചിലരെ നിങ്ങള്‍ കൊന്നൊടുക്കുന്നു. മറ്റു ചിലരെ തടവിലാക്കുകയും ചെയ്യുന്നു.

وَأَوْرَثَكُمْ أَرْضَهُمْ وَدِيَٰرَهُمْ وَأَمْوَٰلَهُمْ وَأَرْضًۭا لَّمْ تَطَـُٔوهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرًۭا ﴿٢٧﴾

അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്‌) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

കാരകുന്ന് & എളയാവൂര്

അവന്‍ നിങ്ങളെ അവരുടെ ഭൂമിയുടെയും വീടുകളുടെയും സ്വത്തുക്കളുടെയും അവകാശികളാക്കി. നിങ്ങള്‍ മുമ്പൊരിക്കലും കാലുകുത്തിയിട്ടില്ലാത്ത സ്ഥലംപോലും അവന്‍ നിങ്ങള്‍ക്കു നല്‍കി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.

يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ إِن كُنتُنَّ تُرِدْنَ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًۭا جَمِيلًۭا ﴿٢٨﴾

നബിയേ, നിന്‍റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം

കാരകുന്ന് & എളയാവൂര്

നബിയേ, നീ നിന്റെ ഭാര്യമാരോടു പറയുക: \"ഇഹലോക ജീവിതവും അതിലെ അലങ്കാരവുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ വരൂ! ഞാന്‍ നിങ്ങള്‍ക്കു ജീവിതവിഭവം നല്‍കാം. നല്ല നിലയില്‍ നിങ്ങളെ പിരിച്ചയക്കുകയും ചെയ്യാം.

وَإِن كُنتُنَّ تُرِدْنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلْءَاخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلْمُحْسِنَٰتِ مِنكُنَّ أَجْرًا عَظِيمًۭا ﴿٢٩﴾

അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.

കാരകുന്ന് & എളയാവൂര്

\"അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ അറിയുക: നിങ്ങളിലെ സച്ചരിതകള്‍ക്ക് അല്ലാഹു അതിമഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.\"

يَٰنِسَآءَ ٱلنَّبِىِّ مَن يَأْتِ مِنكُنَّ بِفَٰحِشَةٍۢ مُّبَيِّنَةٍۢ يُضَٰعَفْ لَهَا ٱلْعَذَابُ ضِعْفَيْنِ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًۭا ﴿٣٠﴾

പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക് ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു.

കാരകുന്ന് & എളയാവൂര്

പ്രവാചക പത്നിമാരേ, നിങ്ങളിലാരെങ്കിലും വ്യക്തമായ നീചവൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ അവള്‍ക്ക് രണ്ടിരട്ടി ശിക്ഷയുണ്ട്. അല്ലാഹുവിന് അത് വളരെ എളുപ്പമാണ്.

۞ وَمَن يَقْنُتْ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعْمَلْ صَٰلِحًۭا نُّؤْتِهَآ أَجْرَهَا مَرَّتَيْنِ وَأَعْتَدْنَا لَهَا رِزْقًۭا كَرِيمًۭا ﴿٣١﴾

നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക് അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്‌. അവള്‍ക്ക് വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

നിങ്ങളിലാരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും വിനയം കാണിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവള്‍ക്ക് നാം രണ്ടിരട്ടി പ്രതിഫലം നല്‍കും. അവള്‍ക്കു നാം മാന്യമായ ജീവിതവിഭവം ഒരുക്കിവെച്ചിട്ടുമുണ്ട്.

يَٰنِسَآءَ ٱلنَّبِىِّ لَسْتُنَّ كَأَحَدٍۢ مِّنَ ٱلنِّسَآءِ ۚ إِنِ ٱتَّقَيْتُنَّ فَلَا تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِۦ مَرَضٌۭ وَقُلْنَ قَوْلًۭا مَّعْرُوفًۭا ﴿٣٢﴾

പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക.

കാരകുന്ന് & എളയാവൂര്

പ്രവാചക പത്നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക.

وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَٰهِلِيَّةِ ٱلْأُولَىٰ ۖ وَأَقِمْنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعْنَ ٱللَّهَ وَرَسُولَهُۥٓ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًۭا ﴿٣٣﴾

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയുക. പഴയ അനിസ്ലാമിക കാലത്തെപ്പോലെ സൌന്ദര്യം വെളിവാക്കി വിലസി നടക്കാതിരിക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, അല്ലാഹുവെയും അവന്റെ ദൂതനേയും അനുസരിക്കുക. നബികുടുംബമേ, നിങ്ങളില്‍ നിന്നു മാലിന്യം നീക്കിക്കളയാനും നിങ്ങളെ പൂര്‍ണമായും ശുദ്ധീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.

وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَٰتِ ٱللَّهِ وَٱلْحِكْمَةِ ۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا ﴿٣٤﴾

നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

കാരകുന്ന് & എളയാവൂര്

നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതിക്കേള്‍പിക്കുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനങ്ങളും ഓര്‍മിക്കുക. അല്ലാഹു എല്ലാം നന്നായറിയുന്നവനും സൂക്ഷ്മജ്ഞനുമാണ്.

إِنَّ ٱلْمُسْلِمِينَ وَٱلْمُسْلِمَٰتِ وَٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ وَٱلْقَٰنِتِينَ وَٱلْقَٰنِتَٰتِ وَٱلصَّٰدِقِينَ وَٱلصَّٰدِقَٰتِ وَٱلصَّٰبِرِينَ وَٱلصَّٰبِرَٰتِ وَٱلْخَٰشِعِينَ وَٱلْخَٰشِعَٰتِ وَٱلْمُتَصَدِّقِينَ وَٱلْمُتَصَدِّقَٰتِ وَٱلصَّٰٓئِمِينَ وَٱلصَّٰٓئِمَٰتِ وَٱلْحَٰفِظِينَ فُرُوجَهُمْ وَٱلْحَٰفِظَٰتِ وَٱلذَّٰكِرِينَ ٱللَّهَ كَثِيرًۭا وَٱلذَّٰكِرَٰتِ أَعَدَّ ٱللَّهُ لَهُم مَّغْفِرَةًۭ وَأَجْرًا عَظِيمًۭا ﴿٣٥﴾

(അല്ലാഹുവിന്‌) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്.

وَمَا كَانَ لِمُؤْمِنٍۢ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًۭا مُّبِينًۭا ﴿٣٦﴾

അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ.

وَإِذْ تَقُولُ لِلَّذِىٓ أَنْعَمَ ٱللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَٱتَّقِ ٱللَّهَ وَتُخْفِى فِى نَفْسِكَ مَا ٱللَّهُ مُبْدِيهِ وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَىٰهُ ۖ فَلَمَّا قَضَىٰ زَيْدٌۭ مِّنْهَا وَطَرًۭا زَوَّجْنَٰكَهَا لِكَىْ لَا يَكُونَ عَلَى ٱلْمُؤْمِنِينَ حَرَجٌۭ فِىٓ أَزْوَٰجِ أَدْعِيَآئِهِمْ إِذَا قَضَوْا۟ مِنْهُنَّ وَطَرًۭا ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًۭا ﴿٣٧﴾

നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹുവും നീയും ഔദാര്യം ചെയ്തുകൊടുത്ത ഒരാളോട് നീയിങ്ങനെ പറഞ്ഞ സന്ദര്‍ഭം: \"നീ നിന്റെ ഭാര്യയെ നിന്നോടൊപ്പം നിര്‍ത്തുക; അല്ലാഹുവെ സൂക്ഷിക്കുക.\" അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരു കാര്യം നീ മനസ്സിലൊളിപ്പിച്ചു വെക്കുകയായിരുന്നു. ജനങ്ങളെ പേടിക്കുകയും. എന്നാല്‍ നീ പേടിക്കേണ്ടത് അല്ലാഹുവിനെയാണ്. പിന്നീട് സൈദ് അവളില്‍ നിന്ന് തന്റെ ആവശ്യം നിറവേറ്റി കഴിഞ്ഞപ്പോള്‍ നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍ നിന്നുള്ള ആവശ്യം നിറവേററിക്കഴിഞ്ഞാല്‍ അവരെ വിവാഹം ചെയ്യുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കൊട്ടും വിഷമമുണ്ടാവാതിരിക്കാനാണിത്. അല്ലാഹുവിന്റെ കല്‍പന നടപ്പാക്കപ്പെടുക തന്നെ ചെയ്യും.

مَّا كَانَ عَلَى ٱلنَّبِىِّ مِنْ حَرَجٍۢ فِيمَا فَرَضَ ٱللَّهُ لَهُۥ ۖ سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۚ وَكَانَ أَمْرُ ٱللَّهِ قَدَرًۭا مَّقْدُورًا ﴿٣٨﴾

തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹു നിശ്ചയിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് ഒട്ടും പ്രയാസം തോന്നേണ്ടതില്ല. നേരത്തെ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു നടപ്പാക്കിയ നടപടിക്രമം തന്നെയാണിത്. അല്ലാഹുവിന്റെ കല്‍പന കണിശമായും നടപ്പാക്കാനുള്ളതാണ്.

ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخْشَوْنَهُۥ وَلَا يَخْشَوْنَ أَحَدًا إِلَّا ٱللَّهَ ۗ وَكَفَىٰ بِٱللَّهِ حَسِيبًۭا ﴿٣٩﴾

അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്‍റെ നടപടി.) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി.

കാരകുന്ന് & എളയാവൂര്

അഥവാ, അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്‍ക്കു എത്തിച്ചുകൊടുക്കുന്നവരാണവര്‍. അവര്‍ അല്ലാഹുവെ പേടിക്കുന്നു. അവനല്ലാത്ത ആരെയും പേടിക്കുന്നുമില്ല. കണക്കുനോക്കാന്‍ അല്ലാഹു തന്നെ മതി.

مَّا كَانَ مُحَمَّدٌ أَبَآ أَحَدٍۢ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًۭا ﴿٤٠﴾

മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

കാരകുന്ന് & എളയാവൂര്

മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരിലാരുടെയും പിതാവല്ല. മറിച്ച്, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. ദൈവദൂതന്മാരില്‍ അവസാനത്തെയാളും. എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ് അല്ലാഹു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ ٱللَّهَ ذِكْرًۭا كَثِيرًۭا ﴿٤١﴾

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും,

കാരകുന്ന് & എളയാവൂര്

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുക.

وَسَبِّحُوهُ بُكْرَةًۭ وَأَصِيلًا ﴿٤٢﴾

കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.

കാരകുന്ന് & എളയാവൂര്

കാലത്തും വൈകുന്നേരവും അവനെ കീര്‍ത്തിക്കുക.

هُوَ ٱلَّذِى يُصَلِّى عَلَيْكُمْ وَمَلَٰٓئِكَتُهُۥ لِيُخْرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ وَكَانَ بِٱلْمُؤْمِنِينَ رَحِيمًۭا ﴿٤٣﴾

അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും (കരുണ കാണിക്കുന്നു.) അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു.

കാരകുന്ന് & എളയാവൂര്

അവനാണ് നിങ്ങള്‍ക്ക് കാരുണ്യമേകുന്നത്. അവന്റെ മലക്കുകള്‍ നിങ്ങള്‍ക്ക് കാരുണ്യത്തിനായി അര്‍ഥിക്കുന്നു. നിങ്ങളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കു നയിക്കാനാണിത്. അല്ലാഹു സത്യവിശ്വാസികളോട് ഏറെ കരുണയുള്ളവനാണ്.

تَحِيَّتُهُمْ يَوْمَ يَلْقَوْنَهُۥ سَلَٰمٌۭ ۚ وَأَعَدَّ لَهُمْ أَجْرًۭا كَرِيمًۭا ﴿٤٤﴾

അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.

കാരകുന്ന് & എളയാവൂര്

അവര്‍ അവനെ കണ്ടുമുട്ടുംനാള്‍ സലാം ചൊല്ലിയാണ് അവരെ അഭിവാദ്യം ചെയ്യുക. അവര്‍ക്കു മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.

يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَٰكَ شَٰهِدًۭا وَمُبَشِّرًۭا وَنَذِيرًۭا ﴿٤٥﴾

നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

നബിയേ, നിശ്ചയമായും നാം നിന്നെ സാക്ഷിയും ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായി അയച്ചിരിക്കുന്നു.

وَدَاعِيًا إِلَى ٱللَّهِ بِإِذْنِهِۦ وَسِرَاجًۭا مُّنِيرًۭا ﴿٤٦﴾

അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌.

കാരകുന്ന് & എളയാവൂര്

അല്ലാഹുവിന്റെ അനുമതി പ്രകാരം അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന വിളക്കുമായാണ് നിന്നെ അയച്ചത്.

وَبَشِّرِ ٱلْمُؤْمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضْلًۭا كَبِيرًۭا ﴿٤٧﴾

സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വലിയ ഔദാര്യം ലഭിക്കാനുണ്ട് എന്ന് നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കുക.

കാരകുന്ന് & എളയാവൂര്

സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക, അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് അതിമഹത്തായ അനുഗ്രഹങ്ങളുണ്ടെന്ന്.

وَلَا تُطِعِ ٱلْكَٰفِرِينَ وَٱلْمُنَٰفِقِينَ وَدَعْ أَذَىٰهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًۭا ﴿٤٨﴾

സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ചു പോകരുത്‌. അവരുടെ ദ്രോഹം നീ അവഗണിക്കുകയും, അല്ലാഹുവെ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

കാരകുന്ന് & എളയാവൂര്

സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും നീയൊട്ടും വഴങ്ങരുത്. അവരുടെ ദ്രോഹം അവഗണിക്കുക. അല്ലാഹുവില്‍ ഭരമേല്‍പിക്കുക. ഭരമേല്‍പിക്കാന്‍ അല്ലാഹു തന്നെ മതി.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَكَحْتُمُ ٱلْمُؤْمِنَٰتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍۢ تَعْتَدُّونَهَا ۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحًۭا جَمِيلًۭا ﴿٤٩﴾

സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ് നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക.

കാരകുന്ന് & എളയാവൂര്

വിശ്വസിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, പിന്നീട് അവരെ സ്പര്‍ശിക്കും മുമ്പായി വിവാഹമോചനം നടത്തുകയുമാണെങ്കില്‍ നിങ്ങള്‍ക്കായി ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്കില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് എന്തെങ്കിലും ജീവിതവിഭവം നല്‍കണം. നല്ല നിലയില്‍ അവരെ പിരിച്ചയക്കുകയും വേണം.

يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَحْلَلْنَا لَكَ أَزْوَٰجَكَ ٱلَّٰتِىٓ ءَاتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّٰتِى هَاجَرْنَ مَعَكَ وَٱمْرَأَةًۭ مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِىِّ إِنْ أَرَادَ ٱلنَّبِىُّ أَن يَسْتَنكِحَهَا خَالِصَةًۭ لَّكَ مِن دُونِ ٱلْمُؤْمِنِينَ ۗ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِىٓ أَزْوَٰجِهِمْ وَمَا مَلَكَتْ أَيْمَٰنُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌۭ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا ﴿٥٠﴾

നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

കാരകുന്ന് & എളയാവൂര്

നബിയേ, നീ വിവാഹമൂല്യം നല്‍കിയ നിന്റെ പത്നിമാരെ നിനക്കു നാം അനുവദിച്ചുതന്നിരിക്കുന്നു. അല്ലാഹു നിനക്കു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍ നിന്റെ വലംകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ് പലായനം ചെയ്തെത്തിയ നിന്റെ പിതൃവ്യപുത്രിമാര്‍, പിതൃസഹോദരീപുത്രിമാര്‍, മാതൃസഹോദരപുത്രിമാര്‍, മാതൃസഹോദരീപുത്രിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്. സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല. സത്യവിശ്വാസികള്‍ക്ക് പൊതുവായി ബാധകമല്ലാത്ത നിനക്കു മാത്രമുള്ള നിയമമാണിത്. അവരുടെ ഭാര്യമാരുടെയും അടിമകളുടെയും കാര്യത്തില്‍ നാം നിയമമാക്കിയ കാര്യങ്ങള്‍ നമുക്കു നന്നായറിയാം. നിനക്ക് ഒന്നിലും ഒരു പ്രയാസവുമുണ്ടാവാതിരിക്കാനാണിത്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.

۞ تُرْجِى مَن تَشَآءُ مِنْهُنَّ وَتُـْٔوِىٓ إِلَيْكَ مَن تَشَآءُ ۖ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَ ۚ ذَٰلِكَ أَدْنَىٰٓ أَن تَقَرَّ أَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَآ ءَاتَيْتَهُنَّ كُلُّهُنَّ ۚ وَٱللَّهُ يَعْلَمُ مَا فِى قُلُوبِكُمْ ۚ وَكَانَ ٱللَّهُ عَلِيمًا حَلِيمًۭا ﴿٥١﴾

അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന് വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക് നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്‌. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.

കാരകുന്ന് & എളയാവൂര്

ഭാര്യമാരില്‍ നിന്ന് നിനക്കിഷ്ടമുള്ളവരെ നിനക്കകറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ അടുപ്പിച്ചുനിര്‍ത്താം. ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയശേഷം അടുപ്പിച്ചു നിര്‍ത്തുന്നതിലും നിനക്കു കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കാനും അവര്‍ ദുഃഖിക്കാതിരിക്കാനും നീ അവര്‍ക്കു നല്‍കിയതില്‍ അവര്‍ തൃപ്തരാകാനും ഏറ്റവും പറ്റിയതിതാണ്. നിങ്ങളുടെ മനസ്സിനകത്തുളളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനാണ്. ഏറെ സഹനമുള്ളവനും അവന്‍ തന്നെ.

لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعْدُ وَلَآ أَن تَبَدَّلَ بِهِنَّ مِنْ أَزْوَٰجٍۢ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ رَّقِيبًۭا ﴿٥٢﴾

ഇനിമേല്‍ നിനക്ക് (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും (അനുവാദമില്ല) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

കാരകുന്ന് & എളയാവൂര്

ഇനിമേല്‍ നിനക്കു ഒരു സ്ത്രീയെയും വിവാഹം ചെയ്യാന്‍ അനുവാദമില്ല. ഇവര്‍ക്കു പകരമായി മറ്റു ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. അവരുടെ സൌന്ദര്യം നിന്നില്‍ കൌതുകമുണര്‍ത്തിയാലും ശരി. എന്നാല്‍ അടിമസ്ത്രീകളിതില്‍ നിന്നൊഴിവാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി നിരീക്ഷിക്കുന്നവന്‍ തന്നെ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَٰظِرِينَ إِنَىٰهُ وَلَٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَٰعًۭا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍۢ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا ﴿٥٣﴾

സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.

കാരകുന്ന് & എളയാവൂര്

വിശ്വസിച്ചവരേ, പ്രവാചകന്റെ വീടുകളില്‍ നിങ്ങള്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് പ്രതീക്ഷിച്ചിരിക്കരുത്. എന്നാല്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ നിങ്ങളവിടേക്കു ചെല്ലുക. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പിരിഞ്ഞുപോവുക. അവിടെ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കരുത്. നിങ്ങളുടെ അത്തരം പ്രവൃത്തികള്‍ പ്രവാചകന്ന് പ്രയാസകരമാകുന്നുണ്ട്. എങ്കിലും നിങ്ങളോടതു തുറന്നുപറയാന്‍ പ്രവാചകന്‍ ലജ്ജിക്കുന്നു. എന്നാല്‍ അല്ലാഹു സത്യംപറയുന്നതിലൊട്ടും ലജ്ജിക്കുന്നില്ല. പ്രവാചക പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍ മറക്കുപിന്നില്‍ നിന്നാണ് നിങ്ങളവരോട് ചോദിക്കേണ്ടത്. അതാണ് നിങ്ങളുടെയും അവരുടെയും ഹൃദയശുദ്ധിക്ക് ഏറ്റം നല്ലത്. അല്ലാഹുവിന്റെ ദൂതനെ ശല്യപ്പെടുത്താന്‍ നിങ്ങള്‍ക്കനുവാദമില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം കഴിക്കാനും പാടില്ല. ഇതൊക്കെയും അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യം തന്നെ.

إِن تُبْدُوا۟ شَيْـًٔا أَوْ تُخْفُوهُ فَإِنَّ ٱللَّهَ كَانَ بِكُلِّ شَىْءٍ عَلِيمًۭا ﴿٥٤﴾

നിങ്ങള്‍ എന്തെങ്കിലും വെളിപ്പെടുത്തുകയാണെങ്കിലും അത് മറച്ചു വെക്കുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ എന്തെങ്കിലും വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും നിശ്ചയമായും അല്ലാഹു എല്ലാം നന്നായറിയുന്നവനാണ്.

لَّا جُنَاحَ عَلَيْهِنَّ فِىٓ ءَابَآئِهِنَّ وَلَآ أَبْنَآئِهِنَّ وَلَآ إِخْوَٰنِهِنَّ وَلَآ أَبْنَآءِ إِخْوَٰنِهِنَّ وَلَآ أَبْنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتْ أَيْمَٰنُهُنَّ ۗ وَٱتَّقِينَ ٱللَّهَ ۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍۢ شَهِيدًا ﴿٥٥﴾

ആ സ്ത്രീകള്‍ക്ക് തങ്ങളുടെ പിതാക്കളുമായോ, പുത്രന്‍മാരുമായോ, സഹോദരന്‍മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്‍മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന് വിരോധമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

കാരകുന്ന് & എളയാവൂര്

പിതാക്കന്മാര്‍, പുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട സ്ത്രീകള്‍, തങ്ങളുടെ അടിമകള്‍ എന്നിവരുമായി ഇടപഴകുന്നതില്‍ പ്രവാചക പത്നിമാര്‍ക്കു കുറ്റമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്.

إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا ﴿٥٦﴾

തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (അല്ലാഹുവിന്‍റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.

കാരകുന്ന് & എളയാവൂര്

അല്ലാഹു പ്രവാചകനെ അനുഗ്രഹിക്കുന്നു. അവന്റെ മലക്കുകള്‍ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക.

إِنَّ ٱلَّذِينَ يُؤْذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِى ٱلدُّنْيَا وَٱلْءَاخِرَةِ وَأَعَدَّ لَهُمْ عَذَابًۭا مُّهِينًۭا ﴿٥٧﴾

അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌.

കാരകുന്ന് & എളയാവൂര്

അല്ലാഹുവെയും അവന്റെ ദൂതനെയും ദ്രോഹിക്കുന്നവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. നന്നെ നിന്ദ്യമായ ശിക്ഷ അവര്‍ക്കായി തയ്യാറാക്കിവെച്ചിട്ടുണ്ട്.

وَٱلَّذِينَ يُؤْذُونَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ بِغَيْرِ مَا ٱكْتَسَبُوا۟ فَقَدِ ٱحْتَمَلُوا۟ بُهْتَٰنًۭا وَإِثْمًۭا مُّبِينًۭا ﴿٥٨﴾

സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌.

കാരകുന്ന് & എളയാവൂര്

സത്യവിശ്വാസികളെയും വിശ്വാസിനികളെയും, അവര്‍ തെറ്റൊന്നും ചെയ്യാതിരിക്കെ ദ്രോഹിക്കുന്നവര്‍ കള്ളവാര്‍ത്ത ചമച്ചവരത്രെ. പ്രകടമായ കുറ്റം ചെയ്തവരും.

يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا ﴿٥٩﴾

നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

കാരകുന്ന് & എളയാവൂര്

നബിയേ, നിന്റെ പത്നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മൂടുപടങ്ങള്‍ ശരീരത്തില്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.

۞ لَّئِن لَّمْ يَنتَهِ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ وَٱلْمُرْجِفُونَ فِى ٱلْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلًۭا ﴿٦٠﴾

കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച് മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും (അതില്‍ നിന്ന്‌) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് നിന്‍റെ അയല്‍വാസികളായി അല്‍പം മാത്രമേ അവിടെ കഴിക്കാനൊക്കൂ.

കാരകുന്ന് & എളയാവൂര്

കപടവിശ്വാസികളും, ദീനംപിടിച്ച മനസ്സുള്ളവരും, മദീനയില്‍ ഭീതിയുണര്‍ത്തുന്ന കള്ളവാര്‍ത്തകള്‍ പരത്തുന്നവരും തങ്ങളുടെ ചെയ്തികള്‍ക്ക് അറുതി വരുത്തുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് ഈ പട്ടണത്തില്‍ ഇത്തിരി കാലമേ നിന്നോടൊപ്പം കഴിയാനൊക്കുകയുള്ളൂ.

مَّلْعُونِينَ ۖ أَيْنَمَا ثُقِفُوٓا۟ أُخِذُوا۟ وَقُتِّلُوا۟ تَقْتِيلًۭا ﴿٦١﴾

അവര്‍ ശാപം ബാധിച്ച നിലയിലായിരിക്കും. എവിടെ വെച്ച് കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, കൊന്നൊടുക്കപ്പെടുകയും ചെയ്യും.

കാരകുന്ന് & എളയാവൂര്

അവര്‍ ശപിക്കപ്പെട്ടവരായിരിക്കും. എവിടെ കണ്ടെത്തിയാലും അവരെ പിടികൂടി വകവരുത്തും.

سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًۭا ﴿٦٢﴾

മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.

കാരകുന്ന് & എളയാവൂര്

നേരത്തെ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച നടപടിക്രമം തന്നെയാണിത്. അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കണ്ടെത്താനാവില്ല.

يَسْـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِ ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ ۚ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا ﴿٦٣﴾

ജനങ്ങള്‍ അന്ത്യസമയത്തെപ്പറ്റി നിന്നോട് ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക് (അതിനെപ്പറ്റി) അറിവുനല്‍കുന്ന എന്തൊന്നാണുള്ളത്‌? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം.

കാരകുന്ന് & എളയാവൂര്

ജനം അന്ത്യദിനത്തെപ്പറ്റി നിന്നോടു ചോദിക്കുന്നു. പറയുക: \"അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമേയുള്ളൂ.\" അതേപ്പറ്റി നിനക്കെന്തറിയാം? ഒരുവേള അത് വളരെ അടുത്തുതന്നെയായേക്കാം.

إِنَّ ٱللَّهَ لَعَنَ ٱلْكَٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا ﴿٦٤﴾

തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

സംശയമില്ല; അല്ലാഹു സത്യനിഷേധികളെ ശപിച്ചിരിക്കുന്നു. അവര്‍ക്ക് കത്തിക്കാളുന്ന നരകത്തീ തയ്യാറാക്കിവെച്ചിട്ടുമുണ്ട്.

خَٰلِدِينَ فِيهَآ أَبَدًۭا ۖ لَّا يَجِدُونَ وَلِيًّۭا وَلَا نَصِيرًۭا ﴿٦٥﴾

എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല.

കാരകുന്ന് & എളയാവൂര്

അവരവിടെ, എന്നെന്നും സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ ഒരു രക്ഷകനെയും സഹായിയെയും കണ്ടെത്താനാവില്ല.

يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠ ﴿٦٦﴾

അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!

കാരകുന്ന് & എളയാവൂര്

അവരുടെ മുഖങ്ങള്‍ നരകത്തീയില്‍ തിരിച്ചുമറിക്കപ്പെടും. അന്ന് അവര്‍ പറയും: \"ഞങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ.\"

وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠ ﴿٦٧﴾

അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌.

കാരകുന്ന് & എളയാവൂര്

അവര്‍ വിലപിക്കും: \"ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും പ്രമാണിമാരെയും അനുസരിച്ചു. അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു.

رَبَّنَآ ءَاتِهِمْ ضِعْفَيْنِ مِنَ ٱلْعَذَابِ وَٱلْعَنْهُمْ لَعْنًۭا كَبِيرًۭا ﴿٦٨﴾

ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.)

കാരകുന്ന് & എളയാവൂര്

\"ഞങ്ങളുടെ നാഥാ, അവര്‍ക്കു നീ രണ്ടിരട്ടി ശിക്ഷ നല്‍കേണമേ; അവരെ നീ കൊടുംശാപത്തിനിരയാക്കേണമേ.\"

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ ءَاذَوْا۟ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُوا۟ ۚ وَكَانَ عِندَ ٱللَّهِ وَجِيهًۭا ﴿٦٩﴾

സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്‌. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

വിശ്വസിച്ചവരേ, നിങ്ങള്‍ മൂസാക്കു മനോവിഷമമുണ്ടാക്കിയവരെപ്പോലെയാകരുത്. പിന്നെ അല്ലാഹു അദ്ദേഹത്തെ അവരുടെ ദുരാരോപണങ്ങളില്‍നിന്ന് മോചിപ്പിച്ചു. അദ്ദേഹം അല്ലാഹുവിന്റെയടുത്ത് അന്തസ്സുള്ളവനാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًۭا سَدِيدًۭا ﴿٧٠﴾

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക.

കാരകുന്ന് & എളയാവൂര്

വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവഭക്തരാവുക. നല്ലതുമാത്രം പറയുക.

يُصْلِحْ لَكُمْ أَعْمَٰلَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾

എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവന്‍ മഹത്തായ വിജയം കൈവരിച്ചിരിക്കുന്നു.

إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَٰنُ ۖ إِنَّهُۥ كَانَ ظَلُومًۭا جَهُولًۭا ﴿٧٢﴾

തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

തീര്‍ച്ചയായും ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പില്‍ നാം ഈ അമാനത്ത് സമര്‍പ്പിച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ വിസമ്മതിച്ചു. അവ അതിനെ ഭയപ്പെട്ടു. എന്നാല്‍ മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ കൊടിയ അക്രമിയും തികഞ്ഞ അവിവേകിയും തന്നെ.

لِّيُعَذِّبَ ٱللَّهُ ٱلْمُنَٰفِقِينَ وَٱلْمُنَٰفِقَٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَٰتِ وَيَتُوبَ ٱللَّهُ عَلَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۢا ﴿٧٣﴾

കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളേയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാനും, സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

കാരകുന്ന് & എളയാവൂര്

കപടവിശ്വാസികളും ബഹുദൈവവിശ്വാസികളുമായ സ്ത്രീപുരുഷന്മാരെ അല്ലാഹു ശിക്ഷിക്കുന്നതിനു വേണ്ടിയാണിത്. സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.