Main pages

Surah Ya Seen [Ya Seen] in Malayalam

Surah Ya Seen [Ya Seen] Ayah 83 Location Maccah Number 36

يسٓ ﴿١﴾

യാസീന്‍.

وَٱلْقُرْءَانِ ٱلْحَكِيمِ ﴿٢﴾

തത്ത്വങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഖുര്‍ആന്‍ തന്നെ സത്യം.

إِنَّكَ لَمِنَ ٱلْمُرْسَلِينَ ﴿٣﴾

തീര്‍ച്ചയായും നീ ദൈവദൂതന്മാരില്‍ ഒരുവനാകുന്നു.

عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ ﴿٤﴾

ഉറപ്പായും നീ നേര്‍വഴിയിലാണ്.

تَنزِيلَ ٱلْعَزِيزِ ٱلرَّحِيمِ ﴿٥﴾

പ്രതാപിയും പരമകാരുണികനുമായവന്‍ ഇറക്കിയതാണ് ഈ ഖുര്‍ആന്‍.

لِتُنذِرَ قَوْمًۭا مَّآ أُنذِرَ ءَابَآؤُهُمْ فَهُمْ غَٰفِلُونَ ﴿٦﴾

ഒരു ജനതക്കു മുന്നറിയിപ്പു നല്‍കാനാണിത്. അവരുടെ പിതാക്കള്‍ക്ക് ഇതുപോലൊരു മുന്നറിയിപ്പുണ്ടായിട്ടില്ല. അതിനാലവര്‍ ബോധമില്ലാത്തവരാണ്.

لَقَدْ حَقَّ ٱلْقَوْلُ عَلَىٰٓ أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ ﴿٧﴾

അവരിലേറെ പേരും ശിക്ഷാവിധിക്കര്‍ഹരായിരിക്കുന്നു. അതിനാല്‍ അവരിതു വിശ്വസിക്കുകയില്ല.

إِنَّا جَعَلْنَا فِىٓ أَعْنَٰقِهِمْ أَغْلَٰلًۭا فَهِىَ إِلَى ٱلْأَذْقَانِ فَهُم مُّقْمَحُونَ ﴿٨﴾

അവരുടെ കണ്ഠങ്ങളില്‍ നാം കൂച്ചുവിലങ്ങണിയിച്ചിരിക്കുന്നു. അതവരുടെ താടിയെല്ലുകള്‍ വരെയുണ്ട്. അതിനാലവര്‍ക്ക് തല പൊക്കിപ്പിടിച്ചേ നില്‍ക്കാനാവൂ.

وَجَعَلْنَا مِنۢ بَيْنِ أَيْدِيهِمْ سَدًّۭا وَمِنْ خَلْفِهِمْ سَدًّۭا فَأَغْشَيْنَٰهُمْ فَهُمْ لَا يُبْصِرُونَ ﴿٩﴾

നാം അവരുടെ മുന്നിലൊരു മതില്‍ക്കെട്ടുയര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാമവരെ മൂടിക്കളഞ്ഞു. അതിനാലവര്‍ക്കൊന്നും കാണാനാവില്ല.

وَسَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴿١٠﴾

നീ അവര്‍ക്കു താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ്. എന്തായാലും അവര്‍ വിശ്വസിക്കുകയില്ല.

إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكْرَ وَخَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ ۖ فَبَشِّرْهُ بِمَغْفِرَةٍۢ وَأَجْرٍۢ كَرِيمٍ ﴿١١﴾

നിന്റെ താക്കീതുപകരിക്കുക ഉദ്ബോധനം പിന്‍പറ്റുകയും ദയാപരനായ അല്ലാഹുവെ കാണാതെ തന്നെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. അതിനാലവരെ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുക.

إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍۢ مُّبِينٍۢ ﴿١٢﴾

നിശ്ചയമായും നാം മരിച്ചവരെ ജീവിപ്പിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു.

وَٱضْرِبْ لَهُم مَّثَلًا أَصْحَٰبَ ٱلْقَرْيَةِ إِذْ جَآءَهَا ٱلْمُرْسَلُونَ ﴿١٣﴾

ഒരു ഉദാഹരണമെന്ന നിലയില്‍ ആ നാട്ടുകാരുടെ കഥ ഇവര്‍ക്ക് പറഞ്ഞുകൊടുക്കുക: ദൈവദൂതന്മാര്‍ അവിടെ ചെന്ന സന്ദര്‍ഭം!

إِذْ أَرْسَلْنَآ إِلَيْهِمُ ٱثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍۢ فَقَالُوٓا۟ إِنَّآ إِلَيْكُم مُّرْسَلُونَ ﴿١٤﴾

നാം അവരുടെ അടുത്തേക്ക് രണ്ടു ദൈവദൂതന്മാരെ അയച്ചു. അപ്പോള്‍ അവരിരുവരെയും ആ ജനം തള്ളിപ്പറഞ്ഞു. പിന്നെ നാം മൂന്നാമതൊരാളെ അയച്ച് അവര്‍ക്ക് പിന്‍ബലമേകി. അങ്ങനെ അവരെല്ലാം ആവര്‍ത്തിച്ചു പറഞ്ഞു: \"ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ട ദൈവദൂതന്മാരാണ്.\"

قَالُوا۟ مَآ أَنتُمْ إِلَّا بَشَرٌۭ مِّثْلُنَا وَمَآ أَنزَلَ ٱلرَّحْمَٰنُ مِن شَىْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ ﴿١٥﴾

ആ ജനം പറഞ്ഞു: \"നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. പരമദയാലുവായ ദൈവം ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കള്ളം പറയുകയാണ്.\"

قَالُوا۟ رَبُّنَا يَعْلَمُ إِنَّآ إِلَيْكُمْ لَمُرْسَلُونَ ﴿١٦﴾

അവര്‍ പറഞ്ഞു: \"ഞങ്ങളുടെ നാഥന്നറിയാം; ഉറപ്പായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കയക്കപ്പെട്ട ദൈവദൂതന്മാരാണെന്ന്.

وَمَا عَلَيْنَآ إِلَّا ٱلْبَلَٰغُ ٱلْمُبِينُ ﴿١٧﴾

\"സന്ദേശം വ്യക്തമായി എത്തിച്ചുതരുന്നതില്‍ കവിഞ്ഞ ഉത്തരവാദിത്തമൊന്നും ഞങ്ങള്‍ക്കില്ല.\"

قَالُوٓا۟ إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا۟ لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌۭ ﴿١٨﴾

ആ ജനം പറഞ്ഞു: \"തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ദുശ്ശകുനമായാണ് കാണുന്നത്. നിങ്ങളിത് നിറുത്തുന്നില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ എറിഞ്ഞാട്ടും. ഞങ്ങളില്‍നിന്ന് നിങ്ങള്‍ നോവുറ്റ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും.\"

قَالُوا۟ طَٰٓئِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌۭ مُّسْرِفُونَ ﴿١٩﴾

ദൂതന്മാര്‍ പറഞ്ഞു: \"നിങ്ങളുടെ ദുശ്ശകുനം നിങ്ങളോടൊപ്പമുള്ളതു തന്നെയാണ്. നിങ്ങള്‍ക്ക് ഉദ്ബോധനം നല്‍കിയതിനാലാണോ ഇതൊക്കെ? എങ്കില്‍ നിങ്ങള്‍ വല്ലാതെ പരിധിവിട്ട ജനം തന്നെ.\"

وَجَآءَ مِنْ أَقْصَا ٱلْمَدِينَةِ رَجُلٌۭ يَسْعَىٰ قَالَ يَٰقَوْمِ ٱتَّبِعُوا۟ ٱلْمُرْسَلِينَ ﴿٢٠﴾

ആ പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു പറഞ്ഞു: \"എന്റെ ജനമേ, നിങ്ങള്‍ ഈ ദൈവദൂതന്മാരെ പിന്‍പറ്റുക.

ٱتَّبِعُوا۟ مَن لَّا يَسْـَٔلُكُمْ أَجْرًۭا وَهُم مُّهْتَدُونَ ﴿٢١﴾

\"നിങ്ങളോട് പ്രതിഫലമൊന്നും ആവശ്യപ്പെടാത്തവരും നേരെ ചൊവ്വെ ജീവിക്കുന്നവരുമായ ഇവരെ പിന്‍തുടരുക.

وَمَا لِىَ لَآ أَعْبُدُ ٱلَّذِى فَطَرَنِى وَإِلَيْهِ تُرْجَعُونَ ﴿٢٢﴾

\"ആരാണോ എന്നെ സൃഷ്ടിച്ചത്; ആരിലേക്കാണോ നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്; ആ അല്ലാഹുവെ വഴിപ്പെടാതിരിക്കാന്‍ എനിക്കെന്തു ന്യായം?

ءَأَتَّخِذُ مِن دُونِهِۦٓ ءَالِهَةً إِن يُرِدْنِ ٱلرَّحْمَٰنُ بِضُرٍّۢ لَّا تُغْنِ عَنِّى شَفَٰعَتُهُمْ شَيْـًۭٔا وَلَا يُنقِذُونِ ﴿٢٣﴾

\"അവനെയല്ലാതെ മറ്റുള്ളവയെ ഞാന്‍ ദൈവങ്ങളായി സ്വീകരിക്കുകയോ? ആ പരമകാരുണികന്‍ എനിക്കു വല്ല വിപത്തും വരുത്താനുദ്ദേശിച്ചാല്‍ അവരുടെ ശിപാര്‍ശയൊന്നും എനിക്കൊട്ടും ഉപകരിക്കുകയില്ല. അവരെന്നെ രക്ഷിക്കുകയുമില്ല.

إِنِّىٓ إِذًۭا لَّفِى ضَلَٰلٍۢ مُّبِينٍ ﴿٢٤﴾

\"അങ്ങനെ ചെയ്താല്‍ സംശയമില്ല. ഞാന്‍ വ്യക്തമായ വഴികേടിലായിരിക്കും.

إِنِّىٓ ءَامَنتُ بِرَبِّكُمْ فَٱسْمَعُونِ ﴿٢٥﴾

\"തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളെന്റെ വാക്ക് കേള്‍ക്കുക.\"

قِيلَ ٱدْخُلِ ٱلْجَنَّةَ ۖ قَالَ يَٰلَيْتَ قَوْمِى يَعْلَمُونَ ﴿٢٦﴾

“നീ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക” എന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു: \"ഹാ, എന്റെ ജനത ഇതറിഞ്ഞിരുന്നെങ്കില്‍!

بِمَا غَفَرَ لِى رَبِّى وَجَعَلَنِى مِنَ ٱلْمُكْرَمِينَ ﴿٢٧﴾

\"അഥവാ, എന്റെ നാഥന്‍ എനിക്കു മാപ്പേകിയതും എന്നെ ആദരണീയരിലുള്‍പ്പെടുത്തിയതും.\"

۞ وَمَآ أَنزَلْنَا عَلَىٰ قَوْمِهِۦ مِنۢ بَعْدِهِۦ مِن جُندٍۢ مِّنَ ٱلسَّمَآءِ وَمَا كُنَّا مُنزِلِينَ ﴿٢٨﴾

അതിനുശേഷം നാം അദ്ദേഹത്തിന്റെ ജനതയുടെ നേരെ ഉപരിലോകത്തുനിന്ന് ഒരു സൈന്യത്തെയും ഇറക്കിയിട്ടില്ല. അങ്ങനെ ഇറക്കേണ്ട ആവശ്യവും നമുക്കുണ്ടായിട്ടില്ല.

إِن كَانَتْ إِلَّا صَيْحَةًۭ وَٰحِدَةًۭ فَإِذَا هُمْ خَٰمِدُونَ ﴿٢٩﴾

അതൊരു ഘോരഗര്‍ജനം മാത്രമായിരുന്നു. അപ്പോഴേക്കും അവരൊക്കെയും നാമാവശേഷമായി.

يَٰحَسْرَةً عَلَى ٱلْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴿٣٠﴾

ആ അടിമകളുടെ കാര്യമെത്ര ദയനീയം! അവരിലേക്ക് ചെന്ന ഒരൊറ്റ ദൈവദൂതനെപ്പോലും അവര്‍ പുച്ഛിക്കാതിരുന്നിട്ടില്ല.

أَلَمْ يَرَوْا۟ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ ﴿٣١﴾

ഇവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്? പിന്നെ അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവന്നിട്ടില്ല. ഇതൊന്നും ഇക്കൂട്ടര്‍ കാണുന്നില്ലേ?

وَإِن كُلٌّۭ لَّمَّا جَمِيعٌۭ لَّدَيْنَا مُحْضَرُونَ ﴿٣٢﴾

സംശയമില്ല; അവരെല്ലാം നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടും.

وَءَايَةٌۭ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَٰهَا وَأَخْرَجْنَا مِنْهَا حَبًّۭا فَمِنْهُ يَأْكُلُونَ ﴿٣٣﴾

ഈ ജനത്തിന് വ്യക്തമായ ഒരു ദൃഷ്ടാന്തമിതാ: ചത്തുകിടക്കുന്ന ഭൂമി, നാം അതിനെ ജീവനുള്ളതാക്കി. അതില്‍ ധാരാളം ധാന്യം വിളയിച്ചു. എന്നിട്ട് അതില്‍ നിന്നിവര്‍ തിന്നുന്നു.

وَجَعَلْنَا فِيهَا جَنَّٰتٍۢ مِّن نَّخِيلٍۢ وَأَعْنَٰبٍۢ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ ﴿٣٤﴾

നാമതില്‍ ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങളുണ്ടാക്കി. അതിലെത്രയോ ഉറവകള്‍ ഒഴുക്കി!

لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ ﴿٣٥﴾

അതിന്റെ പഴങ്ങളിവര്‍ തിന്നാനാണിതെല്ലാമുണ്ടാക്കിയത്. ഇവരുടെ കൈകള്‍ അധ്വാനിച്ചുണ്ടാക്കിയവയല്ല ഇതൊന്നും. എന്നിട്ടും ഇക്കൂട്ടര്‍ നന്ദി കാണിക്കുന്നില്ലേ?

سُبْحَٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ ﴿٣٦﴾

ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍.

وَءَايَةٌۭ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ ﴿٣٧﴾

രാവും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. അതില്‍നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അതോടെ ഇവര്‍ ഇരുളിലകപ്പെടുന്നു.

وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّۢ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ ﴿٣٨﴾

സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷ്മമായ പദ്ധതിയനുസരിച്ചാണത്.

وَٱلْقَمَرَ قَدَّرْنَٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ ﴿٣٩﴾

ചന്ദ്രന്നും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു.

لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّۭ فِى فَلَكٍۢ يَسْبَحُونَ ﴿٤٠﴾

ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്.

وَءَايَةٌۭ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِى ٱلْفُلْكِ ٱلْمَشْحُونِ ﴿٤١﴾

ഇവരുടെ സന്താനങ്ങളെ നാം ഭാരം നിറച്ച കപ്പലില്‍ കയറ്റിക്കൊണ്ടുപോയതും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്.

وَخَلَقْنَا لَهُم مِّن مِّثْلِهِۦ مَا يَرْكَبُونَ ﴿٤٢﴾

ഇവര്‍ക്കായി ഇതുപോലുള്ള വേറെയും വാഹനങ്ങള്‍ നാമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ ﴿٤٣﴾

നാമിച്ഛിക്കുന്നുവെങ്കില്‍ നാമവരെ മുക്കിക്കൊല്ലും. അപ്പോഴിവരുടെ നിലവിളി കേള്‍ക്കാനാരുമുണ്ടാവില്ല. ഇവര്‍ രക്ഷപ്പെടുകയുമില്ല.

إِلَّا رَحْمَةًۭ مِّنَّا وَمَتَٰعًا إِلَىٰ حِينٍۢ ﴿٤٤﴾

അങ്ങനെയൊന്ന് സംഭവിക്കാത്തത് നമ്മുടെ കാരുണ്യംകൊണ്ട് മാത്രമാണ്. ഇവര്‍ നിശ്ചിത പരിധിവരെ ജീവിതസുഖം അനുഭവിക്കാനും.

وَإِذَا قِيلَ لَهُمُ ٱتَّقُوا۟ مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ ﴿٤٥﴾

\"നിങ്ങള്‍ക്കു മുന്നില്‍ സംഭവിക്കുന്നതും നേരത്തെ സംഭവിച്ചുകഴിഞ്ഞതുമായ വിപത്തുകളെ സൂക്ഷിക്കുക. നിങ്ങള്‍ക്കു കാരുണ്യം കിട്ടിയേക്കാം\" എന്ന് ഇവരോടാവശ്യപ്പെട്ടാല്‍ ഇവരത് തീരേ ശ്രദ്ധിക്കുകയില്ല.

وَمَا تَأْتِيهِم مِّنْ ءَايَةٍۢ مِّنْ ءَايَٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ ﴿٤٦﴾

ഇവര്‍ക്ക് തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളില്‍നിന്ന് ഏതൊന്ന് വന്നെത്തിയാലും ഇവരത് പാടേ അവഗണിച്ചുതള്ളുന്നു.

وَإِذَا قِيلَ لَهُمْ أَنفِقُوا۟ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَنُطْعِمُ مَن لَّوْ يَشَآءُ ٱللَّهُ أَطْعَمَهُۥٓ إِنْ أَنتُمْ إِلَّا فِى ضَلَٰلٍۢ مُّبِينٍۢ ﴿٤٧﴾

\"നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍നിന്ന് ചെലവഴിക്കുക\" എന്നാവശ്യപ്പെട്ടാല്‍ സത്യനിഷേധികള്‍ വിശ്വാസികളോടു പറയും: \"അല്ലാഹു വിചാരിച്ചിരുന്നെങ്കില്‍ അവന്‍ തന്നെ ഇവര്‍ക്ക് അന്നം നല്‍കുമായിരുന്നല്ലോ. പിന്നെ ഞങ്ങളിവര്‍ക്ക് എന്തിന് അന്നം നല്‍കണം? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെ.\"

وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ﴿٤٨﴾

ഇക്കൂട്ടര്‍ ചോദിക്കുന്നു: \"ഈ വാഗ്ദാനം എപ്പോഴാണ് പുലരുക- നിങ്ങള്‍ സത്യവാന്മാരെങ്കില്‍?\"

مَا يَنظُرُونَ إِلَّا صَيْحَةًۭ وَٰحِدَةًۭ تَأْخُذُهُمْ وَهُمْ يَخِصِّمُونَ ﴿٤٩﴾

യഥാര്‍ഥത്തിലിവര്‍ കാത്തിരിക്കുന്നത് ഒരൊറ്റ ഘോരശബ്ദം മാത്രമാണ്. അവരന്യോന്യം തര്‍ക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും.

فَلَا يَسْتَطِيعُونَ تَوْصِيَةًۭ وَلَآ إِلَىٰٓ أَهْلِهِمْ يَرْجِعُونَ ﴿٥٠﴾

അപ്പോഴിവര്‍ക്ക് ഒരു വസിയ്യത്ത് ചെയ്യാന്‍പോലും സാധിക്കുകയില്ല. തങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങാനും കഴിയില്ല.

وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴿٥١﴾

കാഹളത്തില്‍ ഊതപ്പെടും. അപ്പോഴിവര്‍ കുഴിമാടങ്ങളില്‍നിന്ന് തങ്ങളുടെ നാഥങ്കലേക്ക് കുതിച്ചോടും.

قَالُوا۟ يَٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ ٱلرَّحْمَٰنُ وَصَدَقَ ٱلْمُرْسَلُونَ ﴿٥٢﴾

അവര്‍ പറയും: \"നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ ഉണര്‍ത്തി എഴുന്നേല്‍പിച്ചത് ആരാണ്? ഇത് ആ പരമ കാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്മാര്‍ പറഞ്ഞത് സത്യംതന്നെ.\"

إِن كَانَتْ إِلَّا صَيْحَةًۭ وَٰحِدَةًۭ فَإِذَا هُمْ جَمِيعٌۭ لَّدَيْنَا مُحْضَرُونَ ﴿٥٣﴾

അതൊരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴേക്കും അവരതാ ഒന്നടങ്കം നമ്മുടെ സന്നിധിയില്‍ ഹാജരാക്കപ്പെടുന്നു.

فَٱلْيَوْمَ لَا تُظْلَمُ نَفْسٌۭ شَيْـًۭٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴿٥٤﴾

അന്നാളില്‍ ആരോടും അല്‍പവും അനീതി ഉണ്ടാവില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമാണ് നിങ്ങള്‍ക്കുണ്ടാവുക.

إِنَّ أَصْحَٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍۢ فَٰكِهُونَ ﴿٥٥﴾

സംശയംവേണ്ട; അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും.

هُمْ وَأَزْوَٰجُهُمْ فِى ظِلَٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ ﴿٥٦﴾

അവരും അവരുടെ ഇണകളും സ്വര്‍ഗത്തണലുകളില്‍ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.

لَهُمْ فِيهَا فَٰكِهَةٌۭ وَلَهُم مَّا يَدَّعُونَ ﴿٥٧﴾

അവര്‍ക്കവിടെ രുചികരമായ പഴങ്ങളുണ്ട്. അവരാവശ്യപ്പെടുന്നതെന്തും അവിടെ കിട്ടും.

سَلَٰمٌۭ قَوْلًۭا مِّن رَّبٍّۢ رَّحِيمٍۢ ﴿٥٨﴾

സലാം - സമാധാനം - ഇതായിരിക്കും ദയാപരനായ നാഥനില്‍നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.

وَٱمْتَٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ ﴿٥٩﴾

“കുറ്റവാളികളേ, നിങ്ങളിന്ന് വേറെ മാറിനില്‍ക്കുക.”

۞ أَلَمْ أَعْهَدْ إِلَيْكُمْ يَٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ ﴿٦٠﴾

ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന്; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന്.

وَأَنِ ٱعْبُدُونِى ۚ هَٰذَا صِرَٰطٌۭ مُّسْتَقِيمٌۭ ﴿٦١﴾

നിങ്ങള്‍ എനിക്കു വഴിപ്പെടുക, ഇതാണ് നേര്‍വഴിയെന്നും.

وَلَقَدْ أَضَلَّ مِنكُمْ جِبِلًّۭا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ ﴿٦٢﴾

സംശയമില്ല; നിങ്ങളിലെ നിരവധി സംഘങ്ങളെ പിശാച് പിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?

هَٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ ﴿٦٣﴾

ഇതാ, നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തിരുന്ന നരകം!

ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ ﴿٦٤﴾

നിങ്ങള്‍ സത്യത്തെ തള്ളിപ്പറഞ്ഞു. അതിന്റെ ഫലമായി നിങ്ങളിന്ന് നരകത്തില്‍ കിടന്നെരിയുക.

ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ ﴿٦٥﴾

അന്ന് നാമവരുടെ വായ അടച്ചു മുദ്രവെക്കും. അവരുടെ കൈകള്‍ നമ്മോടു സംസാരിക്കും. കാലുകള്‍ സാക്ഷ്യംവഹിക്കും- അവര്‍ ചെയ്തുകൊണ്ടിരുന്നതെന്താണെന്ന്.

وَلَوْ نَشَآءُ لَطَمَسْنَا عَلَىٰٓ أَعْيُنِهِمْ فَٱسْتَبَقُوا۟ ٱلصِّرَٰطَ فَأَنَّىٰ يُبْصِرُونَ ﴿٦٦﴾

നാം ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ കണ്ണുകളെത്തന്നെ നാം മായ്ച്ചുകളയുമായിരുന്നു. അപ്പോഴവര്‍ വഴിയിലൂടെ മുന്നോട്ട് കുതിക്കാന്‍ നോക്കും. എന്നാല്‍ അവരെങ്ങനെ വഴി കാണാനാണ്?

وَلَوْ نَشَآءُ لَمَسَخْنَٰهُمْ عَلَىٰ مَكَانَتِهِمْ فَمَا ٱسْتَطَٰعُوا۟ مُضِيًّۭا وَلَا يَرْجِعُونَ ﴿٦٧﴾

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നാമവരെ അവര്‍ നില്‍ക്കുന്നേടത്തുവെച്ചുതന്നെ രൂപമാറ്റം വരുത്തുമായിരുന്നു. അപ്പോഴവര്‍ക്കു മുന്നോട്ടു പോവാനാവില്ല. പിന്നോട്ടു മടങ്ങാനും കഴിയില്ല.

وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ ﴿٦٨﴾

നാം ആര്‍ക്കെങ്കിലും ദീര്‍ഘായുസ്സ് നല്‍കുകയാണെങ്കില്‍ അയാളുടെ പ്രകൃതി തന്നെ പാടെ മാറ്റിമറിക്കുന്നു. എന്നിട്ടും ഇതൊന്നും അവരൊട്ടും ആലോചിച്ചറിയുന്നില്ലേ?

وَمَا عَلَّمْنَٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌۭ وَقُرْءَانٌۭ مُّبِينٌۭ ﴿٦٩﴾

നാം അദ്ദേഹത്തെ കവിത പരിശീലിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് യോജിച്ചതല്ല. ഇതാകട്ടെ ഗൌരവപൂര്‍ണമായ ഒരുദ്ബോധനമാണ്. സ്പഷ്ടമായി വായിക്കാവുന്ന വേദപുസ്തകം.

لِّيُنذِرَ مَن كَانَ حَيًّۭا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَٰفِرِينَ ﴿٧٠﴾

ജീവനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. സത്യത്തെ തള്ളിപ്പറയുന്നവര്‍ക്കെതിരെ ന്യായം സ്ഥാപിച്ചെടുക്കാനും.

أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَٰمًۭا فَهُمْ لَهَا مَٰلِكُونَ ﴿٧١﴾

നമ്മുടെ കരങ്ങളുണ്ടാക്കിയവയില്‍പെട്ടവയാണ് കന്നുകാലികളെന്ന് അവര്‍ കാണുന്നില്ലേ; അവര്‍ക്കു വേണ്ടിയാണ് നാമത് സൃഷ്ടിച്ചതെന്നും. ഇപ്പോഴവ അവരുടെ അധീനതയിലാണല്ലോ.

وَذَلَّلْنَٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ ﴿٧٢﴾

അവയെ നാമവര്‍ക്ക് മെരുക്കിയൊതുക്കിക്കൊടുത്തിരിക്കുന്നു. അവയില്‍ ചിലത് അവരുടെ വാഹനമാണ്. ചിലതിനെ അവര്‍ ആഹരിക്കുകയും ചെയ്യുന്നു.

وَلَهُمْ فِيهَا مَنَٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ ﴿٧٣﴾

അവര്‍ക്ക് അവയില്‍ പല പ്രയോജനങ്ങളുമുണ്ട്. പാനീയങ്ങളുമുണ്ട്. എന്നിട്ടും അവര്‍ നന്ദി കാണിക്കുന്നില്ലേ?

وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةًۭ لَّعَلَّهُمْ يُنصَرُونَ ﴿٧٤﴾

തങ്ങള്‍ക്കു സഹായം കിട്ടാനായി അല്ലാഹുവെക്കൂടാതെ പല ദൈവങ്ങളെയും അവര്‍ പങ്കാളികളായി സങ്കല്‍പിച്ചുവെച്ചിരിക്കുന്നു.

لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌۭ مُّحْضَرُونَ ﴿٧٥﴾

എന്നാല്‍ അവരെ സഹായിക്കാന്‍ അവയ്ക്കു സാധ്യമല്ല. യഥാര്‍ഥത്തിലവര്‍ ആ ദൈവങ്ങള്‍ക്കായി തയ്യാറായി നില്‍ക്കുന്ന സൈന്യമാണ്.

فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ﴿٧٦﴾

അതിനാല്‍ അവരുടെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമൊക്കെ നാം നന്നായറിയുന്നുണ്ട്.

أَوَلَمْ يَرَ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن نُّطْفَةٍۢ فَإِذَا هُوَ خَصِيمٌۭ مُّبِينٌۭ ﴿٧٧﴾

മനുഷ്യനെ നാമൊരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ. എന്നിട്ടിപ്പോള്‍ അവനിതാ ഒരു പ്രത്യക്ഷശത്രുവായി മാറിയിരിക്കുന്നു.

وَضَرَبَ لَنَا مَثَلًۭا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَٰمَ وَهِىَ رَمِيمٌۭ ﴿٧٨﴾

അവന്‍ നമുക്ക് ഉപമചമച്ചിരിക്കുന്നു. തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നുകളഞ്ഞു. അവന്‍ ചോദിക്കുന്നു: എല്ലുകള്‍ പറ്റെ ദ്രവിച്ചുകഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്?

قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍۢ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ﴿٧٩﴾

പറയുക: ഒന്നാം തവണ അവയെ സൃഷ്ടിച്ചവന്‍ തന്നെ വീണ്ടും അവയെ ജീവിപ്പിക്കും. അവന്‍ എല്ലാവിധ സൃഷ്ടിപ്പിനെപ്പറ്റിയും നന്നായറിയുന്നവനാണ്.

ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًۭا فَإِذَآ أَنتُم مِّنْهُ تُوقِدُونَ ﴿٨٠﴾

പച്ചമരത്തില്‍നിന്ന് നിങ്ങള്‍ക്ക് തീയുണ്ടാക്കിത്തന്നവനാണവന്‍. അങ്ങനെ നിങ്ങളിപ്പോഴിതാ അതുപയോഗിച്ച് തീ കത്തിക്കുന്നു.

أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِقَٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّٰقُ ٱلْعَلِيمُ ﴿٨١﴾

ആകാശഭൂമികളെ പടച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ? അങ്ങനെയല്ല. അവന്‍ കഴിവുറ്റ സ്രഷ്ടാവാണ്. എല്ലാം അറിയുന്നവനും.

إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ ﴿٨٢﴾

അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് “ഉണ്ടാകൂ” എന്ന് പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാകുന്നു. ഇതാണവന്റെ അവസ്ഥ.

فَسُبْحَٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍۢ وَإِلَيْهِ تُرْجَعُونَ ﴿٨٣﴾

സകല സംഗതികളുടെയും സമഗ്രാധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടങ്ങിച്ചെല്ലുന്നത് ആരുടെ അടുത്തേക്കാണോ, അവനാണ് പരിശുദ്ധന്‍!