Main pages

Surah Sad [Sad] in Malayalam

Surah Sad [Sad] Ayah 88 Location Maccah Number 38

صٓ ۚ وَٱلْقُرْءَانِ ذِى ٱلذِّكْرِ ﴿١﴾

സ്വാദ്‌- ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.

കാരകുന്ന് & എളയാവൂര്

സ്വാദ്. ഉദ്ബോധനമുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.

بَلِ ٱلَّذِينَ كَفَرُوا۟ فِى عِزَّةٍۢ وَشِقَاقٍۢ ﴿٢﴾

എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു.

കാരകുന്ന് & എളയാവൂര്

എന്നാല്‍ സത്യനിഷേധികള്‍ ഔദ്ധത്യത്തിലും കിടമത്സരത്തിലുമാണ്.

كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍۢ فَنَادَوا۟ وَّلَاتَ حِينَ مَنَاصٍۢ ﴿٣﴾

അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല.

കാരകുന്ന് & എളയാവൂര്

ഇവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. അപ്പോഴെല്ലാമവര്‍ അലമുറയിട്ടു. എന്നാല്‍ അത് രക്ഷപ്പെടാനുള്ള അവസരമായിരുന്നില്ല.

وَعَجِبُوٓا۟ أَن جَآءَهُم مُّنذِرٌۭ مِّنْهُمْ ۖ وَقَالَ ٱلْكَٰفِرُونَ هَٰذَا سَٰحِرٌۭ كَذَّابٌ ﴿٤﴾

അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു

കാരകുന്ന് & എളയാവൂര്

തങ്ങളില്‍ നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ തങ്ങളിലേക്കു വന്നത് ഇക്കൂട്ടരെ വല്ലാതെ അദ്ഭുതപ്പെടുത്തിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: \"ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരന്‍ തന്നെ.

أَجَعَلَ ٱلْءَالِهَةَ إِلَٰهًۭا وَٰحِدًا ۖ إِنَّ هَٰذَا لَشَىْءٌ عُجَابٌۭ ﴿٥﴾

ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ

കാരകുന്ന് & എളയാവൂര്

\"ഇവന്‍ സകല ദൈവങ്ങളെയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കയാണോ? എങ്കിലിത് വല്ലാത്തൊരു വിസ്മയകരമായ കാര്യം തന്നെ!\"

وَٱنطَلَقَ ٱلْمَلَأُ مِنْهُمْ أَنِ ٱمْشُوا۟ وَٱصْبِرُوا۟ عَلَىٰٓ ءَالِهَتِكُمْ ۖ إِنَّ هَٰذَا لَشَىْءٌۭ يُرَادُ ﴿٦﴾

അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്‌) പോയി: നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു.

കാരകുന്ന് & എളയാവൂര്

പ്രമാണിമാര്‍ ഇങ്ങനെ പറഞ്ഞു സ്ഥലംവിട്ടു: \"നിങ്ങള്‍ പോകൂ; നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളില്‍ തന്നെ ഉറച്ചുനില്‍ക്കൂ. ഇത് ഉദ്ദേശ്യപൂര്‍വം ചെയ്യുന്ന കാര്യം തന്നെ.

مَا سَمِعْنَا بِهَٰذَا فِى ٱلْمِلَّةِ ٱلْءَاخِرَةِ إِنْ هَٰذَآ إِلَّا ٱخْتِلَٰقٌ ﴿٧﴾

അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു.

കാരകുന്ന് & എളയാവൂര്

\"അവസാനം വന്നെത്തിയ സമുദായത്തില്‍ ഇതേപ്പറ്റി ഞങ്ങളൊന്നും കേട്ടിട്ടില്ല. ഇതൊരു കൃത്രിമ സൃഷ്ടി മാത്രമാണ്.

أَءُنزِلَ عَلَيْهِ ٱلذِّكْرُ مِنۢ بَيْنِنَا ۚ بَلْ هُمْ فِى شَكٍّۢ مِّن ذِكْرِى ۖ بَل لَّمَّا يَذُوقُوا۟ عَذَابِ ﴿٨﴾

ഞങ്ങളുടെ ഇടയില്‍ നിന്ന് ഉല്‍ബോധനം ഇറക്കപ്പെട്ടത് ഇവന്‍റെ മേലാണോ? അങ്ങനെയൊന്നുമല്ല. അവര്‍ എന്‍റെ ഉല്‍ബോധനത്തെപ്പറ്റി തന്നെ സംശയത്തിലാകുന്നു. അല്ല, അവര്‍ എന്‍റെ ശിക്ഷ ഇതുവരെ ആസ്വദിക്കുകയുണ്ടായിട്ടില്ല.

കാരകുന്ന് & എളയാവൂര്

\"നമുക്കിടയില്‍ നിന്ന് ഇവന്നാണോ ഉദ്ബോധനം ഇറക്കിക്കിട്ടിയത്?\" എന്നാല്‍ അങ്ങനെയല്ല. ഇവര്‍ എന്റെ ഉദ്ബോധനത്തെ സംബന്ധിച്ച് തികഞ്ഞ സംശയത്തിലാണ്. ഇവര്‍ ഇതേവരെ നമ്മുടെ ശിക്ഷ ആസ്വദിക്കാത്തതിനാലാണിത്.

أَمْ عِندَهُمْ خَزَآئِنُ رَحْمَةِ رَبِّكَ ٱلْعَزِيزِ ٱلْوَهَّابِ ﴿٩﴾

അതല്ല, പ്രതാപിയും അത്യുദാരനുമായ നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകള്‍ അവരുടെ പക്കലാണോ?

കാരകുന്ന് & എളയാവൂര്

അതല്ല; പ്രതാപിയും അത്യുദാരനുമായ നിന്റെ നാഥന്റെ അനുഗ്രഹത്തിന്റെ ഭണ്ഡാരങ്ങള്‍ ഇവരുടെ വശമാണോ?

أَمْ لَهُم مُّلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ فَلْيَرْتَقُوا۟ فِى ٱلْأَسْبَٰبِ ﴿١٠﴾

അതല്ല, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം അവര്‍ക്കാണോ? എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ അവര്‍ കയറിനോക്കട്ടെ.

കാരകുന്ന് & എളയാവൂര്

അതുമല്ലെങ്കില്‍ ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും ആധിപത്യം ഇവര്‍ക്കാണോ? എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ ഇവരൊന്ന് കയറിനോക്കട്ടെ.

جُندٌۭ مَّا هُنَالِكَ مَهْزُومٌۭ مِّنَ ٱلْأَحْزَابِ ﴿١١﴾

പല കക്ഷികളില്‍ പെട്ട പരാജയപ്പെടാന്‍ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്‌.

കാരകുന്ന് & എളയാവൂര്

ഇവിടെയുള്ളത് ഒരു സൈനിക സംഘമാണ്. വിവിധ കക്ഷികളില്‍ നിന്നുള്ളവരാണ്. തോല്‍ക്കാന്‍പോകുന്ന ദുര്‍ബല സംഘം.

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ وَعَادٌۭ وَفِرْعَوْنُ ذُو ٱلْأَوْتَادِ ﴿١٢﴾

അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും, ആദ് സമുദായവും, ആണികളുറപ്പിച്ചിരുന്ന ഫിര്‍ഔനും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌,

കാരകുന്ന് & എളയാവൂര്

ഇവര്‍ക്കുമുമ്പ് നൂഹിന്റെ ജനതയും ആദും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ആണിയടിച്ചുറപ്പിച്ചിരുന്ന ഫറവോനും.

وَثَمُودُ وَقَوْمُ لُوطٍۢ وَأَصْحَٰبُ لْـَٔيْكَةِ ۚ أُو۟لَٰٓئِكَ ٱلْأَحْزَابُ ﴿١٣﴾

ഥമൂദ് സമുദായവും, ലൂത്വിന്‍റെ ജനതയും, മരക്കൂട്ടങ്ങളില്‍ വസിച്ചിരുന്നവരും (സത്യത്തെ നിഷേധിച്ചു തള്ളിയിട്ടുണ്ട്‌.) അക്കൂട്ടരത്രെ (സത്യത്തിനെതിരില്‍ അണിനിരന്ന) കക്ഷികള്‍.

കാരകുന്ന് & എളയാവൂര്

സമൂദ് സമുദായവും ലൂത്വിന്റെ ജനതയും ഐക്ക നിവാസികളും ഇതുതന്നെ ചെയ്തിട്ടുണ്ട്. അവരാണ് ആ സംഘങ്ങള്‍.

إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ ﴿١٤﴾

ഇവരാരും തന്നെ ദൂതന്‍മാരെ നിഷേധിച്ചു കളയാതിരുന്നിട്ടില്ല. അങ്ങനെ എന്‍റെ ശിക്ഷ (അവരില്‍) അനിവാര്യമായിത്തീര്‍ന്നു.

കാരകുന്ന് & എളയാവൂര്

ദൈവദൂതന്മാരെ തള്ളിപ്പറയാത്ത ആരും അവരിലില്ല. അതിനാല്‍ എന്റെ ശിക്ഷ അനിവാര്യമായിത്തീര്‍ന്നു.

وَمَا يَنظُرُ هَٰٓؤُلَآءِ إِلَّا صَيْحَةًۭ وَٰحِدَةًۭ مَّا لَهَا مِن فَوَاقٍۢ ﴿١٥﴾

ഒരൊറ്റ ഘോരശബ്ദമല്ലാതെ മറ്റൊന്നും ഇക്കൂട്ടര്‍ നോക്കിയിരിക്കുന്നില്ല. (അതു സംഭവിച്ചു കഴിഞ്ഞാല്‍) ഒട്ടും സാവകാശമുണ്ടായിരിക്കുകയില്ല.

കാരകുന്ന് & എളയാവൂര്

ഒരൊറ്റ ഘോരഗര്‍ജനം മാത്രമാണ് ഇക്കൂട്ടര്‍ കാത്തിരിക്കുന്നത്. അതിനുശേഷം കാലതാമസമുണ്ടാവില്ല.

وَقَالُوا۟ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ ﴿١٦﴾

അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്‌.

കാരകുന്ന് & എളയാവൂര്

ഇവര്‍ പറയുന്നു: \"ഞങ്ങളുടെ നാഥാ, വിചാരണ നാളിനു മുമ്പുതന്നെ ഞങ്ങള്‍ക്കുള്ള ശിക്ഷയുടെ വിഹിതം ഞങ്ങള്‍ക്കു നീ വേഗം നല്‍കേണമേ.\"

ٱصْبِرْ عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُۥدَ ذَا ٱلْأَيْدِ ۖ إِنَّهُۥٓ أَوَّابٌ ﴿١٧﴾

(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു.

കാരകുന്ന് & എളയാവൂര്

ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. നമ്മുടെ കരുത്തനായ ദാസന്‍ ദാവൂദിന്റെ കഥ ഇവര്‍ക്കു പറഞ്ഞുകൊടുക്കുക: തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങിയവനാണ്.

إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ ﴿١٨﴾

സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും സ്തോത്രകീര്‍ത്തനം നടത്തുന്ന നിലയില്‍ നാം പര്‍വ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു.

കാരകുന്ന് & എളയാവൂര്

മലകളെ നാം അദ്ദേഹത്തിന് അധീനപ്പെടുത്തി. അങ്ങനെ വൈകുന്നേരവും രാവിലെയും അവ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനം ചെയ്യാറുണ്ടായിരുന്നു.

وَٱلطَّيْرَ مَحْشُورَةًۭ ۖ كُلٌّۭ لَّهُۥٓ أَوَّابٌۭ ﴿١٩﴾

ശേഖരിക്കപ്പെട്ട നിലയില്‍ പറവകളെയും (നാം കീഴ്പെടുത്തി.) എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു.

കാരകുന്ന് & എളയാവൂര്

ഒരുമിച്ചു പറക്കുന്ന പറവകളെയും നാം അദ്ദേഹത്തിനു വിധേയമാക്കി. എല്ലാം അവന്റെ സങ്കീര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു.

وَشَدَدْنَا مُلْكَهُۥ وَءَاتَيْنَٰهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ ﴿٢٠﴾

അദ്ദേഹത്തിന്‍റെ ആധിപത്യം നാം സുശക്തമാക്കുകയും, അദ്ദേഹത്തിന് നാം തത്വജ്ഞാനവും തീര്‍പ്പുകല്‍പിക്കുവാന്‍ വേണ്ട സംസാരവൈഭവവും നല്‍കുകയും ചെയ്തു.

കാരകുന്ന് & എളയാവൂര്

അദ്ദേഹത്തിന്റെ ആധിപത്യം നാം ഭദ്രമാക്കി. അദ്ദേഹത്തിനു നാം തത്ത്വജ്ഞാനം നല്‍കി. തീര്‍പ്പുകല്‍പിക്കാന്‍ പോന്ന സംസാരശേഷിയും.

۞ وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ ﴿٢١﴾

വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്‍റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ?

കാരകുന്ന് & എളയാവൂര്

മതില്‍ കയറി മറിഞ്ഞ് ചാടിവന്ന ആ വഴക്കിടുന്ന കക്ഷികളുടെ വാര്‍ത്ത നിനക്കു വന്നെത്തിയിട്ടുണ്ടോ?

إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍۢ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ ﴿٢٢﴾

അവര്‍ ദാവൂദിന്‍റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്‌. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം.

കാരകുന്ന് & എളയാവൂര്

അവര്‍ ദാവൂദിന്റെ അടുത്തുകടന്നു ചെന്ന സന്ദര്‍ഭം! അദ്ദേഹം അവരെക്കണ്ട് പരിഭ്രാന്തനായി. അവര്‍ പറഞ്ഞു: \"പേടിക്കേണ്ട; തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് ഞങ്ങള്‍. ഞങ്ങളിലൊരുകൂട്ടര്‍ മറുകക്ഷിയോട് അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്കിടയില്‍ ന്യായമായ നിലയില്‍ തീര്‍പ്പുണ്ടാക്കണം. നീതികേട് കാട്ടരുത്. ഞങ്ങളെ നേര്‍വഴിയില്‍ നയിക്കുകയും വേണം.

إِنَّ هَٰذَآ أَخِى لَهُۥ تِسْعٌۭ وَتِسْعُونَ نَعْجَةًۭ وَلِىَ نَعْجَةٌۭ وَٰحِدَةٌۭ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ ﴿٢٣﴾

ഇതാ, ഇവന്‍ എന്‍റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്‌. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു.

കാരകുന്ന് & എളയാവൂര്

\"ഇതാ, ഇവനെന്റെ സഹോദരനാണ്. ഇവന്ന് തൊണ്ണൂറ്റൊമ്പത് പെണ്ണാടുണ്ട്. എനിക്കൊരു പെണ്ണാടും. എന്നിട്ടും ഇവന്‍ പറയുന്നു, അതുംകൂടി തനിക്ക് ഏല്‍പിച്ചുതരണമെന്ന്. വര്‍ത്തമാനത്തില്‍ ഇവനെന്നെ തോല്‍പിക്കുകയാണ്.\"

قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًۭا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَقَلِيلٌۭ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًۭا وَأَنَابَ ۩ ﴿٢٤﴾

അദ്ദേഹം (ദാവൂദ്‌) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാര്‍. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്‌. തുടര്‍ന്ന് അദ്ദേഹം തന്‍റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.

കാരകുന്ന് & എളയാവൂര്

ദാവൂദ് പറഞ്ഞു: \"തന്റെ ആടുകളുടെ കൂട്ടത്തിലേക്ക് നിന്റെ ആടിനെക്കൂടി ആവശ്യപ്പെടുന്നതിലൂടെ അവന്‍ നിന്നോട് അനീതി ചെയ്യുകയാണ്. കൂട്ടാളികളായി കഴിയുന്നവരിലേറെ പേരും പരസ്പരം അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അത്തരക്കാരുടെ എണ്ണം വളരെ കുറവാണ്.\" ദാവൂദിന് മനസ്സിലായി; നാം അദ്ദേഹത്തെ പരീക്ഷിച്ചതായിരുന്നുവെന്ന്. അതിനാല്‍ അദ്ദേഹം തന്റെ നാഥനോട് പാപമോചനം തേടി. കുമ്പിട്ടു വീണു. പശ്ചാത്തപിച്ചു മടങ്ങി.

فَغَفَرْنَا لَهُۥ ذَٰلِكَ ۖ وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍۢ ﴿٢٥﴾

അപ്പോള്‍ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യവും മടങ്ങിവരാന്‍ ഉത്തമമായ സ്ഥാനവുമുണ്ട്‌

കാരകുന്ന് & എളയാവൂര്

അപ്പോള്‍ നാം അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ സന്നിധിയില്‍ അടുത്ത സ്ഥാനമുണ്ട്. ഉത്തമമായ പര്യവസാനവും.

يَٰدَاوُۥدُ إِنَّا جَعَلْنَٰكَ خَلِيفَةًۭ فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ ۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌۭ شَدِيدٌۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ ﴿٢٦﴾

(അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്‌, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്‌. കാരണം അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്‌. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്‍റെ ഫലമത്രെ അത്‌.

കാരകുന്ന് & എളയാവൂര്

അല്ലാഹു പറഞ്ഞു: \"അല്ലയോ ദാവൂദ്, നിശ്ചയമായും നിന്നെ നാം ഭൂമിയില്‍ നമ്മുടെ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം ഭരണം നടത്തുക. തന്നിഷ്ടത്തെ പിന്‍പറ്റരുത്. അത് നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോകുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അവര്‍ വിചാരണ നാളിനെ മറന്നു കളഞ്ഞതിനാലാണിത്.\"

وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا بَٰطِلًۭا ۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُوا۟ ۚ فَوَيْلٌۭ لِّلَّذِينَ كَفَرُوا۟ مِنَ ٱلنَّارِ ﴿٢٧﴾

ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്‌. ആകയാല്‍ സത്യനിഷേധികള്‍ക്ക് നരകശിക്ഷയാല്‍ മഹാനാശം!

കാരകുന്ന് & എളയാവൂര്

ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം വെറുതെ സൃഷ്ടിച്ചതല്ല. അത് സത്യനിഷേധികളുടെ ധാരണയാണ്. സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്കുള്ളതാണ് നരകശിക്ഷയുടെ കൊടുംനാശം.

أَمْ نَجْعَلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَٱلْمُفْسِدِينَ فِى ٱلْأَرْضِ أَمْ نَجْعَلُ ٱلْمُتَّقِينَ كَٱلْفُجَّارِ ﴿٢٨﴾

അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ?

കാരകുന്ന് & എളയാവൂര്

അല്ല, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ നാം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെയാക്കുമോ? അതല്ല; ഭക്തന്മാരെ നാം തെമ്മാടികളെപ്പോലെയാക്കുമോ?

كِتَٰبٌ أَنزَلْنَٰهُ إِلَيْكَ مُبَٰرَكٌۭ لِّيَدَّبَّرُوٓا۟ ءَايَٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَٰبِ ﴿٢٩﴾

നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.

കാരകുന്ന് & എളയാവൂര്

നിനക്കു നാം ഇറക്കിത്തന്ന അനുഗൃഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിചാരശാലികള്‍ പാഠമുള്‍ക്കൊള്ളാനും.

وَوَهَبْنَا لِدَاوُۥدَ سُلَيْمَٰنَ ۚ نِعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ ﴿٣٠﴾

ദാവൂദിന് നാം സുലൈമാനെ (പുത്രന്‍) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു.

കാരകുന്ന് & എളയാവൂര്

ദാവൂദിനു നാം സുലൈമാനെ സമ്മാനിച്ചു. എത്ര നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാണ്.

إِذْ عُرِضَ عَلَيْهِ بِٱلْعَشِىِّ ٱلصَّٰفِنَٰتُ ٱلْجِيَادُ ﴿٣١﴾

കുതിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം.

കാരകുന്ന് & എളയാവൂര്

കുതിച്ചുപായാന്‍ തയ്യാറായി നില്‍ക്കുന്ന മേത്തരം കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന സന്ദര്‍ഭം.

فَقَالَ إِنِّىٓ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ ﴿٣٢﴾

അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവിന്‍റെ സ്മരണയുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യത്തെ ഞാന്‍ സ്നേഹിച്ചിട്ടുള്ളത്‌. അങ്ങനെ അവ (കുതിരകള്‍) മറവില്‍ പോയി മറഞ്ഞു.

കാരകുന്ന് & എളയാവൂര്

അപ്പോള്‍ അദ്ദേഹം പറഞ്ഞു: \"ഞാന്‍ ഈ സമ്പത്തിനെ സ്നേഹിക്കുന്നത് എന്റെ നാഥനെ സ്മരിക്കുന്നതുകൊണ്ടാണ്.\" അങ്ങനെ ആ കുതിരകള്‍ മുന്നില്‍നിന്ന് പോയി മറഞ്ഞു.

رُدُّوهَا عَلَىَّ ۖ فَطَفِقَ مَسْحًۢا بِٱلسُّوقِ وَٱلْأَعْنَاقِ ﴿٣٣﴾

(അപ്പോള്‍ അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അവയെ എന്‍റെ അടുത്തേക്ക് തിരിച്ചു കൊണ്ട് വരൂ. എന്നിട്ട് അദ്ദേഹം (അവയുടെ) കണങ്കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി.

കാരകുന്ന് & എളയാവൂര്

അദ്ദേഹം കല്‍പിച്ചു: \"നിങ്ങളവയെ എന്റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരിക.\" എന്നിട്ട് അദ്ദേഹം അവയുടെ കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി.

وَلَقَدْ فَتَنَّا سُلَيْمَٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًۭا ثُمَّ أَنَابَ ﴿٣٤﴾

സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സിംഹാസനത്തിന്‍മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി.

കാരകുന്ന് & എളയാവൂര്

സുലൈമാനെയും നാം പരീക്ഷിച്ചു. അദ്ദേഹത്തിന്റെ സിംഹാസനത്തില്‍ ഒരു ജഡം കൊണ്ടിട്ടു. പിന്നെ അദ്ദേഹം ഖേദിച്ചു മടങ്ങി.

قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكًۭا لَّا يَنۢبَغِى لِأَحَدٍۢ مِّنۢ بَعْدِىٓ ۖ إِنَّكَ أَنتَ ٱلْوَهَّابُ ﴿٣٥﴾

അദ്ദേഹം പറഞ്ഞു. എന്‍റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലന്‍.

കാരകുന്ന് & എളയാവൂര്

അദ്ദേഹം പറഞ്ഞു: \"നാഥാ, എനിക്കു നീ പൊറുത്തുതരേണമേ! എനിക്കുശേഷം മറ്റാര്‍ക്കും തരപ്പെടാത്ത രാജാധിപത്യം നീ എനിക്കു നല്‍കേണമേ. നീ തന്നെയാണ് എല്ലാം തരുന്നവന്‍; തീര്‍ച്ച.\"

فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ ﴿٣٦﴾

അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹത്തിന്‍റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൌമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു.

കാരകുന്ന് & എളയാവൂര്

അപ്പോള്‍ നാം അദ്ദേഹത്തിന് കാറ്റിനെ കീഴ്പ്പെടുത്തിക്കൊടുത്തു. താനിച്ഛിക്കുന്നേടത്തേക്ക് തന്റെ കല്‍പന പ്രകാരം അത് സൌമ്യമായി വീശിയിരുന്നു.

وَٱلشَّيَٰطِينَ كُلَّ بَنَّآءٍۢ وَغَوَّاصٍۢ ﴿٣٧﴾

എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു.)

കാരകുന്ന് & എളയാവൂര്

ചെകുത്താന്മാരെയും കീഴ്പെടുത്തിക്കൊടുത്തു. അവരിലെ എല്ലാ കെട്ടിട നിര്‍മാതാക്കളെയും മുങ്ങല്‍ വിദഗ്ധരെയും.

وَءَاخَرِينَ مُقَرَّنِينَ فِى ٱلْأَصْفَادِ ﴿٣٨﴾

ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ)യും (അധീനപ്പെടുത്തികൊടുത്തു.)

കാരകുന്ന് & എളയാവൂര്

ചങ്ങലകളിട്ടു പൂട്ടിയ മറ്റു ചിലരെയും അധീനപ്പെടുത്തിക്കൊടുത്തു.

هَٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍۢ ﴿٣٩﴾

ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച് കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല. (എന്ന് നാം സുലൈമാനോട് പറയുകയും ചെയ്തു.)

കാരകുന്ന് & എളയാവൂര്

നമ്മുടെ സമ്മാനമാണിത്. അതിനാല്‍ നിനക്കവരോട് ഔദാര്യം കാണിക്കാം. അല്ലെങ്കില്‍ അവരെ കൈവശം വെക്കാം. ആരും അതേക്കുറിച്ച് ചോദിക്കുകയില്ല.

وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍۢ ﴿٤٠﴾

തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യമുണ്ട്‌. മടങ്ങിയെത്താന്‍ ഉത്തമമായ സ്ഥാനവും.

കാരകുന്ന് & എളയാവൂര്

സംശയമില്ല; അദ്ദേഹത്തിന് നമ്മുടെയടുത്ത് ഉറ്റ സാമീപ്യമുണ്ട്. മെച്ചപ്പെട്ട പര്യവസാനവും.

وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَٰنُ بِنُصْبٍۢ وَعَذَابٍ ﴿٤١﴾

നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന് തന്‍റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം.

കാരകുന്ന് & എളയാവൂര്

നമ്മുടെ ദാസന്‍ അയ്യൂബിനെ ഓര്‍ക്കുക: അദ്ദേഹം തന്റെ നാഥനെ വിളിച്ചിങ്ങനെ പറഞ്ഞു: \"ചെകുത്താന്‍ എന്നെ ദുരിതവും പീഡനവും ഏല്‍പിച്ചല്ലോ.\"

ٱرْكُضْ بِرِجْلِكَ ۖ هَٰذَا مُغْتَسَلٌۢ بَارِدٌۭ وَشَرَابٌۭ ﴿٤٢﴾

(നാം നിര്‍ദേശിച്ചു:) നിന്‍റെ കാലുകൊണ്ട് നീ ചവിട്ടുക, ഇതാ! തണുത്ത സ്നാനജലവും കുടിനീരും

കാരകുന്ന് & എളയാവൂര്

നാം നിര്‍ദേശിച്ചു: \"നിന്റെ കാലുകൊണ്ട് നിലത്തു ചവിട്ടുക. ഇതാ തണുത്ത വെള്ളം! കുളിക്കാനും കുടിക്കാനും.\"

وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةًۭ مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَٰبِ ﴿٤٣﴾

അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍.

കാരകുന്ന് & എളയാവൂര്

അദ്ദേഹത്തിന് തന്റെ ആളുകളെയും അവരോടൊപ്പം അത്രതന്നെ വേറെ ആളുകളെയും നാം സമ്മാനിച്ചു. നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹമായാണത്. വിചാരശാലികള്‍ക്ക് ഉദ്ബോധനമായും.

وَخُذْ بِيَدِكَ ضِغْثًۭا فَٱضْرِب بِّهِۦ وَلَا تَحْنَثْ ۗ إِنَّا وَجَدْنَٰهُ صَابِرًۭا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌۭ ﴿٤٤﴾

നീ ഒരു പിടി പുല്ല് നിന്‍റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു.

കാരകുന്ന് & എളയാവൂര്

നാം പറഞ്ഞു: \"നീ ഒരുപിടി പുല്ല് കയ്യിലെടുക്കുക. എന്നിട്ട് അതുകൊണ്ട് അടിക്കുക. അങ്ങനെ ശപഥം പാലിക്കുക.\" സംശയമില്ല; നാം അദ്ദേഹത്തെ അങ്ങേയറ്റം ക്ഷമാശീലനായി കണ്ടു. വളരെ നല്ല അടിമ! തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു.

وَٱذْكُرْ عِبَٰدَنَآ إِبْرَٰهِيمَ وَإِسْحَٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَٰرِ ﴿٤٥﴾

കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക.

കാരകുന്ന് & എളയാവൂര്

നമ്മുടെ ദാസന്മാരായ ഇബ്റാഹീം, ഇസ്ഹാഖ്, യഅ്്ഖൂബ് എന്നിവരെയും ഓര്‍ക്കുക: കൈക്കരുത്തും ദീര്‍ഘദൃഷ്ടിയുമുള്ളവരായിരുന്നു അവര്‍.

إِنَّآ أَخْلَصْنَٰهُم بِخَالِصَةٍۢ ذِكْرَى ٱلدَّارِ ﴿٤٦﴾

നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്‌.

കാരകുന്ന് & എളയാവൂര്

പരലോകസ്മരണ എന്ന വിശിഷ്ട ഗുണം കാരണം നാമവരെ പ്രത്യേകം തെരഞ്ഞെടുത്തു.

وَإِنَّهُمْ عِندَنَا لَمِنَ ٱلْمُصْطَفَيْنَ ٱلْأَخْيَارِ ﴿٤٧﴾

തീര്‍ച്ചയായും അവര്‍ നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.

കാരകുന്ന് & എളയാവൂര്

സംശയമില്ല; അവര്‍ നമ്മുടെ അടുത്ത് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട സച്ചരിതരില്‍പെട്ടവരാണ്.

وَٱذْكُرْ إِسْمَٰعِيلَ وَٱلْيَسَعَ وَذَا ٱلْكِفْلِ ۖ وَكُلٌّۭ مِّنَ ٱلْأَخْيَارِ ﴿٤٨﴾

ഇസ്മാഈല്‍, അല്‍യസഅ്‌, ദുല്‍കിഫ്ല് എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.

കാരകുന്ന് & എളയാവൂര്

ഇസ്മാഈലിനെയും അല്‍യസഇനെയും ദുല്‍കിഫ്ലിനെയും ഓര്‍ക്കുക: ഇവരൊക്കെയും നല്ലവരായിരുന്നു.

هَٰذَا ذِكْرٌۭ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَـَٔابٍۢ ﴿٤٩﴾

ഇതൊരു ഉല്‍ബോധനമത്രെ. തീര്‍ച്ചയായും സൂക്ഷ്മതയുള്ളവര്‍ക്ക് മടങ്ങിച്ചെല്ലാന്‍ ഉത്തമമായ സ്ഥാനമുണ്ട്‌.

കാരകുന്ന് & എളയാവൂര്

ഇതൊരുദ്ബോധനമാണ്. തീര്‍ച്ചയായും ഭക്തജനത്തിന് മെച്ചപ്പെട്ട വാസസ്ഥലമുണ്ട്.

جَنَّٰتِ عَدْنٍۢ مُّفَتَّحَةًۭ لَّهُمُ ٱلْأَبْوَٰبُ ﴿٥٠﴾

അവര്‍ക്ക് വേണ്ടി കവാടങ്ങള്‍ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വര്‍ഗത്തോപ്പുകള്‍.

കാരകുന്ന് & എളയാവൂര്

നിത്യവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളാണത്. അതിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചവയാണ്.

مُتَّكِـِٔينَ فِيهَا يَدْعُونَ فِيهَا بِفَٰكِهَةٍۢ كَثِيرَةٍۢ وَشَرَابٍۢ ﴿٥١﴾

അവര്‍ അവിടെ ചാരി ഇരുന്നു വിശ്രമിച്ചു കൊണ്ട് സമൃദ്ധമായുള്ള ഫലവര്‍ഗങ്ങള്‍ക്കും പാനീയത്തിനും ആവശ്യപ്പെട്ട് കൊണ്ടിരിക്കും.

കാരകുന്ന് & എളയാവൂര്

അവരവിടെ ചാരിയിരിക്കും. ധാരാളം പഴങ്ങളും പാനീയങ്ങളും യഥേഷ്ടം ആവശ്യപ്പെട്ടുകൊണ്ടിരിക്കും.

۞ وَعِندَهُمْ قَٰصِرَٰتُ ٱلطَّرْفِ أَتْرَابٌ ﴿٥٢﴾

അവരുടെ അടുത്ത് ദൃഷ്ടി നിയന്ത്രിക്കുന്ന സമവയസ്ക്കരായ സ്ത്രീകളുണ്ടായിരിക്കും.

കാരകുന്ന് & എളയാവൂര്

അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്ന സമപ്രായക്കാരായ തരുണികളുണ്ടായിരിക്കും.

هَٰذَا مَا تُوعَدُونَ لِيَوْمِ ٱلْحِسَابِ ﴿٥٣﴾

ഇതത്രെ വിചാരണയുടെ ദിവസത്തേക്ക് നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്നത്‌.

കാരകുന്ന് & എളയാവൂര്

ഇതത്രെ വിചാരണനാളില്‍ നിങ്ങള്‍ക്കു നല്‍കാമെന്ന് നാം വാഗ്ദാനം ചെയ്യുന്നത്.

إِنَّ هَٰذَا لَرِزْقُنَا مَا لَهُۥ مِن نَّفَادٍ ﴿٥٤﴾

തീര്‍ച്ചയായും ഇത് നാം നല്‍കുന്ന ഉപജീവനമാകുന്നു. അത് തീര്‍ന്നു പോകുന്നതല്ല.

കാരകുന്ന് & എളയാവൂര്

സംശയമില്ല; നാം നല്‍കുന്ന ജീവിതവിഭവങ്ങളാണിവ. അതൊരിക്കലും തീര്‍ന്നുപോവുകയില്ല.

هَٰذَا ۚ وَإِنَّ لِلطَّٰغِينَ لَشَرَّ مَـَٔابٍۢ ﴿٥٥﴾

ഇതത്രെ (അവരുടെ അവസ്ഥ). തീര്‍ച്ചയായും ധിക്കാരികള്‍ക്ക് മടങ്ങിച്ചെല്ലാന്‍ മോശപ്പെട്ട സ്ഥാനമാണുള്ളത്‌.

കാരകുന്ന് & എളയാവൂര്

ഇതൊരവസ്ഥ. എന്നാല്‍ അതിക്രമികള്‍ക്ക് വളരെ ചീത്തയായ വാസസ്ഥലമാണുണ്ടാവുക.

جَهَنَّمَ يَصْلَوْنَهَا فَبِئْسَ ٱلْمِهَادُ ﴿٥٦﴾

നരകമത്രെ അത്‌. അവര്‍ അതില്‍ കത്തിഎരിയും. അതെത്ര മോശമായ വിശ്രമസ്ഥാനം!

കാരകുന്ന് & എളയാവൂര്

നരകത്തീയാണത്. അവരതില്‍ കത്തിയെരിയും. അതെത്ര ചീത്ത സങ്കേതം.

هَٰذَا فَلْيَذُوقُوهُ حَمِيمٌۭ وَغَسَّاقٌۭ ﴿٥٧﴾

ഇതാണവര്‍ക്കുള്ളത്‌. ആകയാല്‍ അവര്‍ അത് ആസ്വദിച്ചു കൊള്ളട്ടെ. കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവും.

കാരകുന്ന് & എളയാവൂര്

ഇതാണവര്‍ക്കുള്ളത്. അതിനാലവരിത് അനുഭവിച്ചുകൊള്ളട്ടെ. ചുട്ടുപൊള്ളുന്ന വെള്ളവും ചീഞ്ഞളിഞ്ഞ ചലവും.

وَءَاخَرُ مِن شَكْلِهِۦٓ أَزْوَٰجٌ ﴿٥٨﴾

ഇത്തരത്തില്‍പ്പെട്ട മറ്റു പല ഇനം ശിക്ഷകളും.

കാരകുന്ന് & എളയാവൂര്

ഇതുപോലുള്ള മറ്റു പലതരം ശിക്ഷകളും അവിടെയുണ്ട്.

هَٰذَا فَوْجٌۭ مُّقْتَحِمٌۭ مَّعَكُمْ ۖ لَا مَرْحَبًۢا بِهِمْ ۚ إِنَّهُمْ صَالُوا۟ ٱلنَّارِ ﴿٥٩﴾

(നരകത്തില്‍ ആദ്യമെത്തിയവരോട് അല്ലാഹു പറയും:) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. (അപ്പോള്‍ അവര്‍ പറയും:) അവര്‍ക്ക് സ്വാഗതമില്ല. തീര്‍ച്ചയായും അവര്‍ നരകത്തില്‍ കത്തിഎരിയുന്നവരത്രെ.

കാരകുന്ന് & എളയാവൂര്

അവരോട് അല്ലാഹു പറയും: \"ഇത് നിങ്ങളോടൊപ്പം നരകത്തില്‍ തിങ്ങിക്കൂടാനുള്ള ആള്‍ക്കൂട്ടമാണ്.\" അപ്പോഴവര്‍ പറയും: \"ഇവര്‍ക്ക് സ്വാഗതോപചാരമൊന്നുമില്ല. തീര്‍ച്ചയായും ഇവര്‍ നരകത്തില്‍ കത്തിയെരിയേണ്ടവര്‍ തന്നെ.\"

قَالُوا۟ بَلْ أَنتُمْ لَا مَرْحَبًۢا بِكُمْ ۖ أَنتُمْ قَدَّمْتُمُوهُ لَنَا ۖ فَبِئْسَ ٱلْقَرَارُ ﴿٦٠﴾

അവര്‍ (ആ കടന്ന് വരുന്നവര്‍) പറയും; അല്ല, നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്‌. നിങ്ങളാണ് ഞങ്ങള്‍ക്കിത് വരുത്തിവെച്ചത്‌. അപ്പോള്‍ വാസസ്ഥലം ചീത്ത തന്നെ.

കാരകുന്ന് & എളയാവൂര്

ആ കടന്നുവരുന്നവര്‍ പറയും: \"അല്ല; നിങ്ങള്‍ക്കു തന്നെയാണ് സ്വാഗതോപചാരമില്ലാത്തത്. നിങ്ങളാണ് ഞങ്ങള്‍ക്ക് ഈ ദുരവസ്ഥ വരുത്തിവെച്ചത്. വളരെ ചീത്ത സങ്കേതം തന്നെയാണിത്.\"

قَالُوا۟ رَبَّنَا مَن قَدَّمَ لَنَا هَٰذَا فَزِدْهُ عَذَابًۭا ضِعْفًۭا فِى ٱلنَّارِ ﴿٦١﴾

അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇത് (ശിക്ഷ) വരുത്തിവെച്ചതാരോ അവന്ന് നീ നരകത്തില്‍ ഇരട്ടി ശിക്ഷ വര്‍ദ്ധിപ്പിച്ചു കൊടുക്കേണമേ.

കാരകുന്ന് & എളയാവൂര്

അവര്‍ പറയും: \"ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ശിക്ഷ വരുത്തിവെച്ചവര്‍ക്ക് നീ നരകത്തീയില്‍ ഇരട്ടി ശിക്ഷ നല്‍കേണമേ.\"

وَقَالُوا۟ مَا لَنَا لَا نَرَىٰ رِجَالًۭا كُنَّا نَعُدُّهُم مِّنَ ٱلْأَشْرَارِ ﴿٦٢﴾

അവര്‍ പറയും: നമുക്കെന്തു പറ്റി! ദുര്‍ജനങ്ങളില്‍ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ.

കാരകുന്ന് & എളയാവൂര്

അവര്‍ പറയും: \"നമുക്കെന്തു പറ്റി? ചീത്ത മനുഷ്യരെന്ന് നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുന്നില്ലല്ലോ.

أَتَّخَذْنَٰهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ ٱلْأَبْصَٰرُ ﴿٦٣﴾

നാം അവരെ (അബദ്ധത്തില്‍) പരിഹാസപാത്രമാക്കിയതാണോ? അതല്ല, അവരെയും വിട്ട് കണ്ണുകള്‍ തെന്നിപ്പോയതാണോ?

കാരകുന്ന് & എളയാവൂര്

\"നാം അവരെ പരിഹാസപാത്രമാക്കിയിരുന്നുവല്ലോ. അതല്ല അവര്‍ നമ്മുടെ കണ്ണില്‍പെടാത്തതാണോ?\"

إِنَّ ذَٰلِكَ لَحَقٌّۭ تَخَاصُمُ أَهْلِ ٱلنَّارِ ﴿٦٤﴾

നരകവാസികള്‍ തമ്മിലുള്ള വഴക്ക്‌- തീര്‍ച്ചയായും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്‌.

കാരകുന്ന് & എളയാവൂര്

നരകവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്നതു തന്നെയാണ്.

قُلْ إِنَّمَآ أَنَا۠ مُنذِرٌۭ ۖ وَمَا مِنْ إِلَٰهٍ إِلَّا ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ ﴿٦٥﴾

(നബിയേ,) പറയുക: ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്‌. ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല.

കാരകുന്ന് & എളയാവൂര്

നബിയേ പറയുക: \"ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. അല്ലാഹുവല്ലാതെ ദൈവമില്ല. അവന്‍ ഏകനാണ്. സര്‍വാധിപതിയും.

رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلْعَزِيزُ ٱلْغَفَّٰرُ ﴿٦٦﴾

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമത്രെ അവന്‍.

കാരകുന്ന് & എളയാവൂര്

\"ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും സംരക്ഷകനാണ്. പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും.\"

قُلْ هُوَ نَبَؤٌا۟ عَظِيمٌ ﴿٦٧﴾

പറയുക: അത് ഒരു ഗൌരവമുള്ള വര്‍ത്തമാനമാകുന്നു.

കാരകുന്ന് & എളയാവൂര്

പറയുക: \"ഇതൊരു മഹത്തായ സന്ദേശം തന്നെ.

أَنتُمْ عَنْهُ مُعْرِضُونَ ﴿٦٨﴾

നിങ്ങള്‍ അത് അവഗണിച്ചു കളയുന്നവരാകുന്നു.

കാരകുന്ന് & എളയാവൂര്

\"എന്നാല്‍ നിങ്ങളതിനെ അവഗണിക്കുന്നവരാണ്.

مَا كَانَ لِىَ مِنْ عِلْمٍۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ ﴿٦٩﴾

അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദര്‍ഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.

കാരകുന്ന് & എളയാവൂര്

\"അത്യുന്നതങ്ങളില്‍ വിശിഷ്ട സമൂഹം സംവാദം നടത്തിയ സന്ദര്‍ഭത്തെ സംബന്ധിച്ച് എനിക്കൊന്നും അറിയുമായിരുന്നില്ല.

إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٌۭ مُّبِينٌ ﴿٧٠﴾

ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിന് മാത്രമാണ് എനിക്ക് സന്ദേശം നല്‍കപ്പെടുന്നത്‌.

കാരകുന്ന് & എളയാവൂര്

\"അതേക്കുറിച്ച് എനിക്കു ബോധനം ലഭിച്ചത് ഞാന്‍ വ്യക്തമായൊരു മുന്നറിയിപ്പുകാരന്‍ എന്ന നിലക്കു മാത്രമാണ്.\"

إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقٌۢ بَشَرًۭا مِّن طِينٍۢ ﴿٧١﴾

നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.

കാരകുന്ന് & എളയാവൂര്

നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞു: \"ഉറപ്പായും ഞാന്‍ കളിമണ്ണില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്.

فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ ﴿٧٢﴾

അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം.

കാരകുന്ന് & എളയാവൂര്

\"അങ്ങനെ ഞാനവനെ ശരിപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അതിലൂതുകയും ചെയ്താല്‍ നിങ്ങളവന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണം.\"

فَسَجَدَ ٱلْمَلَٰٓئِكَةُ كُلُّهُمْ أَجْمَعُونَ ﴿٧٣﴾

അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു;

കാരകുന്ന് & എളയാവൂര്

അപ്പോള്‍ മലക്കുകളൊക്കെയും സാഷ്ടാംഗം പ്രണമിച്ചു.

إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ ﴿٧٤﴾

ഇബ്ലീസ് ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.

കാരകുന്ന് & എളയാവൂര്

ഇബ്ലീസൊഴികെ. അവന്‍ അഹങ്കരിച്ചു. അങ്ങനെ അവന്‍ സത്യനിഷേധിയായി.

قَالَ يَٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ ﴿٧٥﴾

അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ?

കാരകുന്ന് & എളയാവൂര്

അല്ലാഹു ചോദിച്ചു: \"ഇബ്ലീസേ, ഞാനെന്റെ കൈകൊണ്ട് പടച്ചുണ്ടാക്കിയവന്ന് പ്രണമിക്കുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്താണ്? നീ അഹങ്കരിച്ചോ? അതല്ല; നീ പൊങ്ങച്ചക്കാരില്‍പെട്ടുപോയോ?\"

قَالَ أَنَا۠ خَيْرٌۭ مِّنْهُ ۖ خَلَقْتَنِى مِن نَّارٍۢ وَخَلَقْتَهُۥ مِن طِينٍۢ ﴿٧٦﴾

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു.

കാരകുന്ന് & എളയാവൂര്

ഇബ്ലീസ് പറഞ്ഞു: \"മനുഷ്യനെക്കാള്‍ ശ്രേഷ്ഠന്‍ ഞാനാണ്. നീയെന്നെ പടച്ചത് തീയില്‍ നിന്നാണ്. അവനെ സൃഷ്ടിച്ചതോ കളിമണ്ണില്‍ നിന്നും.\"

قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌۭ ﴿٧٧﴾

അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന് പുറത്ത് പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹു കല്‍പിച്ചു: \"എങ്കില്‍ ഇവിടെ നിന്നിറങ്ങിപ്പോകണം. സംശയമില്ല; ഇനിമുതല്‍ ആട്ടിയോടിക്കപ്പെട്ടവനാണ് നീ.

وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ ﴿٧٨﴾

തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്‌.

കാരകുന്ന് & എളയാവൂര്

\"വിധിദിനം വരെ നിന്റെമേല്‍ എന്റെ ശാപമുണ്ട്; തീര്‍ച്ച.\"

قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ ﴿٧٩﴾

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി അനുവദിച്ചു തരേണമേ.

കാരകുന്ന് & എളയാവൂര്

ഇബ്ലീസ് പറഞ്ഞു: \"എന്റെ നാഥാ, എങ്കില്‍ അവര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നനാള്‍ വരെ നീ എനിക്കു അവസരം തരേണമേ.\"

قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ ﴿٨٠﴾

(അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹു അറിയിച്ചു: \"നീ അവസരം നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാണ്.

إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ ﴿٨١﴾

നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ.

കാരകുന്ന് & എളയാവൂര്

\"നിശ്ചിതമായ ആ സമയം വന്നെത്തുന്ന ദിവസം വരെ.\"

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ﴿٨٢﴾

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും.

കാരകുന്ന് & എളയാവൂര്

ഇബ്ലീസ് പറഞ്ഞു: \"നിന്റെ പ്രതാപമാണ് സത്യം. തീര്‍ച്ചയായും ഇവരെയൊക്കെ ഞാന്‍ വഴിപിഴപ്പിക്കും.

إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ﴿٨٣﴾

അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ

കാരകുന്ന് & എളയാവൂര്

\"ഇവരിലെ നിന്റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ.\"

قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ ﴿٨٤﴾

അവന്‍ (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ- സത്യമേ ഞാന്‍ പറയുകയുള്ളൂ-

കാരകുന്ന് & എളയാവൂര്

അല്ലാഹു പറഞ്ഞു: \"എങ്കില്‍ സത്യം ഇതാണ്. സത്യം മാത്രമേ ഞാന്‍ പറയുകയുള്ളൂ.

لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ ﴿٨٥﴾

നിന്നെയും അവരില്‍ നിന്ന് നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.

കാരകുന്ന് & എളയാവൂര്

\"നിന്നെയും നിന്നെ പിന്‍പറ്റിയ മറ്റെല്ലാവരെയുംകൊണ്ട് നാം നരകം നിറക്കുക തന്നെ ചെയ്യും.\"

قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍۢ وَمَآ أَنَا۠ مِنَ ٱلْمُتَكَلِّفِينَ ﴿٨٦﴾

(നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല.

കാരകുന്ന് & എളയാവൂര്

പറയുക: \"ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. പിന്നെ ഞാന്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കുന്നവനുമല്ല.\"

إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَٰلَمِينَ ﴿٨٧﴾

ഇത് ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനം മാത്രമാകുന്നു.

കാരകുന്ന് & എളയാവൂര്

ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്ബോധനമാണ്.

وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ ﴿٨٨﴾

ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങള്‍ക്ക് മനസ്സിലാവുക തന്നെ ചെയ്യും.

കാരകുന്ന് & എളയാവൂര്

നിശ്ചിത കാലത്തിനുശേഷം ഈ വൃത്താന്തത്തിന്റെ നിജസ്ഥിതി നിങ്ങളറിയുക തന്നെ ചെയ്യും.