Setting
Surah The Star [An-Najm] in Malayalam
وَٱلنَّجْمِ إِذَا هَوَىٰ ﴿١﴾
നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.
നക്ഷത്രം സാക്ഷി. അത് അസ്തമിക്കുമ്പോള്‍.
مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ ﴿٢﴾
നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
നിങ്ങളുടെ കൂട്ടുകാരനായ പ്രവാചകന് വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ﴿٣﴾
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല.
إِنْ هُوَ إِلَّا وَحْىٌۭ يُوحَىٰ ﴿٤﴾
അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.
ഈ സന്ദേശം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്.
عَلَّمَهُۥ شَدِيدُ ٱلْقُوَىٰ ﴿٥﴾
ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്.
അദ്ദേഹത്തെ അത് അഭ്യസിപ്പിച്ചത് ഏറെ കരുത്തനാണ്.
ذُو مِرَّةٍۢ فَٱسْتَوَىٰ ﴿٦﴾
കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.
പ്രബലനായ ഒരു വ്യക്തി. അങ്ങനെ അവന്‍ നിവര്‍ന്നുനിന്നു.
وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ ﴿٧﴾
അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.
അത്യുന്നതമായ ചക്രവാളത്തിലായിക്കൊണ്ട്.
ثُمَّ دَنَا فَتَدَلَّىٰ ﴿٨﴾
പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു.
പിന്നെ അവന്‍ അടുത്തുവന്നു. വീണ്ടും അടുത്തു.
فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ ﴿٩﴾
അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു.
അങ്ങനെ രണ്ടു വില്ലോളമോ അതില്‍ കൂടുതലോ അടുത്ത് നിലകൊണ്ടു.
فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ ﴿١٠﴾
അപ്പോള്‍ അവന്‍ (അല്ലാഹു) തന്റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.
അപ്പോള്‍, അല്ലാഹു തന്റെ ദാസന് നല്‍കേണ്ട സന്ദേശം അവന്‍ ബോധനമായി നല്‍കി.
مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ ﴿١١﴾
അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല.
അദ്ദേഹം കണ്ണുകൊണ്ടു കണ്ടതിനെ മനസ്സ് കളവാക്കിയില്ല.
أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ ﴿١٢﴾
എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
എന്നിട്ടും ആ പ്രവാചകന്‍ നേരില്‍ കണ്ടതിനെക്കുറിച്ച് നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ ﴿١٣﴾
മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്.
മറ്റൊരു ഇറങ്ങിവരവു വേളയിലും അദ്ദേഹം ജിബ്രീലിനെ കണ്ടിട്ടുണ്ട്.
عِندَ سِدْرَةِ ٱلْمُنتَهَىٰ ﴿١٤﴾
അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്
സിദ്റതുല്‍ മുന്‍തഹായുടെ അടുത്ത് വെച്ച്.
عِندَهَا جَنَّةُ ٱلْمَأْوَىٰٓ ﴿١٥﴾
അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.
അതിനടുത്താണ് അഭയസ്ഥാനമായ സ്വര്‍ഗം.
إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ ﴿١٦﴾
ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍.
അന്നേരം സിദ്റയെ ആവരണം ചെയ്യുന്ന അതിഗംഭീരമായ പ്രഭാവം അതിനെ ആവരണം ചെയ്യുന്നുണ്ടായിരുന്നു.
مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ ﴿١٧﴾
(നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.
അപ്പോള്‍ പ്രവാചകന്റെ ദൃഷ്ടി തെറ്റിപ്പോയില്ല. പരിധി ലംഘിച്ചുമില്ല.
لَقَدْ رَأَىٰ مِنْ ءَايَٰتِ رَبِّهِ ٱلْكُبْرَىٰٓ ﴿١٨﴾
തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.
ഉറപ്പായും അദ്ദേഹം തന്റെ നാഥന്റെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്.
أَفَرَءَيْتُمُ ٱللَّٰتَ وَٱلْعُزَّىٰ ﴿١٩﴾
ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
“ലാതി”നെയും “ഉസ്സ”യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ ﴿٢٠﴾
വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
കൂടാതെ മൂന്നാമതായുള്ള “മനാതി” നെക്കുറിച്ചും.
أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ ﴿٢١﴾
(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, അല്ലേ?
تِلْكَ إِذًۭا قِسْمَةٌۭ ضِيزَىٰٓ ﴿٢٢﴾
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.
എങ്കില്‍ ഇത് തീര്‍ത്തും നീതി രഹിതമായ വിഭജനം തന്നെ.
إِنْ هِىَ إِلَّآ أَسْمَآءٌۭ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ ۖ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ ﴿٢٣﴾
നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും.
യഥാര്‍ഥത്തില്‍ അവ, നിങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കളും വിളിച്ച ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു ഇവയ്ക്കൊന്നും ഒരു തെളിവും നല്‍കിയിട്ടില്ല. ഊഹത്തെയും ദേഹേഛയെയും മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. നിശ്ചയം, അവര്‍ക്ക് തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴി വന്നെത്തിയിട്ടുണ്ട്.
أَمْ لِلْإِنسَٰنِ مَا تَمَنَّىٰ ﴿٢٤﴾
അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്?
അതല്ല; മനുഷ്യന്‍ കൊതിച്ചതൊക്കെത്തന്നെയാണോ അവന്ന് കിട്ടുക?
فَلِلَّهِ ٱلْءَاخِرَةُ وَٱلْأُولَىٰ ﴿٢٥﴾
എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.
എന്നാല്‍ അറിയുക: ഈ ലോകവും പരലോകവും അല്ലാഹുവിന്റേതാണ്.
۞ وَكَم مِّن مَّلَكٍۢ فِى ٱلسَّمَٰوَٰتِ لَا تُغْنِى شَفَٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ ﴿٢٦﴾
ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ.
മാനത്ത് എത്ര മലക്കുകളുണ്ട്! അവരുടെ ശുപാര്‍ശകളൊന്നും ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു ഇഛിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് അവന്‍ അനുമതി നല്‍കിയ ശേഷമല്ലാതെ.
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ لَيُسَمُّونَ ٱلْمَلَٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ ﴿٢٧﴾
തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.
പരലോക വിശ്വാസമില്ലാത്തവര്‍ മലക്കുകളെ സ്ത്രീനാമങ്ങളിലാണ് വിളിക്കുന്നത്.
وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًۭٔا ﴿٢٨﴾
അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.
അവര്‍ക്ക് അതേക്കുറിച്ച് ഒരറിവുമില്ല. അവര്‍ ഊഹത്തെ മാത്രം പിന്‍പറ്റുകയാണ്. ഊഹമോ, സത്യത്തിന് ഒരു പ്രയോജനവും ചെയ്യുകയില്ല.
فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا ﴿٢٩﴾
ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക.
അതിനാല്‍ നമ്മെ ഓര്‍ക്കുന്നതില്‍ നിന്ന് പിന്തിരിയുകയും ഐഹിക ജീവിതസുഖത്തിനപ്പുറമൊന്നും ലക്ഷ്യമാക്കാതിരിക്കുകയും ചെയ്യുന്നവരെ അവരുടെ പാട്ടിന് വിടുക.
ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ ﴿٣٠﴾
അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു.
അവര്‍ക്കു നേടാനായ അറിവ് അതുമാത്രമാണ്. തന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിയവര്‍ ആരെന്ന് ഏറ്റം നന്നായറിയുന്നവന്‍ നിന്റെ നാഥനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി നന്നായറിയുന്നവനും അവന്‍ തന്നെ.
وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى ﴿٣١﴾
അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും.
ആകാശ ഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. ദുര്‍വൃത്തര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊത്ത പ്രതിഫലം നല്‍കാനാണത്. സദ്വൃത്തര്‍ക്ക് സദ്ഫലം സമ്മാനിക്കാനും.
ٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌۭ فِى بُطُونِ أُمَّهَٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ ﴿٣٢﴾
അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍ അറിവുള്ളവന്‍. അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.
അവരോ, വന്‍ പാപങ്ങളും നീചവൃത്തികളും വര്‍ജിക്കുന്നവരാണ്. കൊച്ചു വീഴ്ചകളൊഴികെ. നിശ്ചയമായും നിന്റെ നാഥന്‍ ഉദാരമായി പൊറുക്കുന്നവനാണ്. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയപ്പോഴും നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ ഗര്‍ഭാശയത്തില്‍ ഭ്രൂണമായിരുന്നപ്പോഴും നിങ്ങളെപ്പറ്റി നന്നായറിയുന്നവന്‍ അവന്‍ തന്നെ. അതിനാല്‍ നിങ്ങള്‍ സ്വയം വിശുദ്ധി ചമയാതിരിക്കുക. യഥാര്‍ഥ ഭക്തനാരെന്ന് നന്നായറിയുന്നവന്‍ അവന്‍ മാത്രമാണ്.
أَفَرَءَيْتَ ٱلَّذِى تَوَلَّىٰ ﴿٣٣﴾
എന്നാല്‍ പിന്‍മാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ?
എന്നാല്‍ സത്യത്തില്‍ നിന്ന് പിന്തിരിഞ്ഞവനെ നീ കണ്ടോ?
وَأَعْطَىٰ قَلِيلًۭا وَأَكْدَىٰٓ ﴿٣٤﴾
അല്‍പമൊക്കെ അവന്‍ ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു.
കുറച്ചു കൊടുത്തു നിര്‍ത്തിയവനെ?
أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ ﴿٣٥﴾
അവന്‍റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അതു മുഖേന അവന്‍ കണ്ടറിഞ്ഞ് കൊണ്ടിരിക്കുകയാണോ?
അവന്റെ വശം വല്ല അഭൌതിക ജ്ഞാനവുമുണ്ടോ? അങ്ങനെ അവനത് കണ്ടുകൊണ്ടിരിക്കുകയാണോ?
أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ ﴿٣٦﴾
അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?
അതല്ല; മൂസായുടെ ഏടുകളിലുള്ളവയെപ്പറ്റി അവന് അറിവ് ലഭിച്ചിട്ടില്ലേ?
وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ ﴿٣٧﴾
(കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (പത്രികകളില്‍)
ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ഇബ്റാഹീമിന്റെയും?
أَلَّا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ ﴿٣٨﴾
അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,
അതെന്തെന്നാല്‍ പാപഭാരം ചുമക്കുന്ന ആരും അപരന്റെ പാപച്ചുമട് പേറുകയില്ല.
وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ ﴿٣٩﴾
മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.
മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല.
وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ ﴿٤٠﴾
അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.
തന്റെ കര്‍മഫലം താമസിയാതെ അവനെ കാണിക്കും.
ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ ﴿٤١﴾
പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും,
പിന്നെ അവന്നതിന് തികവോടെ പ്രതിഫലം ലഭിക്കും.
وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ ﴿٤٢﴾
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും,
ഒടുവില്‍ ഒക്കെയും നിന്റെ നാഥങ്കലാണ് ചെന്നെത്തുക.
وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ ﴿٤٣﴾
അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും,
ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും അവനാണ്.
وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا ﴿٤٤﴾
അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും,
മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും അവന്‍ തന്നെ.
وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ ﴿٤٥﴾
ആണ്‍ , പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും
ഇണകളെ-ആണിനെയും പെണ്ണിനെയും-സൃഷ്ടിച്ചതും അവനാണ്.
مِن نُّطْفَةٍ إِذَا تُمْنَىٰ ﴿٤٦﴾
ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്
ബീജത്തില്‍നിന്ന്; അത് സ്രവിക്കപ്പെട്ടാല്‍.
وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ ﴿٤٧﴾
രണ്ടാമത് ജനിപ്പിക്കുക എന്നത് അവന്‍റെ ചുമതലയിലാണെന്നും,
വീണ്ടും ജീവിപ്പിക്കുകയെന്നത് അവന്റെ ബാധ്യതയത്രെ.
وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ ﴿٤٨﴾
ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവന്‍ തന്നെയാണ് എന്നും,
ഐശ്വര്യമേകിയതും തൃപ്തനാക്കിയതും അവന്‍ തന്നെ.
وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ ﴿٤٩﴾
അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്. എന്നുമുള്ള കാര്യങ്ങള്‍.
പുണര്‍തം നക്ഷത്രത്തിന്റെ നാഥനും അവനാണ്.
وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ ﴿٥٠﴾
ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും,
പൌരാണിക ആദ് വര്‍ഗത്തെ നശിപ്പിച്ചതും അവന്‍ തന്നെ.
وَثَمُودَا۟ فَمَآ أَبْقَىٰ ﴿٥١﴾
ഥമൂദിനെയും. എന്നിട്ട് (ഒരാളെയും) അവന്‍ അവശേഷിപ്പിച്ചില്ല.
ഥമൂദിനെയും. അവരിലാരെയും ബാക്കിവെച്ചില്ല.
وَقَوْمَ نُوحٍۢ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ ﴿٥٢﴾
അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു.
അതിനു മുമ്പെ നൂഹിന്റെ ജനതയെയും അവന്‍ നശിപ്പിച്ചു. കാരണം, അവര്‍ കടുത്ത അക്രമികളും ധിക്കാരികളുമായിരുന്നു.
وَٱلْمُؤْتَفِكَةَ أَهْوَىٰ ﴿٥٣﴾
കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും, അവന്‍ തകര്‍ത്തു കളഞ്ഞു.
കീഴ്മേല്‍ മറിഞ്ഞ നാടിനെയും അവന്‍ തകര്‍ത്തു തരിപ്പണമാക്കി.
فَغَشَّىٰهَا مَا غَشَّىٰ ﴿٥٤﴾
അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു.
അങ്ങനെ അവനതിനെ വന്‍ വിപത്തിനാല്‍ മൂടി.
فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ ﴿٥٥﴾
അപ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്?
എന്നിട്ടും നിന്റെ നാഥന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നീ സംശയിക്കുന്നത്?
هَٰذَا نَذِيرٌۭ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ ﴿٥٦﴾
ഇദ്ദേഹം (മുഹമ്മദ് നബി) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു.
ഈ പ്രവാചകന്‍ മുമ്പുള്ള താക്കീതുകാരുടെ കൂട്ടത്തില്‍പെട്ട മുന്നറിയിപ്പുകാരന്‍ തന്നെ.
أَزِفَتِ ٱلْءَازِفَةُ ﴿٥٧﴾
സമീപസ്ഥമായ ആ സംഭവം ആസന്നമായിരിക്കുന്നു.
വരാനിരിക്കുന്ന ആ സംഭവം അഥവാ ലോകാവസാനം ഇതാ അടുത്തെത്തിയിരിക്കുന്നു.
لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ ﴿٥٨﴾
അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല.
അതിനെ തട്ടിമാറ്റാന്‍ അല്ലാഹു അല്ലാതെ ആരുമില്ല.
أَفَمِنْ هَٰذَا ٱلْحَدِيثِ تَعْجَبُونَ ﴿٥٩﴾
അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും,
എന്നിട്ടും ഈ വചനത്തെ സംബന്ധിച്ച് നിങ്ങള്‍ വിസ്മയം കൂറുകയാണോ?
وَتَضْحَكُونَ وَلَا تَبْكُونَ ﴿٦٠﴾
നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും,
നിങ്ങള്‍ ചിരിക്കുകയോ? കരയാതിരിക്കുകയും?
وَأَنتُمْ سَٰمِدُونَ ﴿٦١﴾
നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?.
നിങ്ങള്‍ തികഞ്ഞ അശ്രദ്ധയില്‍ തന്നെ കഴിയുകയാണോ?
فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟ ۩ ﴿٦٢﴾
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍.
അതിനാല്‍ അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുക. അവന് മാത്രം വഴിപ്പെടുകയും ചെയ്യുക.