Main pages

Surah The wind-curved sandhills [Al-Ahqaf] in Malayalam

Surah The wind-curved sandhills [Al-Ahqaf] Ayah 35 Location Maccah Number 46

حمٓ ﴿١﴾

ഹാമീം

تَنزِيلُ ٱلْكِتَٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴿٢﴾

ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

കാരകുന്ന് & എളയാവൂര്

ഈ വേദ പുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്നാകുന്നു.

مَا خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍۢ مُّسَمًّۭى ۚ وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ ﴿٣﴾

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം സൃഷ്ടിച്ചത് ശരിയായ ഉദ്ദേശത്തോടു കൂടിയും നിര്‍ണിതമായ ഒരു അവധിവെച്ചുകൊണ്ടും മാത്രമാകുന്നു. സത്യനിഷേധികളാകട്ടെ തങ്ങള്‍ക്ക് താക്കീത് നല്‍കപ്പെട്ടതു ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.

കാരകുന്ന് & എളയാവൂര്

ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും യാഥാര്‍ഥ്യ നിഷ്ഠമായും കാലാവധി നിര്‍ണയിച്ചുമല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ സത്യനിഷേധികള്‍ തങ്ങള്‍ക്കു നല്‍കപ്പെട്ട താക്കീതുകളെ അപ്പാടെ അവഗണിക്കുന്നവരാണ്.

قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌۭ فِى ٱلسَّمَٰوَٰتِ ۖ ٱئْتُونِى بِكِتَٰبٍۢ مِّن قَبْلِ هَٰذَآ أَوْ أَثَٰرَةٍۢ مِّنْ عِلْمٍ إِن كُنتُمْ صَٰدِقِينَ ﴿٤﴾

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്‍റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടു വന്നു തരൂ.

കാരകുന്ന് & എളയാവൂര്

ചോദിക്കുക: അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവരെന്തു സൃഷ്ടിച്ചുവെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചു തരിക. അതല്ല; ആകാശങ്ങളുടെ സൃഷ്ടിയില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? തെളിവായി ഇതിനു മുമ്പുള്ള ഏതെങ്കിലും വേദമോ അറിവിന്റെ വല്ല ശേഷിപ്പോ ഉണ്ടെങ്കില്‍ അതിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാദികളെങ്കില്‍!

وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ ﴿٥﴾

അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹുവെ വിട്ട്, അന്ത്യനാള്‍ വരെ കാത്തിരുന്നാലും ഉത്തരമേകാത്തവയോട് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിതെറ്റിയവനാരുണ്ട്? അവരോ, ഇവരുടെ പ്രാര്‍ഥനയെപ്പറ്റി തീര്‍ത്തും അശ്രദ്ധരാണ്.

وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءًۭ وَكَانُوا۟ بِعِبَادَتِهِمْ كَٰفِرِينَ ﴿٦﴾

മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.

കാരകുന്ന് & എളയാവൂര്

മനുഷ്യരെയൊക്കെയും ഒരുമിച്ചുകൂട്ടുമ്പോള്‍ ആ ആരാധ്യര്‍ ഈ ആരാധകരുടെ വിരോധികളായിരിക്കും; ഇവര്‍ തങ്ങളെ ആരാധിച്ചുകൊണ്ടിരുന്നവരാണെന്ന കാര്യം തള്ളിപ്പറയുന്നവരും.

وَإِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُنَا بَيِّنَٰتٍۢ قَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ هَٰذَا سِحْرٌۭ مُّبِينٌ ﴿٧﴾

സുവ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ സത്യം തങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ അതിനെപ്പറ്റി ആ സത്യനിഷേധികള്‍ പറയും; ഇത് വ്യക്തമായ ഒരു മായാജാലമാണെന്ന്‌.

കാരകുന്ന് & എളയാവൂര്

നമ്മുടെ തെളിവുറ്റ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, തങ്ങള്‍ക്കു വന്നെത്തിയ ആ സത്യത്തെ നിഷേധിച്ചവര്‍ പറയും: ഇത് പ്രകടമായ മായാജാലം തന്നെ.

أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَلَا تَمْلِكُونَ لِى مِنَ ٱللَّهِ شَيْـًٔا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِۦ شَهِيدًۢا بَيْنِى وَبَيْنَكُمْ ۖ وَهُوَ ٱلْغَفُورُ ٱلرَّحِيمُ ﴿٨﴾

അതല്ല, അദ്ദേഹം (റസൂല്‍) അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? നീ പറയുക: ഞാനത് കെട്ടിച്ചമച്ചതാണെങ്കില്‍ എനിക്ക് അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് ഒട്ടും രക്ഷനല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതിന്‍റെ (ഖുര്‍ആന്‍റെ) കാര്യത്തില്‍ നിങ്ങള്‍ കടന്നു സംസാരിക്കുന്നതിനെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ തന്നെ മതി. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

കാരകുന്ന് & എളയാവൂര്

അല്ല; ഇത് ദൈവദൂതന്‍ ചമച്ചുണ്ടാക്കിയതാണെന്നാണോ ആ സത്യനിഷേധികള്‍ വാദിക്കുന്നത്? പറയുക: ഞാനിത് സ്വയം ചമച്ചുണ്ടാക്കിയതാണെങ്കില്‍ അല്ലാഹുവില്‍ നിന്നെന്നെ കാക്കാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ പറഞ്ഞുപരത്തുന്നവയെപ്പറ്റി ഏറ്റവും നന്നായറിയുന്നവന്‍ അല്ലാഹുവാണ്. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ മതി. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു.

قُلْ مَا كُنتُ بِدْعًۭا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌۭ مُّبِينٌۭ ﴿٩﴾

(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.

കാരകുന്ന് & എളയാവൂര്

പറയുക: ദൈവദൂതന്മാരില്‍ ആദ്യത്തെവനൊന്നുമല്ല ഞാന്‍. എനിക്കും നിങ്ങള്‍ക്കും എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കറിയില്ല. എനിക്കു ബോധനമായി നല്‍കപ്പെടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍. വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതാരുമല്ല ഞാന്‍.

قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ وَشَهِدَ شَاهِدٌۭ مِّنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ مِثْلِهِۦ فَـَٔامَنَ وَٱسْتَكْبَرْتُمْ ۖ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ ﴿١٠﴾

(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതായിരിക്കുകയും, എന്നിട്ട് നിങ്ങള്‍ ഇതില്‍ അവിശ്വസിക്കുകയും, ഇതു പോലുള്ളതിന് ഇസ്രായീല്‍ സന്തതികളില്‍ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാള്‍ (ഇതില്‍) വിശ്വസിക്കുകയും, നിങ്ങള്‍ അഹംഭാവം നടിക്കുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (നിങ്ങളുടെ നില എത്ര മോശമായിരിക്കും?) അക്രമകാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

കാരകുന്ന് & എളയാവൂര്

ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചോ? ഇതു ദൈവത്തില്‍നിന്നുള്ളതു തന്നെ ആവുകയും എന്നിട്ട് നിങ്ങളതിനെ നിഷേധിക്കുകയുമാണെങ്കിലോ? ഇങ്ങനെ ഒന്നിന് ഇസ്രായേല്‍ മക്കളിലെ ഒരു സാക്ഷി തെളിവു നല്‍കിയിട്ടുണ്ട്. അങ്ങനെ അയാള്‍ വിശ്വസിച്ചു. നിങ്ങളോ ഗര്‍വ് നടിച്ചു. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ لَوْ كَانَ خَيْرًۭا مَّا سَبَقُونَآ إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا۟ بِهِۦ فَسَيَقُولُونَ هَٰذَآ إِفْكٌۭ قَدِيمٌۭ ﴿١١﴾

വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികള്‍ പറഞ്ഞു: ഇതൊരു നല്ലകാര്യമായിരുന്നെങ്കില്‍ ഞങ്ങളെക്കാള്‍ മുമ്പ് ഇവര്‍ അതില്‍ എത്തിച്ചേരുകയില്ലായിരുന്നു. ഇതുമുഖേന അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടില്ലാത്തതു കൊണ്ട് അവര്‍ പറഞ്ഞേക്കും; ഇതൊരു പഴക്കം ചെന്ന വ്യാജവാദമാണെന്ന്‌.

കാരകുന്ന് & എളയാവൂര്

സത്യവിശ്വാസികളോട് സത്യനിഷേധികള്‍ പറഞ്ഞു: \"ഈ ഖുര്‍ആന്‍ നല്ലതായിരുന്നെങ്കില്‍ ഇതിലിവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നില്ല.\" ഇതുവഴി അവര്‍ നേര്‍വഴിയിലാകാത്തതിനാല്‍ അവര്‍ പറയും: \"ഇതൊരു പഴഞ്ചന്‍ കെട്ടുകഥതന്നെ!\"

وَمِن قَبْلِهِۦ كِتَٰبُ مُوسَىٰٓ إِمَامًۭا وَرَحْمَةًۭ ۚ وَهَٰذَا كِتَٰبٌۭ مُّصَدِّقٌۭ لِّسَانًا عَرَبِيًّۭا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ ﴿١٢﴾

മാതൃകായോഗ്യമായിക്കൊണ്ടും കാരുണ്യമായിക്കൊണ്ടും ഇതിനു മുമ്പ് മൂസായുടെ ഗ്രന്ഥം വന്നിട്ടുണ്ട്‌. ഇത് (അതിനെ) സത്യപ്പെടുത്തുന്ന അറബിഭാഷയിലുള്ള ഒരു ഗ്രന്ഥമാകുന്നു. അക്രമം ചെയ്തവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയും, സദ്‌വൃത്തര്‍ക്ക് സന്തോഷവാര്‍ത്ത ആയിക്കൊണ്ടും.

കാരകുന്ന് & എളയാവൂര്

ഒരു മാതൃകയും അനുഗ്രഹവുമെന്ന നിലയില്‍ മൂസായുടെ വേദം ഇതിനു മുമ്പേയുള്ളതാണല്ലോ. അതിനെ സത്യപ്പെടുത്തുന്ന അറബി ഭാഷയിലുള്ള വേദപുസ്തകമാണിത്. അക്രമികളെ താക്കീത് ചെയ്യാന്‍. സദ്വൃത്തരെ സുവാര്‍ത്ത അറിയിക്കാനും.

إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١٣﴾

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

കാരകുന്ന് & എളയാവൂര്

ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേര്‍വഴിയില്‍ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരില്ല.

أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ خَٰلِدِينَ فِيهَا جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ ﴿١٤﴾

അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌.

കാരകുന്ന് & എളയാവൂര്

അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. അവരിവിടെ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണത്.

وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ إِحْسَٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًۭا وَوَضَعَتْهُ كُرْهًۭا ۖ وَحَمْلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةًۭ قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًۭا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ ﴿١٥﴾

തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.

കാരകുന്ന് & എളയാവൂര്

മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. ക്ളേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പതു മാസം. അവനങ്ങനെ കരുത്തനാവുകയും നാല്‍പത് വയസ്സാവുകയും ചെയ്താല്‍ ഇങ്ങനെ പ്രാര്‍ഥിക്കും: \"എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നീയെന്നെ തുണയ്ക്കേണമേ; നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും. എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ. ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഉറപ്പായും ഞാന്‍ അനുസരണമുള്ളവരില്‍ പെട്ടവനാണ്.\"

أُو۟لَٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَٰبِ ٱلْجَنَّةِ ۖ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ ﴿١٦﴾

അത്തരക്കാരില്‍ നിന്നാകുന്നു അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവര്‍) സ്വര്‍ഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്‌.

കാരകുന്ന് & എളയാവൂര്

അത്തരക്കാരില്‍ നിന്ന് അവരുടെ സുകൃതങ്ങള്‍ നാം സ്വീകരിക്കും. ദുര്‍വൃത്തികളോട് വിട്ടുവീഴ്ച കാണിക്കും. അവര്‍ സ്വര്‍ഗവാസികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്കു നല്‍കിയിരുന്ന സത്യവാഗ്ദാനമനുസരിച്ച്.

وَٱلَّذِى قَالَ لِوَٰلِدَيْهِ أُفٍّۢ لَّكُمَآ أَتَعِدَانِنِىٓ أَنْ أُخْرَجَ وَقَدْ خَلَتِ ٱلْقُرُونُ مِن قَبْلِى وَهُمَا يَسْتَغِيثَانِ ٱللَّهَ وَيْلَكَ ءَامِنْ إِنَّ وَعْدَ ٱللَّهِ حَقٌّۭ فَيَقُولُ مَا هَٰذَآ إِلَّآ أَسَٰطِيرُ ٱلْأَوَّلِينَ ﴿١٧﴾

ഒരാള്‍- തന്‍റെ മാതാപിതാക്കളോട് അവന്‍ പറഞ്ഞു: ഛെ, നിങ്ങള്‍ക്ക് കഷ്ടം! ഞാന്‍ (മരണാനന്തരം) പുറത്ത് കൊണ്ടവരപ്പെടും എന്ന് നിങ്ങള്‍ രണ്ടുപേരും എന്നോട് വാഗ്ദാനം ചെയ്യുകയാണോ? എനിക്ക് മുമ്പ് തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അവര്‍ (മാതാപിതാക്കള്‍) അല്ലാഹുവോട് സഹായം തേടിക്കൊണ്ട് പറയുന്നു: നിനക്ക് നാശം. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അപ്പോള്‍ അവന്‍ പറയുന്നു. ഇതൊക്കെ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു.

കാരകുന്ന് & എളയാവൂര്

എന്നാല്‍ തന്റെ മാതാപിതാക്കളോട് ഇങ്ങനെ പറയുന്നവനോ; \"നിങ്ങള്‍ക്കു നാശം! ഞാന്‍ മരണശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നാണോ നിങ്ങളെന്നോട് വാഗ്ദാനം ചെയ്യുന്നത്? എന്നാല്‍ എനിക്കുമുമ്പേ എത്രയോ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്.\" അപ്പോള്‍ അവന്റെ മാതാപിതാക്കള്‍ ദൈവസഹായം തേടിക്കൊണ്ടു പറയുന്നു: \"നിനക്കു നാശം! നീ വിശ്വസിക്കുക! അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെ. തീര്‍ച്ച.\" അപ്പോള്‍ അവന്‍ പിറുപിറുക്കും: \"ഇതൊക്കെയും പൂര്‍വികരുടെ പഴങ്കഥകള്‍ മാത്രം.\"

أُو۟لَٰٓئِكَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍۢ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَٰسِرِينَ ﴿١٨﴾

അത്തരക്കാരുടെ കാര്യത്തിലാകുന്നു (ശിക്ഷയുടെ) വചനം സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നത്‌. ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവരുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള പല സമുദായങ്ങളുടെ കൂട്ടത്തില്‍. തീര്‍ച്ചയായും അവര്‍ നഷ്ടം പറ്റിയവരാകുന്നു.

കാരകുന്ന് & എളയാവൂര്

ഇവരത്രെ ശിക്ഷാവിധി ബാധകമായിക്കഴിഞ്ഞവര്‍. ഇതേവിധം ഇവര്‍ക്കു മുമ്പേ കഴിഞ്ഞുപോയ ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടത്തില്‍ തന്നെയാണിവരും. കൊടും നഷ്ടത്തിലകപ്പെട്ടവരാണിവര്‍.

وَلِكُلٍّۢ دَرَجَٰتٌۭ مِّمَّا عَمِلُوا۟ ۖ وَلِيُوَفِّيَهُمْ أَعْمَٰلَهُمْ وَهُمْ لَا يُظْلَمُونَ ﴿١٩﴾

ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചുള്ള പദവികളുണ്ട്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്ക് ഫലം പൂര്‍ത്തിയാക്കികൊടുക്കാനുമാണത്‌. അവരോട് അനീതി കാണിക്കപ്പെടുകയില്ല.

കാരകുന്ന് & എളയാവൂര്

ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിനൊത്ത പദവികളാണുണ്ടാവുക. ഏവര്‍ക്കും തങ്ങളുടെ കര്‍മഫലം തികവോടെ നല്‍കാനാണിത്. ആരും തീരെ അനീതിക്കിരയാവില്ല.

وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ ﴿٢٠﴾

സത്യനിഷേധികള്‍ നരകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും:) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ന്യായം കൂടാതെ നിങ്ങള്‍ ഭൂമിയില്‍ അഹംഭാവം നടിച്ചിരുന്നതിന്‍റെ ഫലമായും നിങ്ങള്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായും ഇന്നു നിങ്ങള്‍ക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്‍കപ്പെടുന്നു.

കാരകുന്ന് & എളയാവൂര്

സത്യനിഷേധികളെ നരകത്തിനു മുന്നില്‍ കൊണ്ടുവരുന്ന ദിവസം അവരോട് പറയും: ഐഹിക ജീവിതത്തില്‍ തന്നെ നിങ്ങളുടെ വിശിഷ്ട വിഭവങ്ങളൊക്കെയും നിങ്ങള്‍ തുലച്ചുകളഞ്ഞിരിക്കുന്നു. അതിന്റെ ആനന്ദം ആസ്വദിക്കുകയും ചെയ്തു. ഇന്നു നിങ്ങള്‍ക്ക് പ്രതിഫലമായുള്ളത് വളരെ നിന്ദ്യമായ ശിക്ഷയാണ്. നിങ്ങള്‍ അനര്‍ഹമായി ഭൂമിയില്‍ നിഗളിച്ചു നടന്നതിനാലാണിത്. അധര്‍മം പ്രവര്‍ ത്തിച്ചതിനാലും.

۞ وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍۢ ﴿٢١﴾

ആദിന്‍റെ സഹോദരനെ (അഥവാ ഹൂദിനെ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ് അദ്ദേഹം താക്കീത് നല്‍കിയത്‌.)

കാരകുന്ന് & എളയാവൂര്

ആദിന്റെ സഹോദരന്റെ വിവരം അറിയിച്ചുകൊടുക്കുക. അഹ്ഖാഫിലെ തന്റെ ജനതക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയ കാര്യം. മുന്നറിയിപ്പുകാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കഴിഞ്ഞുപോയിട്ടുണ്ട്. ആ മുന്നറിയിപ്പിതാ: അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ വഴിപ്പെട്ട് ജീവിക്കരുത്. നിങ്ങളുടെ മേല്‍ ഭീകരനാളിലെ ശിക്ഷ വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ﴿٢٢﴾

അവര്‍ പറഞ്ഞു: ഞങ്ങളുടെ ദൈവങ്ങളില്‍ നിന്ന് ഞങ്ങളെ തിരിച്ചുവിടാന്‍ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്കു നീ താക്കീത് നല്‍കുന്നത് (ശിക്ഷ) ഞങ്ങള്‍ക്കു കൊണ്ടു വന്നു തരൂ.

കാരകുന്ന് & എളയാവൂര്

അവര്‍ ചോദിച്ചു: ഞങ്ങളുടെ ദൈവങ്ങളില്‍നിന്ന് ഞങ്ങളെ തെറ്റിക്കാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? എന്നാല്‍ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക! നീ സത്യവാനെങ്കില്‍!

قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَٰكِنِّىٓ أَرَىٰكُمْ قَوْمًۭا تَجْهَلُونَ ﴿٢٣﴾

അദ്ദേഹം പറഞ്ഞു: (അതിനെപ്പറ്റിയുള്ള) അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതു ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു. എന്നാല്‍ നിങ്ങളെ ഞാന്‍ കാണുന്നത് അവിവേകം കാണിക്കുന്ന ഒരു ജനതയായിട്ടാണ്‌.

കാരകുന്ന് & എളയാവൂര്

അദ്ദേഹം പറഞ്ഞു: അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രം! എന്നെ ഏല്പിച്ചയച്ച സന്ദേശം ഞാനിതാ നിങ്ങള്‍ക്കെത്തിച്ചു തരുന്നു. എന്നാല്‍ തീര്‍ത്തും അവിവേകികളായ ജനമായാണല്ലോ നിങ്ങളെ ഞാന്‍ കാണുന്നത്.

فَلَمَّا رَأَوْهُ عَارِضًۭا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَٰذَا عَارِضٌۭ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌۭ فِيهَا عَذَابٌ أَلِيمٌۭ ﴿٢٤﴾

അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം! അല്ല, നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിയോ അതു തന്നെയാണിത്‌. അതെ വേദനയേറിയ ശിക്ഷ ഉള്‍കൊള്ളുന്ന ഒരു കാറ്റ്‌.

കാരകുന്ന് & എളയാവൂര്

അങ്ങനെ ആ ശിക്ഷ ഒരിരുണ്ട മേഘമായി തങ്ങളുടെ താഴ്വരയുടെ നേരെ വരുന്നത് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: \"നമുക്കു മഴ തരാന്‍ വരുന്ന മേഘം!\" എന്നാല്‍ നിങ്ങള്‍ ധൃതി കൂട്ടിക്കൊണ്ടിരുന്ന കാര്യമാണിത്. നോവേറിയ ശിക്ഷയുടെ കൊടുങ്കാറ്റ്!

تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ ﴿٢٥﴾

അതിന്‍റെ രക്ഷിതാവിന്‍റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.

കാരകുന്ന് & എളയാവൂര്

അത് തന്റെ നാഥന്റെ കല്‍പനയനുസരിച്ച് സകലതിനെയും തകര്‍ത്ത് തരിപ്പണമാക്കുന്നു. അങ്ങനെ അവരുടെ പാര്‍പ്പിടങ്ങളല്ലാതെ അവരെയാരെയും അവിടെ കാണാതായി. ഇവ്വിധമാണ് കുറ്റവാളികള്‍ക്ക് നാം പ്രതിഫലമേകുന്നത്.

وَلَقَدْ مَكَّنَّٰهُمْ فِيمَآ إِن مَّكَّنَّٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًۭا وَأَبْصَٰرًۭا وَأَفْـِٔدَةًۭ فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴿٢٦﴾

നിങ്ങള്‍ക്ക് നാം സ്വാധീനം നല്‍കിയിട്ടില്ലാത്ത മേഖലകളില്‍ അവര്‍ക്കു നാം സ്വാധീനം നല്‍കുകയുണ്ടായി. കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതിനാല്‍ അവരുടെ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവര്‍ പരിഹസിച്ചിരുന്നുവോ അത് അവരില്‍ വന്നുഭവിക്കുകയും ചെയ്തു.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ക്കു തന്നിട്ടില്ലാത്ത ചില സൌകര്യങ്ങള്‍ നാം അവര്‍ക്ക് നല്‍കിയിരുന്നു. അവര്‍ക്കു നാം കേള്‍വിയും കാഴ്ചയും ബുദ്ധിയുമേകി. എന്നാല്‍ ആ കേള്‍വിയോ കാഴ്ചയോ ബുദ്ധിയോ അവര്‍ക്ക് ഒട്ടും ഉപകരിച്ചില്ല. കാരണം, അവര്‍ അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിച്ചു തള്ളുകയായിരുന്നു. അങ്ങനെ അവര്‍ ഏതിനെയാണോ പരിഹസിച്ചുകൊണ്ടിരുന്നത് അതവരെ വലയം ചെയ്തു.

وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْءَايَٰتِ لَعَلَّهُمْ يَرْجِعُونَ ﴿٢٧﴾

നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. ആ രാജ്യക്കാര്‍ സത്യത്തിലേക്കു മടങ്ങുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുകയും ചെയ്തു.

കാരകുന്ന് & എളയാവൂര്

നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളെയും നാം നശിപ്പിക്കുകയുണ്ടായി. അവര്‍ സത്യത്തിലേക്കു തിരിച്ചുവരാനായി നമ്മുടെ വചനങ്ങള്‍ നാം അവര്‍ക്ക് വിശദമായി വിവരിച്ചുകൊടുത്തിരുന്നു.

فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ ۖ بَلْ ضَلُّوا۟ عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ ﴿٢٨﴾

അല്ലാഹുവിന് പുറമെ (അവനിലേക്ക്‌) സാമീപ്യം കിട്ടുവാനായി അവര്‍ ദൈവങ്ങളായി സ്വീകരിച്ചവര്‍ അപ്പോള്‍ എന്തുകൊണ്ട് അവരെ സഹായിച്ചില്ല? അല്ല, അവരെ വിട്ട് അവര്‍ (ദൈവങ്ങള്‍) അപ്രത്യക്ഷരായി. അത് (ബഹുദൈവവാദം) അവരുടെ വകയായുള്ള വ്യാജവും, അവര്‍ കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയിരുന്നതുമത്രെ.

കാരകുന്ന് & എളയാവൂര്

അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനായി അവനെക്കൂടാതെ അവര്‍ സ്വീകരിച്ച ദൈവങ്ങള്‍ ശിക്ഷാവേളയില്‍ എന്തുകൊണ്ട് അവരെ സഹായിച്ചില്ല? ആ ദൈവങ്ങള്‍ അവരില്‍നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. ഇതാണ് അവരുടെ പൊള്ളത്തരത്തിന്റെയും അവര്‍ കെട്ടിച്ചമച്ചതിന്റെയും അവസ്ഥ.

وَإِذْ صَرَفْنَآ إِلَيْكَ نَفَرًۭا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ ﴿٢٩﴾

ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക് ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി.

കാരകുന്ന് & എളയാവൂര്

ജിന്നുകളില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ കേട്ടു മനസ്സിലാക്കാനായി നിന്നിലേക്ക് തിരിച്ചുവിട്ടത് ഓര്‍ക്കുക. അങ്ങനെ അതിന് ഹാജറായപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: \"നിശ്ശബ്ദത പാലിക്കുക.\" പിന്നെ അതില്‍നിന്ന് വിരമിച്ചപ്പോള്‍ അവര്‍ സ്വന്തം ജനത്തിലേക്ക് മുന്നറിയിപ്പുകാരായി തിരിച്ചുപോയി.

قَالُوا۟ يَٰقَوْمَنَآ إِنَّا سَمِعْنَا كِتَٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًۭا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍۢ مُّسْتَقِيمٍۢ ﴿٣٠﴾

അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴി കാട്ടുന്നു.

കാരകുന്ന് & എളയാവൂര്

അവര്‍ അറിയിച്ചു: \"ഞങ്ങളുടെ സമുദായമേ, ഞങ്ങള്‍ ഒരു വേദഗ്രന്ഥം കേട്ടു. അത് മൂസാക്കുശേഷം അവതീര്‍ണമായതാണ്. മുമ്പുണ്ടായിരുന്ന വേദങ്ങളെ ശരിവെക്കുന്നതും. അത് സത്യത്തിലേക്ക് വഴിനയിക്കുന്നു. നേര്‍വഴിയിലേക്കും.

يَٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍۢ ﴿٣١﴾

ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും, അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്‌.

കാരകുന്ന് & എളയാവൂര്

\"ഞങ്ങളുടെ സമുദായമേ, അല്ലാഹുവിലേക്ക് വിളിക്കുന്നവന് ഉത്തരമേകുക. അദ്ദേഹത്തില്‍ വിശ്വസിക്കുക. എങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുതരും. നോവേറും ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.\"

وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍۢ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍۢ مُّبِينٍ ﴿٣٢﴾

അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവന് ആരെങ്കിലും ഉത്തരം നല്‍കുന്നില്ലെങ്കിലോ, അവന് ഈ ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാനൊന്നുമാവില്ല. അല്ലാഹുവല്ലാതെ അവന് രക്ഷകരായി ആരുമില്ല. അവര്‍ വ്യക്തമായ വഴികേടില്‍ തന്നെ.

أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَٰدِرٍ عَلَىٰٓ أَن يُحْۦِىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ ﴿٣٣﴾

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന്‍ തന്നെയാണെന്ന് അവര്‍ക്ക് കണ്ടുകൂടെ? അതെ; തീര്‍ച്ചയായും അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

കാരകുന്ന് & എളയാവൂര്

അവര്‍ കണ്ടറിയുന്നില്ലേ; ആകാശഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയാലൊട്ടും തളരാത്തവനുമായ അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുറ്റവനാണെന്ന്? അറിയുക: ഉറപ്പായും അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ.

وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَٰذَا بِٱلْحَقِّ ۖ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ ﴿٣٤﴾

സത്യനിഷേധികള്‍ നരകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം. (അവരോട് ചോദിക്കപ്പെടും;) ഇതു സത്യം തന്നെയല്ലേ എന്ന്‌. അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ! അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി ശിക്ഷ ആസ്വദിച്ചു കൊള്ളുക.

കാരകുന്ന് & എളയാവൂര്

സത്യനിഷേധികളെ നരകത്തിന്നടുത്ത് കൊണ്ടുവരുംനാള്‍ അവരോട് ചോദിക്കും: \"ഇതു യാഥാര്‍ഥ്യം തന്നെയല്ലേ?\" അവര്‍ പറയും: \"അതെ! ഞങ്ങളുടെ നാഥന്‍ തന്നെ സത്യം!\" അല്ലാഹു പറയും: \"നിങ്ങള്‍ നിഷേധിച്ചിരുന്നതിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക.\"

فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةًۭ مِّن نَّهَارٍۭ ۚ بَلَٰغٌۭ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَٰسِقُونَ ﴿٣٥﴾

ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്‌. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്‌) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?

കാരകുന്ന് & എളയാവൂര്

അതിനാല്‍ നീ ക്ഷമിക്കുക. ഇഛാശക്തിയുള്ള ദൈവദൂതന്മാര്‍ ക്ഷമിച്ചപോലെ. ഈ സത്യനിഷേധികളുടെ കാര്യത്തില്‍ നീ തിരക്കു കൂട്ടാതിരിക്കുക. അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്ന ശിക്ഷ നേരില്‍ കാണുന്ന ദിവസം അവര്‍ക്കു തോന്നും: തങ്ങള്‍ പകലില്‍നിന്നൊരു വിനാഴിക നേരമല്ലാതെ ഭൂലോകത്ത് വസിച്ചിട്ടില്ലെന്ന്. ഇത് ഒരറിയിപ്പാണ്. ഇനിയും അധര്‍മികളല്ലാതെ ആരെങ്കിലും നാശത്തിന്നര്‍ഹരാകുമോ?