Setting
Surah She that disputes [Al-Mujadila] in Malayalam
قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ ﴿١﴾
(നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.
ٱلَّذِينَ يُظَٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَٰتِهِمْ ۖ إِنْ أُمَّهَٰتُهُمْ إِلَّا ٱلَّٰٓـِٔى وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًۭا مِّنَ ٱلْقَوْلِ وَزُورًۭا ۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٌۭ ﴿٢﴾
നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ (അബദ്ധമാകുന്നു ചെയ്യുന്നത്.) അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്.
നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നു. എന്നാല്‍ ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍ നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും.
وَٱلَّذِينَ يُظَٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍۢ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ ﴿٣﴾
തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.
തങ്ങളുടെ ഭാര്യമാരെ ളിഹാര്‍ ചെയ്യുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍നിന്ന് പിന്‍മാറുകയും ചെയ്യുന്നവര്‍; ഇരുവരും പരസ്പരം സ്പര്‍ശിക്കുംമുമ്പെ ഒരടിമയെ മോചിപ്പിക്കണം. നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു.
فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًۭا ۚ ذَٰلِكَ لِتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ ۚ وَتِلْكَ حُدُودُ ٱللَّهِ ۗ وَلِلْكَٰفِرِينَ عَذَابٌ أَلِيمٌ ﴿٤﴾
ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവന്നും (അത്) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്‍റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
ആര്‍ക്കെങ്കിലും അടിമയെ കിട്ടുന്നില്ലെങ്കില്‍ അവര്‍ ശാരീരിക ബന്ധം പുലര്‍ത്തും മുമ്പെ പുരുഷന്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. ആര്‍ക്കെങ്കിലും അതിനും കഴിയാതെ വരുന്നുവെങ്കില്‍ അയാള്‍ അറുപത് അഗതികള്‍ക്ക് അന്നം നല്‍കണം. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം സംരക്ഷിക്കാനാണിത്. അല്ലാഹു നിശ്ചയിച്ച ചിട്ടകളാണിവ. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُوا۟ كَمَا كُبِتَ ٱلَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَآ ءَايَٰتٍۭ بَيِّنَٰتٍۢ ۚ وَلِلْكَٰفِرِينَ عَذَابٌۭ مُّهِينٌۭ ﴿٥﴾
തീര്‍ച്ചയായും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്.
അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ തങ്ങളുടെ മുന്‍ഗാമികള്‍ നിന്ദിക്കപ്പെട്ടപോലെ നിന്ദിതരാകും. നാം വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു; ഉറപ്പായും സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.
يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًۭا فَيُنَبِّئُهُم بِمَا عَمِلُوٓا۟ ۚ أَحْصَىٰهُ ٱللَّهُ وَنَسُوهُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ ﴿٦﴾
അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും, എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത് കാര്യത്തിനും സാക്ഷിയാകുന്നു.
അല്ലാഹു സകലരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ദിവസം. അവരതൊക്കെ മറന്നിരിക്കാമെങ്കിലും അല്ലാഹു എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അല്ലാഹു സകലകാര്യങ്ങള്‍ക്കും സാക്ഷിയാണ്.
أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴿٧﴾
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകള്‍ക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യ ഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനെക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവരെന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് പുനരുത്ഥാന നാളില്‍ അവരെ ഉണര്‍ത്തുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ്; തീര്‍ച്ച.
أَلَمْ تَرَ إِلَى ٱلَّذِينَ نُهُوا۟ عَنِ ٱلنَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا۟ عَنْهُ وَيَتَنَٰجَوْنَ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَإِذَا جَآءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِىٓ أَنفُسِهِمْ لَوْلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ ٱلْمَصِيرُ ﴿٨﴾
രഹസ്യസംഭാഷണം നടത്തുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടുള്ളവരെ നീ കണ്ടില്ലേ? അവര്‍ ഏതൊന്നില്‍ നിന്നു വിലക്കപ്പെട്ടുവോ അതിലേക്കവര്‍ പിന്നീട് മടങ്ങുന്നു.പാപത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും അവര്‍ പരസ്പരം രഹസ്യഉപദേശം നടത്തുകയും ചെയ്യുന്നു. അവര്‍ നിന്‍റെ അടുത്ത് വന്നാല്‍ നിന്നെ അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്ത രീതിയില്‍ അവര്‍ നിനക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യും. ഞങ്ങള്‍ ഈ പറയുന്നതിന്‍റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ അന്യോന്യം പറയുകയും ചെയ്യും. അവര്‍ക്കു നരകം മതി. അവര്‍ അതില്‍ എരിയുന്നതാണ്. ആ പര്യവസാനം എത്ര ചീത്ത.
വിലക്കപ്പെട്ട ഗൂഢാലോചന വീണ്ടും നടത്തുന്നവരെ നീ കണ്ടില്ലേ? പാപത്തിനും അതിക്രമത്തിനും ദൈവദൂതനെ ധിക്കരിക്കാനുമാണ് അവര്‍ ഗൂഢാലോചന നടത്തുന്നത്. അവര്‍ നിന്റെ അടുത്തുവന്നാല്‍ അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്ത വിധം അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു. എന്നിട്ട്: “ഞങ്ങളിങ്ങനെ പറയുന്നതിന്റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാത്തതെന്ത്” എന്ന് അവര്‍ സ്വയം ചോദിക്കുകയും ചെയ്യുന്നു. അവര്‍ക്കു അര്‍ഹമായ ശിക്ഷ നരകം തന്നെ. അവരതിലെരിയും. അവരെത്തുന്നിടം എത്ര ചീത്ത!
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَنَٰجَيْتُمْ فَلَا تَتَنَٰجَوْا۟ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَتَنَٰجَوْا۟ بِٱلْبِرِّ وَٱلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ ﴿٩﴾
സത്യവിശ്വാസികളേ, നിങ്ങള്‍ രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ അധര്‍മ്മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും നിങ്ങള്‍ രഹസ്യസംഭാഷണം നടത്തരുത്. പുണ്യത്തിന്‍റെയും ഭയഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ രഹസ്യഉപദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
വിശ്വസിച്ചവരേ, നിങ്ങള്‍ രഹസ്യാലോചന നടത്തുകയാണെങ്കില്‍ അത് പാപത്തിനും അതിക്രമത്തിനും പ്രവാചകധിക്കാരത്തിനും വേണ്ടിയാവരുത്. നന്മയുടെയും ഭക്തിയുടെയും കാര്യത്തില്‍ പരസ്പരാലോചന നടത്തുക. നിങ്ങള്‍ ദൈവഭക്തരാവുക. അവസാനം നിങ്ങള്‍ ഒത്തുകൂടുക അവന്റെ സന്നിധിയിലാണല്ലോ.
إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَٰنِ لِيَحْزُنَ ٱلَّذِينَ ءَامَنُوا۟ وَلَيْسَ بِضَآرِّهِمْ شَيْـًٔا إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴿١٠﴾
ആ രഹസ്യസംസാരം പിശാചില്‍ നിന്നുള്ളത് മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കാന്‍ വേണ്ടിയാകുന്നു അത്. എന്നാല്‍ അല്ലാഹുവിന്‍റെ അനുമതികൂടാതെ അതവര്‍ക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.
ഗൂഢാലോചന തീര്‍ത്തും പൈശാചികം തന്നെ. വിശ്വാസികളെ ദുഃഖിതരാക്കാന്‍ വേണ്ടിയാണത്. എന്നാല്‍ അല്ലാഹുവിന്റെ അനുമതിയില്ലാതെ അതവര്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَٰتٍۢ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ ﴿١١﴾
സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൌകര്യപ്പെടുത്തി കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യപ്പെടുത്തിത്തരുന്നതാണ്. നിങ്ങള്‍ എഴുന്നേറ്റ് പോകണമെന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേറ്റ് പോകണം. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
സത്യവിശ്വാസികളേ, സദസ്സുകളില്‍ മറ്റുള്ളവര്‍ക്കു സൌകര്യമൊരുക്കിക്കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ നീങ്ങിയിരുന്ന് ഇടം നല്‍കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യമൊരുക്കിത്തരും. “പിരിഞ്ഞുപോവുക” എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റ് പോവുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةًۭ ۚ ذَٰلِكَ خَيْرٌۭ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ ﴿١٢﴾
സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക. അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്. ഇനി നിങ്ങള്‍ക്ക് (ദാനം ചെയ്യാന്‍) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവദൂതനുമായി സ്വകാര്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പായി വല്ലതും ദാനമായി നല്‍കുക. അതു നിങ്ങള്‍ക്ക് പുണ്യവും പവിത്രവുമത്രെ. അഥവാ, നിങ്ങള്‍ക്ക് അതിന് കഴിവില്ലെങ്കില്‍, അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.
ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَٰتٍۢ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ ﴿١٣﴾
നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കു മുമ്പേ വല്ലതും ദാനം നല്‍കണമെന്നത് നിങ്ങള്‍ക്ക് വിഷമകരമായോ? നിങ്ങള്‍ അങ്ങനെ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തതിനാല്‍ നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത് നല്‍കുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ ﴿١٤﴾
അല്ലാഹു കോപിച്ച ഒരു വിഭാഗ (യഹൂദര്‍) വുമായി മൈത്രിയില്‍ ഏര്‍പെട്ടവരെ (മുനാഫിഖുകളെ) നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരല്ല. അവരില്‍ (യഹൂദരില്‍) പെട്ടവരുമല്ല. അവര്‍ അറിഞ്ഞു കൊണ്ട് കള്ള സത്യം ചെയ്യുന്നു.
ദൈവകോപത്തിന്നിരയായ ജനത യുമായി ഉറ്റബന്ധം സ്ഥാപിച്ച കപടവിശ്വാസികളെ നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരോ ജൂതന്മാരില്‍ പെട്ടവരോ അല്ല. അവര്‍ ബോധപൂര്‍വം കള്ളസത്യം ചെയ്യുകയാണ്.
أَعَدَّ ٱللَّهُ لَهُمْ عَذَابًۭا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ ﴿١٥﴾
അല്ലാഹു അവര്‍ക്ക് കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം എത്രയോ ദുഷിച്ചതായിരിക്കുന്നു.
അല്ലാഹു അവര്‍ക്ക് കൊടിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് തീര്‍ത്തും ചീത്ത തന്നെ.
ٱتَّخَذُوٓا۟ أَيْمَٰنَهُمْ جُنَّةًۭ فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌۭ مُّهِينٌۭ ﴿١٦﴾
അവരുടെ ശപഥങ്ങളെ അവര്‍ ഒരു പരിചയാക്കിത്തീര്‍ത്തിരിക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞു. അതിനാല്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.
തങ്ങളുടെ ശപഥങ്ങളെ അവര്‍ ഒരു മറയായുപയോഗിക്കുകയാണ്. അങ്ങനെ അവര്‍ ജനങ്ങളെ ദൈവമാര്‍ഗത്തില്‍നിന്ന് തെറ്റിക്കുന്നു. അതിനാലവര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.
لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴿١٧﴾
അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ അവര്‍ക്ക് ഒട്ടും പ്രയോജനപ്പെടുകയില്ല. അത്തരക്കാരാകുന്നു നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
തങ്ങളുടെ സമ്പത്തോ സന്താനങ്ങളോ അല്ലാഹുവില്‍നിന്ന് രക്ഷ നേടാന്‍ അവര്‍ക്ക് ഒട്ടും ഉപകരിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ സ്ഥിരവാസികളായിരിക്കും.
يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًۭا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَٰذِبُونَ ﴿١٨﴾
അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. നിങ്ങളോടവര്‍ ശപഥം ചെയ്യുന്നത് പോലെ അവനോടും അവര്‍ ശപഥം ചെയ്യും. തങ്ങള്‍ (ഈ കള്ള സത്യം മൂലം) എന്തോ ഒന്ന് നേടിയതായി അവര്‍ വിചാരിക്കുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ തന്നെയാകുന്നു കള്ളം പറയുന്നവര്‍
അവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്പിക്കുന്ന ദിവസം അവര്‍ നിങ്ങളോട് ശപഥം ചെയ്യുന്നതുപോലെ അവനോടും ശപഥം ചെയ്യും. അതുകൊണ്ട് തങ്ങള്‍ക്ക് നേട്ടം കിട്ടുമെന്ന് അവര്‍ കരുതുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെ.
ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَٰٓئِكَ حِزْبُ ٱلشَّيْطَٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَٰنِ هُمُ ٱلْخَٰسِرُونَ ﴿١٩﴾
പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനം അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്‍റെ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്‍റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍ .
പിശാച് അവരെ തന്റെ പിടിയിലൊതുക്കിയിരിക്കുന്നു. അങ്ങനെ അല്ലാഹുവെ ഓര്‍ക്കുന്നതില്‍ നിന്ന് അവനവരെ മറപ്പിച്ചിരിക്കുന്നു. അവരാണ് പിശാചിന്റെ പാര്‍ട്ടി. അറിയുക: നഷ്ടം പറ്റുന്നത് പിശാചിന്റെ പാര്‍ട്ടിക്കാര്‍ക്കുതന്നെയാണ്.
إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَٰٓئِكَ فِى ٱلْأَذَلِّينَ ﴿٢٠﴾
തീര്‍ച്ചയായും അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തുനില്‍ക്കുന്നവരാരോ അക്കൂട്ടര്‍ ഏറ്റവും നിന്ദ്യന്‍മാരായവരുടെ കൂട്ടത്തിലാകുന്നു.
അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെക്കുന്നവര്‍ പരമനിന്ദ്യരില്‍ പെട്ടവരത്രെ.
كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌۭ ﴿٢١﴾
തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.
ഉറപ്പായും താനും തന്റെ ദൂതന്മാരും തന്നെയാണ് വിജയം വരിക്കുകയെന്ന് അല്ലാഹു വിധി എഴുതിക്കഴിഞ്ഞിരിക്കുന്നു. അല്ലാഹു സര്‍വശക്തനും അജയ്യനുമാണ്; തീര്‍ച്ച.
لَّا تَجِدُ قَوْمًۭا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍۢ مِّنْهُ ۖ وَيُدْخِلُهُمْ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ ﴿٢٢﴾
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട് സ്നേഹബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാനാവില്ല. ആ വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി. അവരുടെ മനസ്സുകളില്‍ അല്ലാഹു സത്യവിശ്വാസം സുദൃഢമാക്കുകയും തന്നില്‍നിന്നുള്ള ആത്മചൈതന്യത്താല്‍ അവരെ പ്രബലരാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ അവരെ താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അതിലവര്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കും. അല്ലാഹുവിനെ സംബന്ധിച്ച് അവരും സംതൃപ്തരായിരിക്കും. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക; ഉറപ്പായും അല്ലാഹുവിന്റെ കക്ഷിക്കാര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍.