Main pages

Surah Crouching [Al-Jathiya] in Malayalam

Surah Crouching [Al-Jathiya] Ayah 37 Location Maccah Number 45

حمٓ ﴿١﴾

ഹാ-മീം.

تَنزِيلُ ٱلْكِتَٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴿٢﴾

ഈ വേദപുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നാണ്.

إِنَّ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ لَءَايَٰتٍۢ لِّلْمُؤْمِنِينَ ﴿٣﴾

തീര്‍ച്ചയായും ആകാശഭൂമികളില്‍ സത്യവിശ്വാസികള്‍ക്ക് എണ്ണമറ്റ തെളിവുകളുണ്ട്.

وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَٰتٌۭ لِّقَوْمٍۢ يُوقِنُونَ ﴿٤﴾

നിങ്ങളുടെ സൃഷ്ടിപ്പിലും അല്ലാഹു ജീവജാലങ്ങളെ ഭൂമിയില്‍ പരത്തിയതിലും, അടിയുറച്ച വിശ്വാസമുള്ള ജനത്തിന് അളവറ്റ അടയാളങ്ങളുണ്ട്.

وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزْقٍۢ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَٰحِ ءَايَٰتٌۭ لِّقَوْمٍۢ يَعْقِلُونَ ﴿٥﴾

രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; അല്ലാഹു മാനത്തുനിന്ന് ജീവിതവിഭവം ഇറക്കിത്തരുന്നതില്‍; അതു വഴി ചത്ത ഭൂമിയെ ചൈതന്യവത്താക്കുന്നതില്‍; കാറ്റുകളുടെ ഗതി നിയന്ത്രിക്കുന്നതില്‍; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് ഒട്ടേറെ അടയാളങ്ങളുണ്ട്.

تِلْكَ ءَايَٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۖ فَبِأَىِّ حَدِيثٍۭ بَعْدَ ٱللَّهِ وَءَايَٰتِهِۦ يُؤْمِنُونَ ﴿٦﴾

അല്ലാഹുവിന്റെ വചനങ്ങളാണിവ. നാമവയെ നിനക്കു ക്രമാനുസൃതം ഓതിത്തരുന്നു. അല്ലാഹുവിലും അവന്റെ വചനങ്ങളിലുമല്ലാതെ മറ്റേതു വൃത്താന്തത്തിലാണ് ഈ ജനം ഇനി വിശ്വസിക്കുക.

وَيْلٌۭ لِّكُلِّ أَفَّاكٍ أَثِيمٍۢ ﴿٧﴾

പെരുംനുണ കെട്ടിപ്പറയുന്ന പാപികള്‍ക്കൊക്കെയും കൊടിയനാശം!

يَسْمَعُ ءَايَٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًۭا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍۢ ﴿٨﴾

അവന്റെ മുമ്പില്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വായിക്കപ്പെടുന്നു. അവനത് കേള്‍ക്കുന്നു. എന്നിട്ടുമത് കേട്ടിട്ടില്ലെന്ന മട്ടില്‍ അഹന്ത നടിച്ച് പഴയപോലെത്തന്നെ സത്യനിഷേധത്തിലുറച്ചു നില്‍ക്കുന്നു. അതിനാല്‍ അവനെ നോവേറുന്ന ശിക്ഷയെ സംബന്ധിച്ച “സുവാര്‍ത്ത” അറിയിക്കുക.

وَإِذَا عَلِمَ مِنْ ءَايَٰتِنَا شَيْـًٔا ٱتَّخَذَهَا هُزُوًا ۚ أُو۟لَٰٓئِكَ لَهُمْ عَذَابٌۭ مُّهِينٌۭ ﴿٩﴾

നമ്മുടെ വചനങ്ങളില്‍ വല്ലതും അവന്‍ അറിഞ്ഞാല്‍ ഉടനെ അവനതിനെ പുച്ഛിക്കുന്നു. അത്തരക്കാര്‍ക്ക് ഉറപ്പായും ഏറ്റം നിന്ദ്യമായ ശിക്ഷയുണ്ട്.

مِّن وَرَآئِهِمْ جَهَنَّمُ ۖ وَلَا يُغْنِى عَنْهُم مَّا كَسَبُوا۟ شَيْـًۭٔا وَلَا مَا ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ ۖ وَلَهُمْ عَذَابٌ عَظِيمٌ ﴿١٠﴾

അവരെ പിന്തുടരുന്നത് കത്തിപ്പടരുന്ന തിയ്യാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. അല്ലാഹുവെക്കൂടാതെ അവര്‍ കൊണ്ടുനടക്കുന്ന രക്ഷാധികാരികളാരും അവര്‍ക്കൊരിക്കലും പ്രയോജനപ്പെടുകയില്ല. അവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്.

هَٰذَا هُدًۭى ۖ وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِ رَبِّهِمْ لَهُمْ عَذَابٌۭ مِّن رِّجْزٍ أَلِيمٌ ﴿١١﴾

ഈ ഖുര്‍ആന്‍ വഴികാട്ടിയാണ്. തങ്ങളുടെ നാഥന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ക്ക് നോവുറ്റ ഹീനമായ ശിക്ഷയുണ്ട്.

۞ ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ﴿١٢﴾

അല്ലാഹുവാണ് നിങ്ങള്‍ക്ക് കടലിനെ കീഴ്പ്പെടുത്തിത്തന്നത്. അവന്റെ കല്‍പനപ്രകാരം അതില്‍ കപ്പലോട്ടാന്‍; നിങ്ങളവന്റെ മഹത്തായ അനുഗ്രഹങ്ങള്‍ പരതാനും. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ.

وَسَخَّرَ لَكُم مَّا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًۭا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ ﴿١٣﴾

ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു. എല്ലാം അവനില്‍ നിന്നുള്ളതാണ്. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം തെളിവുകളുണ്ട്.

قُل لِّلَّذِينَ ءَامَنُوا۟ يَغْفِرُوا۟ لِلَّذِينَ لَا يَرْجُونَ أَيَّامَ ٱللَّهِ لِيَجْزِىَ قَوْمًۢا بِمَا كَانُوا۟ يَكْسِبُونَ ﴿١٤﴾

സത്യവിശ്വാസികളോടു പറയൂ: അല്ലാഹുവിന്റെ ശിക്ഷയുടെ നാളുകളെ പ്രതീക്ഷിക്കാത്ത സത്യനിഷേധികളോട് അവര്‍ വിട്ടുവീഴ്ച കാണിക്കട്ടെ. ഓരോ ജനതക്കും അവര്‍ നേടിയെടുത്തതിന്റെ ഫലം നല്‍കാന്‍ അല്ലാഹുവിന് അവസരമുണ്ടാകട്ടെ.

مَنْ عَمِلَ صَٰلِحًۭا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ ﴿١٥﴾

ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനുതന്നെ. പിന്നെ നിങ്ങളൊക്കെ മടക്കപ്പെടുക നിങ്ങളുടെ നാഥങ്കലേക്കാണ്.

وَلَقَدْ ءَاتَيْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَى ٱلْعَٰلَمِينَ ﴿١٦﴾

തീര്‍ച്ചയായും നാം ഇസ്രയേല്‍ മക്കള്‍ക്ക് വേദപുസ്തകമേകി. ആധിപത്യവും പ്രവാചകത്വവും നല്‍കി. ഉത്തമ വസ്തുക്കളില്‍ നിന്ന് അന്നം നല്‍കി. ലോകത്ത് നാമവരെ മറ്റാരെക്കാളും ശ്രേഷ്ഠരാക്കുകയും ചെയ്തു.

وَءَاتَيْنَٰهُم بَيِّنَٰتٍۢ مِّنَ ٱلْأَمْرِ ۖ فَمَا ٱخْتَلَفُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ ﴿١٧﴾

അവര്‍ക്കു നാം എല്ലാ കാര്യങ്ങളിലും വ്യക്തമായ പ്രമാണങ്ങള്‍ നല്‍കി. വിജ്ഞാനം വന്നെത്തിയ ശേഷം മാത്രമാണവര്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമായാണത്. അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള കാര്യങ്ങളില്‍ നിന്റെ നാഥന്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ വിധിത്തീര്‍പ്പ് കല്‍പിക്കുന്നതാണ്.

ثُمَّ جَعَلْنَٰكَ عَلَىٰ شَرِيعَةٍۢ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ ﴿١٨﴾

പിന്നീട് നിന്നെ നാം ഇക്കാര്യത്തില്‍ വ്യക്തമായ നിയമവ്യവസ്ഥയിലാക്കിയിരിക്കുന്നു. അതിനാല്‍ നീ ആ മാര്‍ഗം പിന്തുടരുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്.

إِنَّهُمْ لَن يُغْنُوا۟ عَنكَ مِنَ ٱللَّهِ شَيْـًۭٔا ۚ وَإِنَّ ٱلظَّٰلِمِينَ بَعْضُهُمْ أَوْلِيَآءُ بَعْضٍۢ ۖ وَٱللَّهُ وَلِىُّ ٱلْمُتَّقِينَ ﴿١٩﴾

അല്ലാഹുവില്‍ നിന്നുള്ള ഒരു കാര്യത്തിലും നിനക്കൊരുപകാരവും ചെയ്യാന്‍ അവര്‍ക്കാവില്ല. തീര്‍ച്ചയായും അക്രമികള്‍ പരസ്പരം സഹായികളാണ്. എന്നാല്‍ ഭക്തന്മാരുടെ രക്ഷാധികാരി അല്ലാഹുവാണ്.

هَٰذَا بَصَٰٓئِرُ لِلنَّاسِ وَهُدًۭى وَرَحْمَةٌۭ لِّقَوْمٍۢ يُوقِنُونَ ﴿٢٠﴾

ഇത് മുഴുവന്‍ മനുഷ്യര്‍ക്കും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയാണ്. മഹത്തായ അനുഗ്രഹവും.

أَمْ حَسِبَ ٱلَّذِينَ ٱجْتَرَحُوا۟ ٱلسَّيِّـَٔاتِ أَن نَّجْعَلَهُمْ كَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ سَوَآءًۭ مَّحْيَاهُمْ وَمَمَاتُهُمْ ۚ سَآءَ مَا يَحْكُمُونَ ﴿٢١﴾

ചീത്ത വൃത്തികള്‍ ചെയ്തുകൂട്ടിയവര്‍ കരുതുന്നോ, അവരെ നാം സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ ആക്കുമെന്ന്. അഥവാ, അവരുടെ ജീവിതവും മരണവും ഒരേപോലെയാകുമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ.

وَخَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴿٢٢﴾

അല്ലാഹു ആകാശഭൂമികളെ യാഥാര്‍ഥ്യനിഷ്ഠമായാണ് സൃഷ്ടിച്ചത്. ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം നല്‍കാനാണിത്. ആരോടും ഒട്ടും അനീതി ഉണ്ടാവുകയില്ല.

أَفَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍۢ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةًۭ فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ ﴿٢٣﴾

തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ?

وَقَالُوا۟ مَا هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلَّا ٱلدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ ﴿٢٤﴾

അവര്‍ പറഞ്ഞു: \"നമ്മുടെ ഈ ലോകജീവിതമല്ലാതെ ജീവിതമില്ല. നാം മരിക്കുന്നു. ജീവിക്കുന്നു. കാലം മാത്രമാണ് നമ്മെ നശിപ്പിക്കുന്നത്.\" യഥാര്‍ഥത്തില്‍ അവര്‍ക്ക് അതേപ്പറ്റി ഒരു വിവരവുമില്ല. അവര്‍ വെറുതെ ഊഹിച്ചുപറയുകയാണ്.

وَإِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُنَا بَيِّنَٰتٍۢ مَّا كَانَ حُجَّتَهُمْ إِلَّآ أَن قَالُوا۟ ٱئْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَٰدِقِينَ ﴿٢٥﴾

നമ്മുടെ വചനങ്ങള്‍ അവരെ വ്യക്തമായി വായിച്ചുകേള്‍പ്പിച്ചാല്‍ അവര്‍ക്കു ന്യായവാദമായി പറയാനുള്ളത് ഇതുമാത്രമായിരിക്കും: \"നിങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ജീവിപ്പിച്ചുകൊണ്ടുവരിക; നിങ്ങള്‍ സത്യവാദികളെങ്കില്‍!\"

قُلِ ٱللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَا رَيْبَ فِيهِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴿٢٦﴾

പറയുക: അല്ലാഹുവാണ് നിങ്ങളെ ജീവിപ്പിക്കുന്നത്. പിന്നെ നിങ്ങളെയവന്‍ മരിപ്പിക്കും. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളെയവന്‍ ഒരുമിച്ചുകൂട്ടും. ഇതിലൊട്ടും സംശയമില്ല. എന്നാല്‍ മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല.

وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍۢ يَخْسَرُ ٱلْمُبْطِلُونَ ﴿٢٧﴾

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. ആ അന്ത്യസമയം വരുംനാളില്‍ അസത്യവാദികള്‍ കൊടിയ നഷ്ടത്തിലായിരിക്കും.

وَتَرَىٰ كُلَّ أُمَّةٍۢ جَاثِيَةًۭ ۚ كُلُّ أُمَّةٍۢ تُدْعَىٰٓ إِلَىٰ كِتَٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴿٢٨﴾

അന്ന് ഓരോ സമുദായവും മുട്ടുകുത്തി വീണുകിടക്കുന്നതായി നിനക്കു കാണാം. എല്ലാ ഓരോ സമുദായത്തെയും തങ്ങളുടെ കര്‍മരേഖ നോക്കാന്‍ വിളിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും.

هَٰذَا كِتَٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ ﴿٢٩﴾

നമ്മുടെ കര്‍മരേഖ ഇതാ! ഇത് നിങ്ങള്‍ക്കെതിരെ സത്യം തുറന്നുപറയും. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം നാം കൃത്യമായി എഴുതിയെടുപ്പിക്കുന്നുണ്ടായിരുന്നു.

فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَيُدْخِلُهُمْ رَبُّهُمْ فِى رَحْمَتِهِۦ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْمُبِينُ ﴿٣٠﴾

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അവരുടെ നാഥന്‍ തന്റെ കാരുണ്യവലയത്തില്‍ പ്രവേശിപ്പിക്കും. വ്യക്തമായ വിജയവും അതുതന്നെ.

وَأَمَّا ٱلَّذِينَ كَفَرُوٓا۟ أَفَلَمْ تَكُنْ ءَايَٰتِى تُتْلَىٰ عَلَيْكُمْ فَٱسْتَكْبَرْتُمْ وَكُنتُمْ قَوْمًۭا مُّجْرِمِينَ ﴿٣١﴾

മറിച്ച് സത്യത്തെ തള്ളിപ്പറഞ്ഞവരോ; അവരോടിങ്ങനെ പറയും: \"എന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമായി ഓതിക്കേള്‍പ്പിച്ചുതന്നിരുന്നില്ലേ? എന്നിട്ടും നിങ്ങള്‍ അഹങ്കരിച്ചു. നിങ്ങള്‍ കുറ്റവാളികളായ ജനമായിത്തീര്‍ന്നു.\"

وَإِذَا قِيلَ إِنَّ وَعْدَ ٱللَّهِ حَقٌّۭ وَٱلسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنًّۭا وَمَا نَحْنُ بِمُسْتَيْقِنِينَ ﴿٣٢﴾

\"തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെ. ആ അന്ത്യദിനത്തിന്റെ കാര്യത്തിലൊട്ടും സംശയമില്ല\" എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയും: \"ഞങ്ങള്‍ക്കറിയില്ലല്ലോ; എന്താണ് ഈ അന്ത്യദിനമെന്ന്. ഞങ്ങള്‍ക്ക് ഊഹം മാത്രമേയുള്ളൂ. ഞങ്ങള്‍ക്ക് ഇക്കാര്യത്തിലൊരുറപ്പുമില്ല.\"

وَبَدَا لَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴿٣٣﴾

അവര്‍ ചെയ്തുകൊണ്ടിരുന്ന ദുര്‍വൃത്തികളുടെ ദുരന്തഫലം അവര്‍ക്ക് വെളിപ്പെടുകതന്നെ ചെയ്യും. അവര്‍ പരിഹസിച്ച് അവഗണിച്ച ശിക്ഷ അവരെ വലയം ചെയ്യും.

وَقِيلَ ٱلْيَوْمَ نَنسَىٰكُمْ كَمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَٰذَا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ ﴿٣٤﴾

അപ്പോള്‍ അവരോടു പറയും: \"ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യം നിങ്ങള്‍ മറന്നിരുന്നപോലെത്തന്നെ നിങ്ങളെ നാമുമിന്ന് മറന്നിരിക്കുന്നു. നിങ്ങളുടെ താവളം ആളിക്കത്തുന്ന നരകത്തീയാണ്. നിങ്ങളെ സഹായിക്കാന്‍ ആരുമുണ്ടാവുകയില്ല.

ذَٰلِكُم بِأَنَّكُمُ ٱتَّخَذْتُمْ ءَايَٰتِ ٱللَّهِ هُزُوًۭا وَغَرَّتْكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ ﴿٣٥﴾

\"അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ പുച്ഛിച്ചുതള്ളി. ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു. അതിനാലാണിങ്ങനെ സംഭവിച്ചത്.\" ഇന്ന് അവരെ നരകത്തീയില്‍ നിന്ന് പുറത്തുചാടാനനുവദിക്കുകയില്ല. അവരോട് പ്രായശ്ചിത്തത്തിന് ആവശ്യപ്പെടുകയുമില്ല.

فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَٰوَٰتِ وَرَبِّ ٱلْأَرْضِ رَبِّ ٱلْعَٰلَمِينَ ﴿٣٦﴾

അതിനാല്‍ അല്ലാഹുവിന് സ്തുതി. അവന്‍ ആകാശങ്ങളുടെ നാഥനാണ്. ഭൂമിയുടെയും നാഥനാണ്. സര്‍വലോക സംരക്ഷകനും.

وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴿٣٧﴾

ഉന്നതങ്ങളില്‍ അവനാണ് മഹത്വം. ഭൂമിയിലും ഔന്നത്യം അവന്നുതന്നെ. ഏറെ പ്രതാപിയാണ് അവന്‍. അതീവ യുക്തിമാനും.