Setting
Surah The man [Al-Insan] in Malayalam
هَلْ أَتَىٰ عَلَى ٱلْإِنسَٰنِ حِينٌۭ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًۭٔا مَّذْكُورًا ﴿١﴾
മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?
താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ?
إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍۢ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعًۢا بَصِيرًا ﴿٢﴾
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.
മനുഷ്യനെ നാം കൂടിക്കലര്‍ന്ന ദ്രവകണ ത്തില്‍നിന്ന് സൃഷ്ടിച്ചു; നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാമവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി.
إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًۭا وَإِمَّا كَفُورًا ﴿٣﴾
തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.
ഉറപ്പായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു. അവന് നന്ദിയുള്ളവനാകാം. നന്ദികെട്ടവനുമാകാം.
إِنَّآ أَعْتَدْنَا لِلْكَٰفِرِينَ سَلَٰسِلَا۟ وَأَغْلَٰلًۭا وَسَعِيرًا ﴿٤﴾
തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു.
ഉറപ്പായും സത്യനിഷേധികള്‍ക്കു നാം ചങ്ങലകളും വിലങ്ങുകളും കത്തിക്കാളുന്ന നരകത്തീയും ഒരുക്കിവെച്ചിരിക്കുന്നു.
إِنَّ ٱلْأَبْرَارَ يَشْرَبُونَ مِن كَأْسٍۢ كَانَ مِزَاجُهَا كَافُورًا ﴿٥﴾
തീര്‍ച്ചയായും പുണ്യവാന്‍മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും.
സുകര്‍മികളോ, തീര്‍ച്ചയായും അവര്‍ കര്‍പ്പൂരം ചേര്‍ത്ത പാനീയം നിറച്ച ചഷകത്തില്‍നിന്ന് പാനം ചെയ്യുന്നതാണ്.
عَيْنًۭا يَشْرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفْجِيرًۭا ﴿٦﴾
അല്ലാഹുവിന്‍റെ ദാസന്‍മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്. അവരത് പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും.
അത് ഒരുറവയായിരിക്കും. ദൈവദാസന്മാര്‍ അതില്‍നിന്നാണ് കുടിക്കുക. അവരതിനെ ഇഷ്ടാനുസൃതം കൈവഴികളായി ഒഴുക്കിക്കൊണ്ടിരിക്കും.
يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًۭا كَانَ شَرُّهُۥ مُسْتَطِيرًۭا ﴿٧﴾
നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും.
അവര്‍; നേര്‍ച്ചകള്‍ നിറവേറ്റുന്നവരാണ്. ഒരു ഭീകരനാളിനെ പേടിക്കുന്നവരും. വിപത്ത് പടര്‍ന്നു പിടിക്കുന്ന നാളിനെ.
وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًۭا وَيَتِيمًۭا وَأَسِيرًا ﴿٨﴾
ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും.
ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും ബന്ധിതന്നും നല്‍കുന്നു.
إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءًۭ وَلَا شُكُورًا ﴿٩﴾
(അവര്‍ പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
അവര്‍ പറയും: \"അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًۭا قَمْطَرِيرًۭا ﴿١٠﴾
മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു.
\"ഞങ്ങളുടെ നാഥനില്‍ നിന്നുള്ള ദുസ്സഹവും ഭീകരവുമായ ഒരു നാളിനെ ഞങ്ങള്‍ ഭയപ്പെടുന്നു.”
فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلْيَوْمِ وَلَقَّىٰهُمْ نَضْرَةًۭ وَسُرُورًۭا ﴿١١﴾
അതിനാല്‍ ആ ദിവസത്തിന്‍റെ തിന്‍മയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും, പ്രസന്നതയും സന്തോഷവും അവര്‍ക്കു അവന്‍ നല്‍കുകയും ചെയ്യുന്നതാണ്.
അതിനാല്‍ ആ നാളിന്റെ നാശത്തില്‍നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിച്ചു. അവര്‍ക്ക് സമാശ്വാസവും സന്തോഷവും സമ്മാനിച്ചു.
وَجَزَىٰهُم بِمَا صَبَرُوا۟ جَنَّةًۭ وَحَرِيرًۭا ﴿١٢﴾
അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്.
അവര്‍ ക്ഷമ പാലിച്ചതിനാല്‍ പ്രതിഫലമായി അവനവര്‍ക്ക് പൂന്തോപ്പുകളും പട്ടുടുപ്പുകളും പ്രദാനം ചെയ്തു.
مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۖ لَا يَرَوْنَ فِيهَا شَمْسًۭا وَلَا زَمْهَرِيرًۭا ﴿١٣﴾
അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല.
അവരവിടെ ഉയര്‍ന്ന മഞ്ചങ്ങളില്‍ ചാരിയിരിക്കും. അത്യുഷ്ണമോ അതിശൈത്യമോ അനുഭവിക്കുകയില്ല.
وَدَانِيَةً عَلَيْهِمْ ظِلَٰلُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًۭا ﴿١٤﴾
ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.
സ്വര്‍ഗീയഛായ അവര്‍ക്കു മേല്‍ തണല്‍ വിരിക്കും. അതിലെ പഴങ്ങള്‍, പറിച്ചെടുക്കാന്‍ പാകത്തില്‍ അവരുടെ അധീനതയിലായിരിക്കും.
وَيُطَافُ عَلَيْهِم بِـَٔانِيَةٍۢ مِّن فِضَّةٍۢ وَأَكْوَابٍۢ كَانَتْ قَوَارِيرَا۠ ﴿١٥﴾
വെള്ളിയുടെ പാത്രങ്ങളും (മിനുസം കൊണ്ട്) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍ (പരിചാരകന്‍മാര്‍) ചുറ്റി നടക്കുന്നതാണ്.
വെള്ളിപ്പാത്രങ്ങളും സ്ഫടികക്കോപ്പകളുമായി പരിചാരകര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും.
قَوَارِيرَا۟ مِن فِضَّةٍۢ قَدَّرُوهَا تَقْدِيرًۭا ﴿١٦﴾
വെള്ളിക്കോപ്പകള്‍. അവര്‍ അവയ്ക്ക് (പാത്രങ്ങള്‍ക്ക്) ഒരു തോതനുസരിച്ച് അളവ് നിര്‍ണയിച്ചിരിക്കും.
ആ സ്ഫടികവും വെള്ളിമയമായിരിക്കും. പരിചാരകര്‍ അവ കണിശതയോടെ കണക്കാക്കിവെക്കുന്നു.
وَيُسْقَوْنَ فِيهَا كَأْسًۭا كَانَ مِزَاجُهَا زَنجَبِيلًا ﴿١٧﴾
ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക് അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്.
ഇഞ്ചിനീരിന്റെ ചേരുവ ചേര്‍ത്ത പാനീയം അവര്‍ക്കവിടെ കുടിക്കാന്‍ കിട്ടും.
عَيْنًۭا فِيهَا تُسَمَّىٰ سَلْسَبِيلًۭا ﴿١٨﴾
അതായത് അവിടത്തെ (സ്വര്‍ഗത്തിലെ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.
അത് സ്വര്‍ഗത്തിലെ ഒരരുവിയില്‍ നിന്നുള്ളതാണ്. സല്‍സബീല്‍ എന്നാണ് അതിനെ വിളിക്കുക.
۞ وَيَطُوفُ عَلَيْهِمْ وِلْدَٰنٌۭ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًۭا مَّنثُورًۭا ﴿١٩﴾
അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ് അവരെന്ന് നീ വിചാരിക്കും.
നിത്യബാല്യം നല്‍കപ്പെട്ട കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റിനടന്നുകൊണ്ടിരിക്കും. അവരെ കണ്ടാല്‍ ചിതറിത്തെറിച്ച മുത്തുകളായേ നിനക്ക് തോന്നൂ.
وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًۭا وَمُلْكًۭا كَبِيرًا ﴿٢٠﴾
അവിടം നീ കണ്ടാല്‍ സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്.
സ്വര്‍ഗത്തില്‍ മഹത്തായ അനുഗ്രഹങ്ങളും ഒരു മഹാസാമ്രാജ്യത്തിന്റെ അവസ്ഥയും നിനക്കു കാണാം.
عَٰلِيَهُمْ ثِيَابُ سُندُسٍ خُضْرٌۭ وَإِسْتَبْرَقٌۭ ۖ وَحُلُّوٓا۟ أَسَاوِرَ مِن فِضَّةٍۢ وَسَقَىٰهُمْ رَبُّهُمْ شَرَابًۭا طَهُورًا ﴿٢١﴾
അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക് അണിയിക്കപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്.
അവിടെ നേര്‍ത്തുമിനുത്ത പച്ചവില്ലൂസും കട്ടിയുള്ള പട്ടുടവയുമാണ് അവരെ അണിയിക്കുക. അവര്‍ക്ക് അവിടെ വെള്ളിവളകള്‍ അണിയിക്കുന്നതാണ്. അവരുടെ നാഥന്‍ അവരെ പരിശുദ്ധമായ പാനീയം കുടിപ്പിക്കുകയും ചെയ്യും.
إِنَّ هَٰذَا كَانَ لَكُمْ جَزَآءًۭ وَكَانَ سَعْيُكُم مَّشْكُورًا ﴿٢٢﴾
(അവരോട് പറയപ്പെടും:) തീര്‍ച്ചയായും അത് നിങ്ങള്‍ക്കുള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെട്ടിരിക്കയാകുന്നൂ.
ഇതാണ് നിങ്ങള്‍ക്കുള്ള പ്രതിഫലം; തീര്‍ച്ച. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്ദിപൂര്‍വം സ്വീകരിക്കപ്പെട്ടവയത്രെ.
إِنَّا نَحْنُ نَزَّلْنَا عَلَيْكَ ٱلْقُرْءَانَ تَنزِيلًۭا ﴿٢٣﴾
തീര്‍ച്ചയായും നാം നിനക്ക് ഈ ഖുര്‍ആനിനെ അല്‍പാല്‍പമായി അവതരിപ്പിച്ചു തന്നിരിക്കുന്നു.
ഉറപ്പായും ഈ ഖുര്‍ആന്‍ നിനക്ക് നാം അല്‍പാല്‍പമായി ഇറക്കിത്തന്നിരിക്കുന്നു.
فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ ءَاثِمًا أَوْ كَفُورًۭا ﴿٢٤﴾
ആകയാല്‍ നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന് യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്.
അതിനാല്‍ നീ നിന്റെ നാഥന്റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. അവരിലെ കുറ്റവാളിയെയോ സത്യനിഷേധിയെയോ നീ അനുസരിക്കരുത്.
وَٱذْكُرِ ٱسْمَ رَبِّكَ بُكْرَةًۭ وَأَصِيلًۭا ﴿٢٥﴾
നിന്‍റെ രക്ഷിതാവിന്‍റെ നാമം കാലത്തും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക.
നിന്റെ നാഥന്റെ നാമം കാലത്തും വൈകുന്നേരവും സ്മരിക്കുക.
وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًۭا طَوِيلًا ﴿٢٦﴾
രാത്രിയില്‍ നീ അവനെ പ്രണമിക്കുകയും ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.
രാത്രിയില്‍ അവന്ന് സാഷ്ടാംഗം പ്രണമിക്കുക. നീണ്ട നിശാവേളകളില്‍ അവന്റെ മഹത്വം കീര്‍ത്തിക്കുക.
إِنَّ هَٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًۭا ثَقِيلًۭا ﴿٢٧﴾
തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്‍റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.
എന്നാല്‍ ഇക്കൂട്ടര്‍, ക്ഷണികമായ ഐഹിക നേട്ടമാണ് ഇഷ്ടപ്പെടുന്നത്. വരാനിരിക്കുന്ന ഭാരമേറിയ നാളിന്റെ കാര്യമവര്‍ പിറകോട്ട് തട്ടിമാറ്റുന്നു.
نَّحْنُ خَلَقْنَٰهُمْ وَشَدَدْنَآ أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَآ أَمْثَٰلَهُمْ تَبْدِيلًا ﴿٢٨﴾
നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക് തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കു പകരം കൊണ്ടു വരുന്നതുമാണ്.
നാമാണ് അവരെ സൃഷ്ടിച്ചത്. അവരുടെ ശരീരഘടനക്ക് കരുത്തേകിയതും നാം തന്നെ. നാം ഇഛിക്കുന്നുവെങ്കില്‍ അവരുടെ രൂപം അപ്പാടെ മാറ്റിമറിക്കാവുന്നതാണ്.
إِنَّ هَٰذِهِۦ تَذْكِرَةٌۭ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًۭا ﴿٢٩﴾
തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.
തീര്‍ച്ചയായും ഇത് ഒരു ഉദ്ബോധനമാണ്. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്കുള്ള മാര്‍ഗമവലംബിക്കട്ടെ.
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًۭا ﴿٣٠﴾
അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ക്ക് അതിഷ്ടപ്പെടാനാവില്ല. നിശ്ചയമായും അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ്.
يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّٰلِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًۢا ﴿٣١﴾
അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അക്രമകാരികള്‍ക്കാവട്ടെ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.
താനിഛിക്കുന്നവരെ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കുന്നു. അക്രമികള്‍ക്കോ, നോവേറിയ ശിക്ഷയാണ് അവന്‍ ഒരുക്കിവെച്ചിരിക്കുന്നത്.