Main pages

Surah Mutual Disillusion [At-Taghabun] in Malayalam

Surah Mutual Disillusion [At-Taghabun] Ayah 18 Location Madanah Number 64

يُسَبِّحُ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ لَهُ ٱلْمُلْكُ وَلَهُ ٱلْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ ﴿١﴾

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നു. അവന്നാണ് ആധിപത്യം. അവന്നാണ് സ്തുതി. അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.

കാരകുന്ന് & എളയാവൂര്

ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിനെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവന്നാണ് ആധിപത്യം. അവന്നാണ് സര്‍വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുറ്റവന്‍.

هُوَ ٱلَّذِى خَلَقَكُمْ فَمِنكُمْ كَافِرٌۭ وَمِنكُم مُّؤْمِنٌۭ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴿٢﴾

അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ട് നിങ്ങളുടെ കൂട്ടത്തില്‍ സത്യനിഷേധിയുണ്ട്‌. നിങ്ങളുടെ കൂട്ടത്തില്‍ വിശ്വാസിയുമുണ്ട്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി കണ്ടറിയുന്നവനാകുന്നു.

കാരകുന്ന് & എളയാവൂര്

അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. നിങ്ങളില്‍ സത്യനിഷേധികളുണ്ട്. സത്യവിശ്വാസികളുമുണ്ട്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടേയിരിക്കുന്നു.

خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ وَإِلَيْهِ ٱلْمَصِيرُ ﴿٣﴾

ആകാശങ്ങളും, ഭൂമിയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും, നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. അവങ്കലേക്കാകുന്നു തിരിച്ചുപോക്ക്‌.

കാരകുന്ന് & എളയാവൂര്

ആകാശഭൂമികളെ അവന്‍ യാഥാര്‍ഥ്യനിഷ്ഠയോടെ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് അവന്‍ രൂപമേകി. നിങ്ങളുടെ രൂപം അവന്‍ ആകര്‍ഷകമാക്കുകയും ചെയ്തു. നിങ്ങളുടെ തിരിച്ചുപോക്ക് അവങ്കലേക്കാണ്.

يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴿٤﴾

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.

കാരകുന്ന് & എളയാവൂര്

ആകാശഭൂമികളിലുള്ളതൊക്കെയും അവനറിയുന്നു. നിങ്ങള്‍ ഒളിച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതുമെല്ലാം അവനറിയുന്നു. മനസ്സിലുള്ളതുപോലും അറിയുന്നവനാണ് അല്ലാഹു.

أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَبْلُ فَذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌۭ ﴿٥﴾

മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടില്ലേ? അങ്ങനെ അവരുടെ നിലപാടിന്‍റെ ഭവിഷ്യത്ത് അവര്‍ അനുഭവിച്ചു. അവര്‍ക്കു (പരലോകത്ത്‌) വേദനയേറിയ ശിക്ഷയുമുണ്ട്‌.

കാരകുന്ന് & എളയാവൂര്

മുമ്പ് സത്യനിഷേധികളാവുകയും അങ്ങനെ തങ്ങളുടെ ദുര്‍വൃത്തികളുടെ കെടുതി അനുഭവിക്കുകയും ചെയ്തവരുടെ വിവരം നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ? ഇനിയവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്.

ذَٰلِكَ بِأَنَّهُۥ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَٰتِ فَقَالُوٓا۟ أَبَشَرٌۭ يَهْدُونَنَا فَكَفَرُوا۟ وَتَوَلَّوا۟ ۚ وَّٱسْتَغْنَى ٱللَّهُ ۚ وَٱللَّهُ غَنِىٌّ حَمِيدٌۭ ﴿٦﴾

അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കുകയോ? അങ്ങനെ അവര്‍ അവിശ്വസിക്കുകയും പിന്തിരിഞ്ഞു കളയുകയും ചെയ്തു. അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.

കാരകുന്ന് & എളയാവൂര്

അതെന്തുകൊണ്ടെന്നാല്‍ അവര്‍ക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ അവര്‍ പറഞ്ഞു: \"കേവലം ഒരു മനുഷ്യന്‍ ഞങ്ങളെ വഴികാട്ടുകയോ?” അങ്ങനെ അവര്‍ അവിശ്വസിച്ചു. പിന്തിരിയുകയും ചെയ്തു. അല്ലാഹുവിന് അവരുടെ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല. അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.

زَعَمَ ٱلَّذِينَ كَفَرُوٓا۟ أَن لَّن يُبْعَثُوا۟ ۚ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٌۭ ﴿٧﴾

തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു.(നബിയേ,)പറയുക: അതെ; എന്‍റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു.

കാരകുന്ന് & എളയാവൂര്

സത്യനിഷേധികള്‍ വാദിച്ചു, തങ്ങളൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന്. പറയുക: എന്റെ നാഥന്‍ സാക്ഷി! നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെചെയ്യും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും; തീര്‍ച്ച. അത് അല്ലാഹുവിന് നന്നേ എളുപ്പമാണ്.

فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ ﴿٨﴾

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്‌.

കാരകുന്ന് & എളയാവൂര്

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം ഇറക്കിത്തന്ന വെളിച്ചത്തിലും വിശ്വസിക്കുക. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ ۗ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَٰلِحًۭا يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُدْخِلْهُ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًۭا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴿٩﴾

ആ സമ്മേളനദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അവന്‍റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതില്‍ (സ്വര്‍ഗത്തില്‍) അവര്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.

കാരകുന്ന് & എളയാവൂര്

ആ മഹാസംഗമ ദിവസം അല്ലാഹു നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുമ്പോള്‍; ഓര്‍ക്കുക, അതത്രെ ലാഭചേതങ്ങളുടെ ദിവസം. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചു കളയും. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് അതിമഹത്തായ വിജയം.

وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ خَٰلِدِينَ فِيهَا ۖ وَبِئْسَ ٱلْمَصِيرُ ﴿١٠﴾

അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവരാകട്ടെ അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (അവര്‍) ചെന്നെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ.

കാരകുന്ന് & എളയാവൂര്

സത്യത്തെ തള്ളിപ്പറയുകയും നമ്മുടെ സൂക്തങ്ങളെ കളവാക്കുകയും ചെയ്തവരോ; അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. എത്ര ചീത്ത സങ്കേതം!

مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۭ ﴿١١﴾

അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹുവിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഒരാപത്തും സംഭവിക്കുന്നില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവനാരോ, അവന്റെ മനസ്സിനെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്.

وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۚ فَإِن تَوَلَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا ٱلْبَلَٰغُ ٱلْمُبِينُ ﴿١٢﴾

അല്ലാഹുവെ നിങ്ങള്‍ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. ഇനി നിങ്ങള്‍ പിന്തിരിയുന്ന പക്ഷം നമ്മുടെ റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. പ്രവാചകനെയും അനുസരിക്കുക. അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍, സത്യസന്ദേശമെത്തിച്ചുതരിക എന്നതല്ലാതെ നമ്മുടെ ദൂതന് മറ്റു ബാധ്യതകളൊന്നുമില്ല.

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴿١٣﴾

അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. അല്ലാഹുവിന്‍റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്‌.

കാരകുന്ന് & എളയാവൂര്

അല്ലാഹു. അവനല്ലാതെ ദൈവമില്ല. അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَٰدِكُمْ عَدُوًّۭا لَّكُمْ فَٱحْذَرُوهُمْ ۚ وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ ﴿١٤﴾

സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്‌. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

കാരകുന്ന് & എളയാവൂര്

വിശ്വസിച്ചവരേ, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ സൂക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തു കൊടുക്കുകയുമാണെങ്കില്‍, തീര്‍ച്ചയായും അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.

إِنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌۭ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌۭ ﴿١٥﴾

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌.

കാരകുന്ന് & എളയാവൂര്

നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലം.

فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ وَٱسْمَعُوا۟ وَأَطِيعُوا۟ وَأَنفِقُوا۟ خَيْرًۭا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿١٦﴾

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.

കാരകുന്ന് & എളയാവൂര്

അതിനാല്‍ ആവുന്നത്ര നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. ധനം ചെലവു ചെയ്യുക. അതു നിങ്ങള്‍ക്കുതന്നെ ഗുണകരമായിരിക്കും. മനസ്സിന്റെ പിശുക്കില്‍നിന്ന് വിടുതി നേടുന്നവരാരോ അവരാകുന്നു വിജയികള്‍.

إِن تُقْرِضُوا۟ ٱللَّهَ قَرْضًا حَسَنًۭا يُضَٰعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَٱللَّهُ شَكُورٌ حَلِيمٌ ﴿١٧﴾

നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം നല്‍കുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്കത് ഇരട്ടിയായി മടക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കും. അല്ലാഹു ഏറെ നന്ദി കാണിക്കുന്നവനും ക്ഷമാലുവുമാകുന്നു.

عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ٱلْعَزِيزُ ٱلْحَكِيمُ ﴿١٨﴾

അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും യുക്തിമാനുമാകുന്നു അവന്‍.

കാരകുന്ന് & എളയാവൂര്

തെളിഞ്ഞതും ഒളിഞ്ഞതും അറിയുന്നവനാണവന്‍. പ്രതാപിയും യുക്തിജ്ഞനും.