Main pages

Surah The Light [An-Noor] in Malayalam

Surah The Light [An-Noor] Ayah 64 Location Makkah Number 24

سُورَةٌ أَنزَلۡنَـٰهَا وَفَرَضۡنَـٰهَا وَأَنزَلۡنَا فِیهَاۤ ءَایَـٰتِۭ بَیِّنَـٰتࣲ لَّعَلَّكُمۡ تَذَكَّرُونَ ﴿1﴾

നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

ഇതൊരധ്യായമാണ്. നാം ഇതിറക്കിത്തന്നിരിക്കുന്നു. ഇതിനെ നിയമമാക്കി നിശ്ചയിച്ചിരിക്കുന്നു. നാം ഇതില്‍ വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍.

ٱلزَّانِیَةُ وَٱلزَّانِی فَٱجۡلِدُوا۟ كُلَّ وَ ٰ⁠حِدࣲ مِّنۡهُمَا مِا۟ئَةَ جَلۡدَةࣲۖ وَلَا تَأۡخُذۡكُم بِهِمَا رَأۡفَةࣱ فِی دِینِ ٱللَّهِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِۖ وَلۡیَشۡهَدۡ عَذَابَهُمَا طَاۤىِٕفَةࣱ مِّنَ ٱلۡمُؤۡمِنِینَ ﴿2﴾

വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ.

കാരകുന്ന് & എളയാവൂര്

വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടിവീതം അടിക്കുക. അല്ലാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്നകാര്യത്തില്‍ അവരോടുള്ള ദയ നിങ്ങളെ പിടികൂടാതിരിക്കട്ടെ- നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍. അവരെ ശിക്ഷിക്കുന്നതിന് സത്യവിശ്വാസികളിലൊരുസംഘം സാക്ഷ്യംവഹിക്കുകയും ചെയ്യട്ടെ.

ٱلزَّانِی لَا یَنكِحُ إِلَّا زَانِیَةً أَوۡ مُشۡرِكَةࣰ وَٱلزَّانِیَةُ لَا یَنكِحُهَاۤ إِلَّا زَانٍ أَوۡ مُشۡرِكࣱۚ وَحُرِّمَ ذَ ٰ⁠لِكَ عَلَى ٱلۡمُؤۡمِنِینَ ﴿3﴾

വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹംചെയ്യുകയുമില്ല. സത്യവിശ്വാസികള്‍ക്ക് അത് നിഷിദ്ധമാക്കിയിരിക്കുന്നു.

وَٱلَّذِینَ یَرۡمُونَ ٱلۡمُحۡصَنَـٰتِ ثُمَّ لَمۡ یَأۡتُوا۟ بِأَرۡبَعَةِ شُهَدَاۤءَ فَٱجۡلِدُوهُمۡ ثَمَـٰنِینَ جَلۡدَةࣰ وَلَا تَقۡبَلُوا۟ لَهُمۡ شَهَـٰدَةً أَبَدࣰاۚ وَأُو۟لَـٰۤىِٕكَ هُمُ ٱلۡفَـٰسِقُونَ ﴿4﴾

ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്‌. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍.

കാരകുന്ന് & എളയാവൂര്

നാലു സാക്ഷികളെ ഹാജറാക്കാതെ ചാരിത്രവതികളുടെമേല്‍ കുറ്റമാരോപിക്കുന്നവരെ നിങ്ങള്‍ എണ്‍പത് അടിവീതം അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കരുത്. അവര്‍തന്നെയാണ് തെമ്മാടികള്‍.

إِلَّا ٱلَّذِینَ تَابُوا۟ مِنۢ بَعۡدِ ذَ ٰ⁠لِكَ وَأَصۡلَحُوا۟ فَإِنَّ ٱللَّهَ غَفُورࣱ رَّحِیمࣱ ﴿5﴾

അതിന് ശേഷം പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെയാകുന്നു.

കാരകുന്ന് & എളയാവൂര്

അതിനുശേഷം പശ്ചാത്തപിക്കുകയും വിശുദ്ധിവരിക്കുകയും ചെയ്തവരൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

وَٱلَّذِینَ یَرۡمُونَ أَزۡوَ ٰ⁠جَهُمۡ وَلَمۡ یَكُن لَّهُمۡ شُهَدَاۤءُ إِلَّاۤ أَنفُسُهُمۡ فَشَهَـٰدَةُ أَحَدِهِمۡ أَرۡبَعُ شَهَـٰدَ ٰ⁠تِۭ بِٱللَّهِ إِنَّهُۥ لَمِنَ ٱلصَّـٰدِقِینَ ﴿6﴾

തങ്ങളുടെ ഭാര്യമാരുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, അവരവര്‍ ഒഴികെ മറ്റു സാക്ഷികളൊന്നും തങ്ങള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട സാക്ഷ്യം തീര്‍ച്ചയായും താന്‍ സത്യവാന്‍മാരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്‍റെ പേരില്‍ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു.

കാരകുന്ന് & എളയാവൂര്

തങ്ങളുടെ ഭാര്യമാരുടെമേല്‍ കുറ്റമാരോപിക്കുകയും അതിനു തങ്ങളല്ലാതെ മറ്റു സാക്ഷികളില്ലാതിരിക്കുകയുമാണെങ്കില്‍, അവരിലൊരാളുടെ സാക്ഷ്യം “താന്‍ തീര്‍ച്ചയായും സത്യവാനാണെ”ന്ന് അല്ലാഹുവിന്റെപേരില്‍ നാലുതവണ ആണയിട്ട് പറയലാണ്.

وَٱلۡخَـٰمِسَةُ أَنَّ لَعۡنَتَ ٱللَّهِ عَلَیۡهِ إِن كَانَ مِنَ ٱلۡكَـٰذِبِینَ ﴿7﴾

അഞ്ചാമതായി, താന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്‍റെ ശാപം തന്‍റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം.)

കാരകുന്ന് & എളയാവൂര്

അഞ്ചാം തവണ, താന്‍ കള്ളം പറയുന്നവനാണെങ്കില്‍ ദൈവശാപം തന്റെമേല്‍ പതിക്കട്ടെ എന്നും പറയണം.

وَیَدۡرَؤُا۟ عَنۡهَا ٱلۡعَذَابَ أَن تَشۡهَدَ أَرۡبَعَ شَهَـٰدَ ٰ⁠تِۭ بِٱللَّهِ إِنَّهُۥ لَمِنَ ٱلۡكَـٰذِبِینَ ﴿8﴾

തീര്‍ച്ചയായും അവന്‍ കളവ് പറയുന്നവരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്‍റെ പേരില്‍ അവള്‍ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കുന്ന പക്ഷം, അതവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്‌.

കാരകുന്ന് & എളയാവൂര്

“തീര്‍ച്ചയായും അയാള്‍ കള്ളം പറയുന്നവനാണെ”ന്ന് അല്ലാഹുവിന്റെ പേരില്‍ അവള്‍ നാലു തവണ ആണയിട്ടു സാക്ഷ്യപ്പെടുത്തിയാല്‍ അത് അവളെ ശിക്ഷയില്‍നിന്നൊഴിവാക്കുന്നതാണ്.

وَٱلۡخَـٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَیۡهَاۤ إِن كَانَ مِنَ ٱلصَّـٰدِقِینَ ﴿9﴾

അഞ്ചാമതായി അവന്‍ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്‍റെ കോപം തന്‍റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം.)

കാരകുന്ന് & എളയാവൂര്

അഞ്ചാം തവണ, അവന്‍ സത്യവാനെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെമേല്‍ പതിക്കട്ടെ എന്നും പറയണം.

وَلَوۡلَا فَضۡلُ ٱللَّهِ عَلَیۡكُمۡ وَرَحۡمَتُهُۥ وَأَنَّ ٱللَّهَ تَوَّابٌ حَكِیمٌ ﴿10﴾

അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും, അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും, യുക്തിമാനും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു?)

കാരകുന്ന് & എളയാവൂര്

അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കില്ലാതിരിക്കുകയും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും യുക്തിമാനും അല്ലാതിരിക്കുകയുമാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു.

إِنَّ ٱلَّذِینَ جَاۤءُو بِٱلۡإِفۡكِ عُصۡبَةࣱ مِّنكُمۡۚ لَا تَحۡسَبُوهُ شَرࣰّا لَّكُمۖ بَلۡ هُوَ خَیۡرࣱ لَّكُمۡۚ لِكُلِّ ٱمۡرِئࣲ مِّنۡهُم مَّا ٱكۡتَسَبَ مِنَ ٱلۡإِثۡمِۚ وَٱلَّذِی تَوَلَّىٰ كِبۡرَهُۥ مِنۡهُمۡ لَهُۥ عَذَابٌ عَظِیمࣱ ﴿11﴾

തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്‌. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്‌.

കാരകുന്ന് & എളയാവൂര്

തീര്‍ച്ചയായും ഈ അപവാദം പറഞ്ഞുപരത്തിയവര്‍ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു വിഭാഗമാണ്. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കരുതേണ്ട. മറിച്ച് അത് നിങ്ങള്‍ക്കു ഗുണകരമാണ്. അവരിലോരോരുത്തര്‍ക്കും താന്‍ സമ്പാദിച്ച പാപത്തിന്റെ ഫലമുണ്ട്. അതോടൊപ്പം അതിനു നേതൃത്വം നല്‍കിയവന് കടുത്ത ശിക്ഷയുമുണ്ട്.

لَّوۡلَاۤ إِذۡ سَمِعۡتُمُوهُ ظَنَّ ٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَـٰتُ بِأَنفُسِهِمۡ خَیۡرࣰا وَقَالُوا۟ هَـٰذَاۤ إِفۡكࣱ مُّبِینࣱ ﴿12﴾

നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല?

കാരകുന്ന് & എളയാവൂര്

ആ വാര്‍ത്ത കേട്ടപ്പോള്‍തന്നെ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് സ്വന്തം ആളുകളെപ്പറ്റി നല്ലതു വിചാരിക്കാമായിരുന്നില്ലേ? “ഇതു തികഞ്ഞ അപവാദമാണെ”ന്ന് അവര്‍ പറയാതിരുന്നതെന്തുകൊണ്ട്?

لَّوۡلَا جَاۤءُو عَلَیۡهِ بِأَرۡبَعَةِ شُهَدَاۤءَۚ فَإِذۡ لَمۡ یَأۡتُوا۟ بِٱلشُّهَدَاۤءِ فَأُو۟لَـٰۤىِٕكَ عِندَ ٱللَّهِ هُمُ ٱلۡكَـٰذِبُونَ ﴿13﴾

അവര്‍ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാല്‍ അവര്‍ സാക്ഷികളെ കൊണ്ട് വരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍.

കാരകുന്ന് & എളയാവൂര്

അവരെന്തുകൊണ്ട് അതിനു നാലു സാക്ഷികളെ ഹാജരാക്കിയില്ല? അവര്‍ സാക്ഷികളെ ഹാജരാക്കാത്തതിനാല്‍ അവര്‍ തന്നെയാണ് അല്ലാഹുവിങ്കല്‍ അസത്യവാദികള്‍.

وَلَوۡلَا فَضۡلُ ٱللَّهِ عَلَیۡكُمۡ وَرَحۡمَتُهُۥ فِی ٱلدُّنۡیَا وَٱلۡـَٔاخِرَةِ لَمَسَّكُمۡ فِی مَاۤ أَفَضۡتُمۡ فِیهِ عَذَابٌ عَظِیمٌ ﴿14﴾

ഇഹലോകത്തും പരലോകത്തും നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ സംസാരത്തില്‍ ഏര്‍പെട്ടതിന്‍റെ പേരില്‍ ഭയങ്കരമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു.

കാരകുന്ന് & എളയാവൂര്

ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കുണ്ടായിരുന്നില്ലെങ്കില്‍, ഈ അപവാദവാര്‍ത്തകളില്‍ മുഴുകിക്കഴിഞ്ഞതിന്റെ പേരില്‍ നിങ്ങളെ കഠിനമായ ശിക്ഷ ബാധിക്കുമായിരുന്നു.

إِذۡ تَلَقَّوۡنَهُۥ بِأَلۡسِنَتِكُمۡ وَتَقُولُونَ بِأَفۡوَاهِكُم مَّا لَیۡسَ لَكُم بِهِۦ عِلۡمࣱ وَتَحۡسَبُونَهُۥ هَیِّنࣰا وَهُوَ عِندَ ٱللَّهِ عَظِیمࣱ ﴿15﴾

നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായകൊണ്ടു പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നന്നെ നിസ്സാരമാണെന്നുകരുതി. എന്നാല്‍ അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്.

وَلَوۡلَاۤ إِذۡ سَمِعۡتُمُوهُ قُلۡتُم مَّا یَكُونُ لَنَاۤ أَن نَّتَكَلَّمَ بِهَـٰذَا سُبۡحَـٰنَكَ هَـٰذَا بُهۡتَـٰنٌ عَظِیمࣱ ﴿16﴾

നിങ്ങള്‍ അത് കേട്ട സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് ഇതിനെ പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല. (അല്ലാഹുവേ,) നീ എത്ര പരിശുദ്ധന്‍! ഇത് ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല?

കാരകുന്ന് & എളയാവൂര്

അതുകേട്ട ഉടനെ നിങ്ങളെന്തുകൊണ്ടിങ്ങനെ പറഞ്ഞില്ല: \"നമുക്ക് ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കാന്‍ പാടില്ല. അല്ലാഹുവേ നീയെത്ര പരിശുദ്ധന്‍! ഇത് അതിഗുരുതരമായ അപവാദം തന്നെ.”

یَعِظُكُمُ ٱللَّهُ أَن تَعُودُوا۟ لِمِثۡلِهِۦۤ أَبَدًا إِن كُنتُم مُّؤۡمِنِینَ ﴿17﴾

നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ ഇതു പോലുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹു നിങ്ങളെയിതാ ഉപദേശിക്കുന്നു: \"നിങ്ങളൊരിക്കലും ഇതുപോലുള്ളത് ആവര്‍ത്തിക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!”

وَیُبَیِّنُ ٱللَّهُ لَكُمُ ٱلۡـَٔایَـٰتِۚ وَٱللَّهُ عَلِیمٌ حَكِیمٌ ﴿18﴾

അല്ലാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരികയും ചെയ്യുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹു നിങ്ങള്‍ക്ക് അവന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

إِنَّ ٱلَّذِینَ یُحِبُّونَ أَن تَشِیعَ ٱلۡفَـٰحِشَةُ فِی ٱلَّذِینَ ءَامَنُوا۟ لَهُمۡ عَذَابٌ أَلِیمࣱ فِی ٱلدُّنۡیَا وَٱلۡـَٔاخِرَةِۚ وَٱللَّهُ یَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ﴿19﴾

തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.

കാരകുന്ന് & എളയാവൂര്

സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ളീലം പ്രചരിക്കുന്നതില്‍ കൌതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവുറ്റ ശിക്ഷയുണ്ട്. അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.

وَلَوۡلَا فَضۡلُ ٱللَّهِ عَلَیۡكُمۡ وَرَحۡمَتُهُۥ وَأَنَّ ٱللَّهَ رَءُوفࣱ رَّحِیمࣱ ﴿20﴾

അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും, അല്ലാഹു ദയാലുവും കരുണാനിധിയും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു?)

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലാതിരിക്കുകയും അല്ലാഹു കൃപയും കാരുണ്യവുമില്ലാത്തവനാവുകയുമാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?

۞ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَ ٰ⁠تِ ٱلشَّیۡطَـٰنِۚ وَمَن یَتَّبِعۡ خُطُوَ ٰ⁠تِ ٱلشَّیۡطَـٰنِ فَإِنَّهُۥ یَأۡمُرُ بِٱلۡفَحۡشَاۤءِ وَٱلۡمُنكَرِۚ وَلَوۡلَا فَضۡلُ ٱللَّهِ عَلَیۡكُمۡ وَرَحۡمَتُهُۥ مَا زَكَىٰ مِنكُم مِّنۡ أَحَدٍ أَبَدࣰا وَلَـٰكِنَّ ٱللَّهَ یُزَكِّی مَن یَشَاۤءُۗ وَٱللَّهُ سَمِیعٌ عَلِیمࣱ ﴿21﴾

സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്‌. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്‌) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

കാരകുന്ന് & എളയാവൂര്

വിശ്വസിച്ചവരേ, നിങ്ങള്‍ പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുത്. ആരെങ്കിലും പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുകയാണെങ്കില്‍ അറിയുക: നീചവും നിഷിദ്ധവും ചെയ്യാനായിരിക്കും പിശാച് കല്‍പിക്കുക. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഇല്ലായിരുന്നെങ്കില്‍ നിങ്ങളിലാരും ഒരിക്കലും വിശുദ്ധിവരിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

وَلَا یَأۡتَلِ أُو۟لُوا۟ ٱلۡفَضۡلِ مِنكُمۡ وَٱلسَّعَةِ أَن یُؤۡتُوۤا۟ أُو۟لِی ٱلۡقُرۡبَىٰ وَٱلۡمَسَـٰكِینَ وَٱلۡمُهَـٰجِرِینَ فِی سَبِیلِ ٱللَّهِۖ وَلۡیَعۡفُوا۟ وَلۡیَصۡفَحُوۤا۟ۗ أَلَا تُحِبُّونَ أَن یَغۡفِرَ ٱللَّهُ لَكُمۡۚ وَٱللَّهُ غَفُورࣱ رَّحِیمٌ ﴿22﴾

നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.

കാരകുന്ന് & എളയാവൂര്

നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

إِنَّ ٱلَّذِینَ یَرۡمُونَ ٱلۡمُحۡصَنَـٰتِ ٱلۡغَـٰفِلَـٰتِ ٱلۡمُؤۡمِنَـٰتِ لُعِنُوا۟ فِی ٱلدُّنۡیَا وَٱلۡـَٔاخِرَةِ وَلَهُمۡ عَذَابٌ عَظِیمࣱ ﴿23﴾

പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്‌.

കാരകുന്ന് & എളയാവൂര്

പതിവ്രതകളും ദുര്‍ന്നടപടിയെക്കുറിച്ചാലോചിക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെസംബന്ധിച്ച് ദുരാരോപണമുന്നയിക്കുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.

یَوۡمَ تَشۡهَدُ عَلَیۡهِمۡ أَلۡسِنَتُهُمۡ وَأَیۡدِیهِمۡ وَأَرۡجُلُهُم بِمَا كَانُوا۟ یَعۡمَلُونَ ﴿24﴾

അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് (ശിക്ഷ) .

കാരകുന്ന് & എളയാവൂര്

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെതന്നെ നാവുകളും കൈകാലുകളും സാക്ഷിനില്‍ക്കുന്ന നാളിലാണ് അതുണ്ടാവുക.

یَوۡمَىِٕذࣲ یُوَفِّیهِمُ ٱللَّهُ دِینَهُمُ ٱلۡحَقَّ وَیَعۡلَمُونَ أَنَّ ٱللَّهَ هُوَ ٱلۡحَقُّ ٱلۡمُبِینُ ﴿25﴾

അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്‌. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അറിയുകയും ചെയ്യും.

കാരകുന്ന് & എളയാവൂര്

അന്ന് അല്ലാഹു അവര്‍ക്ക് അവരര്‍ഹിക്കുന്ന പ്രതിഫലം പൂര്‍ണമായി നല്‍കും. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അന്നറിയും.

ٱلۡخَبِیثَـٰتُ لِلۡخَبِیثِینَ وَٱلۡخَبِیثُونَ لِلۡخَبِیثَـٰتِۖ وَٱلطَّیِّبَـٰتُ لِلطَّیِّبِینَ وَٱلطَّیِّبُونَ لِلطَّیِّبَـٰتِۚ أُو۟لَـٰۤىِٕكَ مُبَرَّءُونَ مِمَّا یَقُولُونَۖ لَهُم مَّغۡفِرَةࣱ وَرِزۡقࣱ كَرِیمࣱ ﴿26﴾

ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്‍മാര്‍ക്കും, നല്ല പുരുഷന്‍മാര്‍ നല്ല സ്ത്രീകള്‍ക്കുമാകുന്നു. ഇവര്‍ (ദുഷ്ടന്‍മാര്‍) പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ (നല്ലവര്‍) നിരപരാധരാകുന്നു. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.

കാരകുന്ന് & എളയാവൂര്

ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്മാര്‍ക്കുള്ളവരാണ്. ദുഷിച്ച പുരുഷന്മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കും. പരിശുദ്ധകളായ സ്ത്രീകള്‍ പരിശുദ്ധരായ പുരുഷന്മാര്‍ക്കുള്ളതാണ്. പരിശുദ്ധരായ പുരുഷന്മാര്‍ പരിശുദ്ധകളായ സ്ത്രീകള്‍ക്കും. ആളുകള്‍ ആരോപിക്കുന്ന കാര്യത്തില്‍ അവര്‍ നിരപരാധരാണ്. അവര്‍ക്ക് പാപമോചനമുണ്ട്. മാന്യമായ ജീവിതവിഭവങ്ങളും.

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تَدۡخُلُوا۟ بُیُوتًا غَیۡرَ بُیُوتِكُمۡ حَتَّىٰ تَسۡتَأۡنِسُوا۟ وَتُسَلِّمُوا۟ عَلَىٰۤ أَهۡلِهَاۚ ذَ ٰ⁠لِكُمۡ خَیۡرࣱ لَّكُمۡ لَعَلَّكُمۡ تَذَكَّرُونَ ﴿27﴾

ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്‌; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്‌) .

കാരകുന്ന് & എളയാവൂര്

വിശ്വസിച്ചവരേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്; ആ വീട്ടുകാരോട് നിങ്ങള്‍ അനുവാദംതേടുകയും അവര്‍ക്ക് സലാംപറയുകയും ചെയ്യുംവരെ. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങളിതു ചിന്തിച്ചുമനസ്സിലാക്കുമല്ലോ.

فَإِن لَّمۡ تَجِدُوا۟ فِیهَاۤ أَحَدࣰا فَلَا تَدۡخُلُوهَا حَتَّىٰ یُؤۡذَنَ لَكُمۡۖ وَإِن قِیلَ لَكُمُ ٱرۡجِعُوا۟ فَٱرۡجِعُوا۟ۖ هُوَ أَزۡكَىٰ لَكُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ عَلِیمࣱ ﴿28﴾

ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്‌. നിങ്ങള്‍ തിരിച്ചുപോകൂ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.

കാരകുന്ന് & എളയാവൂര്

അഥവാ, നിങ്ങള്‍ അവിടെ ആരെയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അനുവാദം കിട്ടുംവരെ അകത്തുകടക്കരുത്. നിങ്ങളോട് തിരിച്ചുപോകാനാണ് ആവശ്യപ്പെട്ടതെങ്കില്‍ നിങ്ങള്‍ മടങ്ങിപ്പോവണം. അതാണ് നിങ്ങള്‍ക്കേറെ പവിത്രമായ നിലപാട്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും നന്നായറിയുന്നവനാണ്.

لَّیۡسَ عَلَیۡكُمۡ جُنَاحٌ أَن تَدۡخُلُوا۟ بُیُوتًا غَیۡرَ مَسۡكُونَةࣲ فِیهَا مَتَـٰعࣱ لَّكُمۡۚ وَٱللَّهُ یَعۡلَمُ مَا تُبۡدُونَ وَمَا تَكۡتُمُونَ ﴿29﴾

ആള്‍ പാര്‍പ്പില്ലാത്തതും, നിങ്ങള്‍ക്ക് എന്തെങ്കിലും ഉപയോഗമുള്ളതുമായ ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.

കാരകുന്ന് & എളയാവൂര്

എന്നാല്‍ ആള്‍പാര്‍പ്പില്ലാത്തതും നിങ്ങള്‍ക്കാവശ്യമായ വസ്തുക്കളുള്ളതുമായ വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.

قُل لِّلۡمُؤۡمِنِینَ یَغُضُّوا۟ مِنۡ أَبۡصَـٰرِهِمۡ وَیَحۡفَظُوا۟ فُرُوجَهُمۡۚ ذَ ٰ⁠لِكَ أَزۡكَىٰ لَهُمۡۚ إِنَّ ٱللَّهَ خَبِیرُۢ بِمَا یَصۡنَعُونَ ﴿30﴾

(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

കാരകുന്ന് & എളയാവൂര്

നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്.

وَقُل لِّلۡمُؤۡمِنَـٰتِ یَغۡضُضۡنَ مِنۡ أَبۡصَـٰرِهِنَّ وَیَحۡفَظۡنَ فُرُوجَهُنَّ وَلَا یُبۡدِینَ زِینَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖ وَلۡیَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُیُوبِهِنَّۖ وَلَا یُبۡدِینَ زِینَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوۡ ءَابَاۤىِٕهِنَّ أَوۡ ءَابَاۤءِ بُعُولَتِهِنَّ أَوۡ أَبۡنَاۤىِٕهِنَّ أَوۡ أَبۡنَاۤءِ بُعُولَتِهِنَّ أَوۡ إِخۡوَ ٰ⁠نِهِنَّ أَوۡ بَنِیۤ إِخۡوَ ٰ⁠نِهِنَّ أَوۡ بَنِیۤ أَخَوَ ٰ⁠تِهِنَّ أَوۡ نِسَاۤىِٕهِنَّ أَوۡ مَا مَلَكَتۡ أَیۡمَـٰنُهُنَّ أَوِ ٱلتَّـٰبِعِینَ غَیۡرِ أُو۟لِی ٱلۡإِرۡبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفۡلِ ٱلَّذِینَ لَمۡ یَظۡهَرُوا۟ عَلَىٰ عَوۡرَ ٰ⁠تِ ٱلنِّسَاۤءِۖ وَلَا یَضۡرِبۡنَ بِأَرۡجُلِهِنَّ لِیُعۡلَمَ مَا یُخۡفِینَ مِن زِینَتِهِنَّۚ وَتُوبُوۤا۟ إِلَى ٱللَّهِ جَمِیعًا أَیُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ ﴿31﴾

സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.

കാരകുന്ന് & എളയാവൂര്

നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.

وَأَنكِحُوا۟ ٱلۡأَیَـٰمَىٰ مِنكُمۡ وَٱلصَّـٰلِحِینَ مِنۡ عِبَادِكُمۡ وَإِمَاۤىِٕكُمۡۚ إِن یَكُونُوا۟ فُقَرَاۤءَ یُغۡنِهِمُ ٱللَّهُ مِن فَضۡلِهِۦۗ وَٱللَّهُ وَ ٰ⁠سِعٌ عَلِیمࣱ ﴿32﴾

നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.

കാരകുന്ന് & എളയാവൂര്

നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്.

وَلۡیَسۡتَعۡفِفِ ٱلَّذِینَ لَا یَجِدُونَ نِكَاحًا حَتَّىٰ یُغۡنِیَهُمُ ٱللَّهُ مِن فَضۡلِهِۦۗ وَٱلَّذِینَ یَبۡتَغُونَ ٱلۡكِتَـٰبَ مِمَّا مَلَكَتۡ أَیۡمَـٰنُكُمۡ فَكَاتِبُوهُمۡ إِنۡ عَلِمۡتُمۡ فِیهِمۡ خَیۡرࣰاۖ وَءَاتُوهُم مِّن مَّالِ ٱللَّهِ ٱلَّذِیۤ ءَاتَىٰكُمۡۚ وَلَا تُكۡرِهُوا۟ فَتَیَـٰتِكُمۡ عَلَى ٱلۡبِغَاۤءِ إِنۡ أَرَدۡنَ تَحَصُّنࣰا لِّتَبۡتَغُوا۟ عَرَضَ ٱلۡحَیَوٰةِ ٱلدُّنۡیَاۚ وَمَن یُكۡرِههُّنَّ فَإِنَّ ٱللَّهَ مِنۢ بَعۡدِ إِكۡرَ ٰ⁠هِهِنَّ غَفُورࣱ رَّحِیمࣱ ﴿33﴾

വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നത് വരെ സന്‍മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍) നിന്ന് മോചനക്കരാറില്‍ ഏര്‍പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പെടുക; അവരില്‍ നന്‍മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക. നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്‌. വല്ലവനും അവരെ നിര്‍ബന്ധിക്കുന്ന പക്ഷം അവര്‍ നിര്‍ബന്ധിതരായി തെറ്റുചെയ്തതിന് ശേഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.

കാരകുന്ന് & എളയാവൂര്

വിവാഹം കഴിക്കാന്‍ കഴിവില്ലാത്തവര്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കരുത്തുറ്റവരാക്കുംവരെ സദാചാരനിഷ്ഠ പാലിക്കണം. നിങ്ങളുടെ അടിമകളില്‍ മോചനക്കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരുമായി നിങ്ങള്‍ മോചനക്കരാറുണ്ടാക്കുക. അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍! അല്ലാഹു നിങ്ങള്‍ക്കേകിയ അവന്റെ ധനത്തില്‍നിന്ന് അവര്‍ക്ക് കൊടുക്കുകയും ചെയ്യുക. ഭൌതികനേട്ടം കൊതിച്ച്, നിങ്ങളുടെ അടിമസ്ത്രീകളെ- അവര്‍ ചാരിത്രവതികളായി ജീവിക്കാനാഗ്രഹിക്കുമ്പോള്‍- നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. ആരെങ്കിലുമവരെ അതിനു നിര്‍ബന്ധിക്കുകയാണെങ്കില്‍ ആ നിര്‍ബന്ധിതരോട് അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമല്ലോ.

وَلَقَدۡ أَنزَلۡنَاۤ إِلَیۡكُمۡ ءَایَـٰتࣲ مُّبَیِّنَـٰتࣲ وَمَثَلࣰا مِّنَ ٱلَّذِینَ خَلَوۡا۟ مِن قَبۡلِكُمۡ وَمَوۡعِظَةࣰ لِّلۡمُتَّقِینَ ﴿34﴾

തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങളും, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവരുടെ (ചരിത്രത്തില്‍ നിന്നുള്ള) ഉദാഹരണങ്ങളും, ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഉപദേശവും അവതരിപ്പിച്ചു തന്നിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ക്കു നാം കാര്യങ്ങള്‍ വ്യക്തമാക്കുന്ന വചനങ്ങളിറക്കിത്തന്നിരിക്കുന്നു. നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയ സമൂഹങ്ങളുടെ ഉദാഹരണങ്ങളും സൂക്ഷ്മശാലികള്‍ക്കുള്ള സദുപദേശങ്ങളും നല്‍കിയിരിക്കുന്നു.

۞ ٱللَّهُ نُورُ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِۚ مَثَلُ نُورِهِۦ كَمِشۡكَوٰةࣲ فِیهَا مِصۡبَاحٌۖ ٱلۡمِصۡبَاحُ فِی زُجَاجَةٍۖ ٱلزُّجَاجَةُ كَأَنَّهَا كَوۡكَبࣱ دُرِّیࣱّ یُوقَدُ مِن شَجَرَةࣲ مُّبَـٰرَكَةࣲ زَیۡتُونَةࣲ لَّا شَرۡقِیَّةࣲ وَلَا غَرۡبِیَّةࣲ یَكَادُ زَیۡتُهَا یُضِیۤءُ وَلَوۡ لَمۡ تَمۡسَسۡهُ نَارࣱۚ نُّورٌ عَلَىٰ نُورࣲۚ یَهۡدِی ٱللَّهُ لِنُورِهِۦ مَن یَشَاۤءُۚ وَیَضۡرِبُ ٱللَّهُ ٱلۡأَمۡثَـٰلَ لِلنَّاسِۗ وَٱللَّهُ بِكُلِّ شَیۡءٍ عَلِیمࣱ ﴿35﴾

അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്‌. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്‌) ഇന്ധനം നല്‍കപ്പെടുന്നത്‌. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്‌. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.

കാരകുന്ന് & എളയാവൂര്

അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.

فِی بُیُوتٍ أَذِنَ ٱللَّهُ أَن تُرۡفَعَ وَیُذۡكَرَ فِیهَا ٱسۡمُهُۥ یُسَبِّحُ لَهُۥ فِیهَا بِٱلۡغُدُوِّ وَٱلۡـَٔاصَالِ ﴿36﴾

ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

ആ വെളിച്ചം ലഭിച്ചവരുണ്ടാവുക ചില മന്ദിരങ്ങളിലാണ്. അവ പടുത്തുയര്‍ത്താനും അവിടെ തന്റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു.

رِجَالࣱ لَّا تُلۡهِیهِمۡ تِجَـٰرَةࣱ وَلَا بَیۡعٌ عَن ذِكۡرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِیتَاۤءِ ٱلزَّكَوٰةِ یَخَافُونَ یَوۡمࣰا تَتَقَلَّبُ فِیهِ ٱلۡقُلُوبُ وَٱلۡأَبۡصَـٰرُ ﴿37﴾

ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനും നമസ്കാരം നിലനിര്‍ത്തുന്നതിനും സകാത്ത് നല്‍കുന്നതിനും തടസ്സമാകാത്ത ചില വിശുദ്ധന്മാരാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. മനസ്സുകള്‍ താളംതെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍.

لِیَجۡزِیَهُمُ ٱللَّهُ أَحۡسَنَ مَا عَمِلُوا۟ وَیَزِیدَهُم مِّن فَضۡلِهِۦۗ وَٱللَّهُ یَرۡزُقُ مَن یَشَاۤءُ بِغَیۡرِ حِسَابࣲ ﴿38﴾

അല്ലാഹു അവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിനുള്ള ഏറ്റവും നല്ല പ്രതിഫലം നല്‍കുവാനും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് കൂടുതലായി നല്‍കുവാനും വേണ്ടിയത്രെ അത്‌. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ തന്നെ നല്‍കുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹു അവര്‍ക്ക് തങ്ങള്‍ ചെയ്ത ഏറ്റം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാനാണത്. അവര്‍ക്ക് തന്റെ അനുഗ്രഹം കൂടുതലായി കൊടുക്കാനും. അല്ലാഹു താനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു.

وَٱلَّذِینَ كَفَرُوۤا۟ أَعۡمَـٰلُهُمۡ كَسَرَابِۭ بِقِیعَةࣲ یَحۡسَبُهُ ٱلظَّمۡـَٔانُ مَاۤءً حَتَّىٰۤ إِذَا جَاۤءَهُۥ لَمۡ یَجِدۡهُ شَیۡـࣰٔا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥۗ وَٱللَّهُ سَرِیعُ ٱلۡحِسَابِ ﴿39﴾

അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്‍റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. അപ്പോള്‍ (അല്ലാഹു) അവന്ന് അവന്‍റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്‌. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ.

കാരകുന്ന് & എളയാവൂര്

സത്യത്തെ തള്ളിപ്പറഞ്ഞവരുടെ സ്ഥിതിയോ, അവരുടെ പ്രവര്‍ത്തനങ്ങള്‍ മരുപ്പറമ്പിലെ മരീചികപോലെയാണ്. ദാഹിച്ചുവലഞ്ഞവന്‍ അത് വെള്ളമാണെന്നു കരുതുന്നു. അങ്ങനെ അവനതിന്റെ അടുത്തുചെന്നാല്‍ അവിടെയൊന്നുംതന്നെ കാണുകയില്ല. എന്നാല്‍ അവനവിടെ കണ്ടെത്തുക അല്ലാഹുവെയാണ്. അല്ലാഹു അവന്ന് തന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നു. അല്ലാഹു അതിവേഗം കണക്കു തീര്‍ക്കുന്നവനാണ്.

أَوۡ كَظُلُمَـٰتࣲ فِی بَحۡرࣲ لُّجِّیࣲّ یَغۡشَىٰهُ مَوۡجࣱ مِّن فَوۡقِهِۦ مَوۡجࣱ مِّن فَوۡقِهِۦ سَحَابࣱۚ ظُلُمَـٰتُۢ بَعۡضُهَا فَوۡقَ بَعۡضٍ إِذَاۤ أَخۡرَجَ یَدَهُۥ لَمۡ یَكَدۡ یَرَىٰهَاۗ وَمَن لَّمۡ یَجۡعَلِ ٱللَّهُ لَهُۥ نُورࣰا فَمَا لَهُۥ مِن نُّورٍ ﴿40﴾

അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.

കാരകുന്ന് & എളയാവൂര്

അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല.

أَلَمۡ تَرَ أَنَّ ٱللَّهَ یُسَبِّحُ لَهُۥ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ وَٱلطَّیۡرُ صَـٰۤفَّـٰتࣲۖ كُلࣱّ قَدۡ عَلِمَ صَلَاتَهُۥ وَتَسۡبِیحَهُۥۗ وَٱللَّهُ عَلِیمُۢ بِمَا یَفۡعَلُونَ ﴿41﴾

ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ.

കാരകുന്ന് & എളയാവൂര്

ആകാശഭൂമികളിലുള്ളവര്‍; ചിറകുവിരുത്തിപ്പറക്കുന്ന പക്ഷികള്‍; എല്ലാം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ കണ്ടിട്ടില്ലേ? തന്റെ പ്രാര്‍ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് ഓരോന്നിനും നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.

وَلِلَّهِ مُلۡكُ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِۖ وَإِلَى ٱللَّهِ ٱلۡمَصِیرُ ﴿42﴾

അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹുവിങ്കലേക്ക് തന്നെയാണ് മടക്കവും.

കാരകുന്ന് & എളയാവൂര്

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. മടക്കവും അല്ലാഹുവിങ്കലേക്കുതന്നെ.

أَلَمۡ تَرَ أَنَّ ٱللَّهَ یُزۡجِی سَحَابࣰا ثُمَّ یُؤَلِّفُ بَیۡنَهُۥ ثُمَّ یَجۡعَلُهُۥ رُكَامࣰا فَتَرَى ٱلۡوَدۡقَ یَخۡرُجُ مِنۡ خِلَـٰلِهِۦ وَیُنَزِّلُ مِنَ ٱلسَّمَاۤءِ مِن جِبَالࣲ فِیهَا مِنۢ بَرَدࣲ فَیُصِیبُ بِهِۦ مَن یَشَاۤءُ وَیَصۡرِفُهُۥ عَن مَّن یَشَاۤءُۖ یَكَادُ سَنَا بَرۡقِهِۦ یَذۡهَبُ بِٱلۡأَبۡصَـٰرِ ﴿43﴾

അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ട് വരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്ത് നിന്ന് -അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന് -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്‍റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹു കാര്‍മേഘത്തെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കിവെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്‍പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരില്‍നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്.

یُقَلِّبُ ٱللَّهُ ٱلَّیۡلَ وَٱلنَّهَارَۚ إِنَّ فِی ذَ ٰ⁠لِكَ لَعِبۡرَةࣰ لِّأُو۟لِی ٱلۡأَبۡصَـٰرِ ﴿44﴾

അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഒരു ചിന്താവിഷയമുണ്ട്‌.

കാരകുന്ന് & എളയാവൂര്

അല്ലാഹു രാപ്പകലുകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഗുണപാഠമുണ്ട്.

وَٱللَّهُ خَلَقَ كُلَّ دَاۤبَّةࣲ مِّن مَّاۤءࣲۖ فَمِنۡهُم مَّن یَمۡشِی عَلَىٰ بَطۡنِهِۦ وَمِنۡهُم مَّن یَمۡشِی عَلَىٰ رِجۡلَیۡنِ وَمِنۡهُم مَّن یَمۡشِی عَلَىٰۤ أَرۡبَعࣲۚ یَخۡلُقُ ٱللَّهُ مَا یَشَاۤءُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَیۡءࣲ قَدِیرࣱ ﴿45﴾

എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്‌. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ ചരിക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.

لَّقَدۡ أَنزَلۡنَاۤ ءَایَـٰتࣲ مُّبَیِّنَـٰتࣲۚ وَٱللَّهُ یَهۡدِی مَن یَشَاۤءُ إِلَىٰ صِرَ ٰ⁠طࣲ مُّسۡتَقِیمࣲ ﴿46﴾

(യാഥാര്‍ത്ഥ്യം) വ്യക്തമാക്കുന്ന ദൃഷ്ടാന്തങ്ങള്‍ നാം അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേരായ പാതയിലേക്ക് നയിക്കുന്നു.

കാരകുന്ന് & എളയാവൂര്

നാം നിയമങ്ങള്‍ വ്യക്തമാക്കുന്ന വചനങ്ങള്‍ ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിക്ക് നയിക്കുന്നു.

وَیَقُولُونَ ءَامَنَّا بِٱللَّهِ وَبِٱلرَّسُولِ وَأَطَعۡنَا ثُمَّ یَتَوَلَّىٰ فَرِیقࣱ مِّنۡهُم مِّنۢ بَعۡدِ ذَ ٰ⁠لِكَۚ وَمَاۤ أُو۟لَـٰۤىِٕكَ بِٱلۡمُؤۡمِنِینَ ﴿47﴾

അവര്‍ പറയുന്നു; ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും, അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌. പിന്നെ അതിന് ശേഷം അവരില്‍ ഒരു വിഭാഗമതാ പിന്‍മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ.

കാരകുന്ന് & എളയാവൂര്

അവര്‍ പറയുന്നു: \"ഞങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചിരിക്കുന്നു. അവരെ അനുസരിക്കുകയും ചെയ്തിരിക്കുന്നു.” എന്നാല്‍ അതിനുശേഷം അവരിലൊരുവിഭാഗം പിന്തിരിഞ്ഞുപോകുന്നു. അവര്‍ വിശ്വാസികളേയല്ല.

وَإِذَا دُعُوۤا۟ إِلَى ٱللَّهِ وَرَسُولِهِۦ لِیَحۡكُمَ بَیۡنَهُمۡ إِذَا فَرِیقࣱ مِّنۡهُم مُّعۡرِضُونَ ﴿48﴾

അവര്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു.

കാരകുന്ന് & എളയാവൂര്

അവര്‍ക്കിടയില്‍ വിധിത്തീര്‍പ്പ് കല്‍പിക്കാനായി അവരെ അല്ലാഹുവിങ്കലേക്കും അവന്റെ ദൂതനിലേക്കും വിളിച്ചാല്‍ അവരിലൊരു വിഭാഗം ഒഴിഞ്ഞുമാറുന്നു.

وَإِن یَكُن لَّهُمُ ٱلۡحَقُّ یَأۡتُوۤا۟ إِلَیۡهِ مُذۡعِنِینَ ﴿49﴾

ന്യായം അവര്‍ക്ക് അനുകൂലമാണെങ്കിലോ അവര്‍ അദ്ദേഹത്തിന്‍റെ (റസൂലിന്‍റെ) അടുത്തേക്ക് വിധേയത്വത്തോട് കൂടി വരികയും ചെയ്യും.

കാരകുന്ന് & എളയാവൂര്

അഥവാ ന്യായം അവര്‍ക്കനുകൂലമാണെങ്കിലോ അവര്‍ ദൈവദൂതന്റെ അടുത്തേക്ക് വിധേയത്വഭാവത്തോടെ വരികയും ചെയ്യുന്നു.

أَفِی قُلُوبِهِم مَّرَضٌ أَمِ ٱرۡتَابُوۤا۟ أَمۡ یَخَافُونَ أَن یَحِیفَ ٱللَّهُ عَلَیۡهِمۡ وَرَسُولُهُۥۚ بَلۡ أُو۟لَـٰۤىِٕكَ هُمُ ٱلظَّـٰلِمُونَ ﴿50﴾

അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക് സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്‍റെ റസൂലും അവരോട് അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല, അവര്‍ തന്നെയാകുന്നു അക്രമികള്‍.

കാരകുന്ന് & എളയാവൂര്

അവരുടെ ഹൃദയങ്ങളില്‍ കാപട്യത്തിന്റെ ദീനമുണ്ടോ? അല്ലെങ്കിലവര്‍ സംശയത്തിലകപ്പെട്ടതാണോ? അതുമല്ലെങ്കില്‍ അല്ലാഹുവും അവന്റെ ദൂതനും അവരോട് അനീതി കാണിച്ചേക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? എന്നാല്‍ കാര്യം ഇതൊന്നുമല്ല; അവര്‍ തന്നെയാണ് ധിക്കാരികള്‍.

إِنَّمَا كَانَ قَوۡلَ ٱلۡمُؤۡمِنِینَ إِذَا دُعُوۤا۟ إِلَى ٱللَّهِ وَرَسُولِهِۦ لِیَحۡكُمَ بَیۡنَهُمۡ أَن یَقُولُوا۟ سَمِعۡنَا وَأَطَعۡنَاۚ وَأُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ ﴿51﴾

തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍.

കാരകുന്ന് & എളയാവൂര്

എന്നാല്‍ തങ്ങള്‍ക്കിടയില്‍ വിധിത്തീര്‍പ്പ് കല്‍പിക്കാനായി അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിച്ചാല്‍ സത്യവിശ്വാസികള്‍ പറയുക ഇതുമാത്രമായിരിക്കും: \"ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിച്ചിരിക്കുന്നു.” അവര്‍ തന്നെയാണ് വിജയികള്‍.

وَمَن یُطِعِ ٱللَّهَ وَرَسُولَهُۥ وَیَخۡشَ ٱللَّهَ وَیَتَّقۡهِ فَأُو۟لَـٰۤىِٕكَ هُمُ ٱلۡفَاۤىِٕزُونَ ﴿52﴾

അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍.

കാരകുന്ന് & എളയാവൂര്

അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് ഭക്തിപുലര്‍ത്തുകയും ചെയ്യുന്നവരാണ് വിജയംവരിക്കുന്നവര്‍.

۞ وَأَقۡسَمُوا۟ بِٱللَّهِ جَهۡدَ أَیۡمَـٰنِهِمۡ لَىِٕنۡ أَمَرۡتَهُمۡ لَیَخۡرُجُنَّۖ قُل لَّا تُقۡسِمُوا۟ۖ طَاعَةࣱ مَّعۡرُوفَةٌۚ إِنَّ ٱللَّهَ خَبِیرُۢ بِمَا تَعۡمَلُونَ ﴿53﴾

നീ അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുക തന്നെ ചെയ്യുമെന്ന് - അവര്‍ക്ക് സത്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലെല്ലാം -അല്ലാഹുവിന്‍റെ പേരില്‍ അവര്‍ സത്യം ചെയ്ത് പറഞ്ഞു. നീ പറയുക: നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല. ന്യായമായ അനുസരണമാണ് വേണ്ടത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

കാരകുന്ന് & എളയാവൂര്

അവര്‍ തങ്ങളാലാവുംവിധമൊക്കെ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറയുന്നു, നീ അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുകതന്നെ ചെയ്യുമെന്ന്. പറയുക: \"നിങ്ങള്‍ ആണയിടേണ്ടതില്ല. ആത്മാര്‍ഥമായ അനുസരണമാണാവശ്യം. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.”

قُلۡ أَطِیعُوا۟ ٱللَّهَ وَأَطِیعُوا۟ ٱلرَّسُولَۖ فَإِن تَوَلَّوۡا۟ فَإِنَّمَا عَلَیۡهِ مَا حُمِّلَ وَعَلَیۡكُم مَّا حُمِّلۡتُمۡۖ وَإِن تُطِیعُوهُ تَهۡتَدُوا۟ۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَـٰغُ ٱلۡمُبِینُ ﴿54﴾

നീ പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുവിന്‍. റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂല്‍) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്‌. നിങ്ങള്‍ക്ക് ബാധ്യതയുള്ളത് നിങ്ങള്‍ ചുമതല ഏല്‍പിക്കപ്പെട്ട കാര്യത്തിലാണ്‌. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാം. റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.

കാരകുന്ന് & എളയാവൂര്

പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. അവന്റെ ദൂതനെയും അനുസരിക്കുക. അഥവാ, നിങ്ങള്‍ പുറംതിരിഞ്ഞുപോവുകയാണെങ്കില്‍ അറിയുക: ദൈവദൂതന് ബാധ്യതയുള്ളത് അദ്ദേഹം ഭരമേല്‍പിക്കപ്പെട്ട കാര്യത്തില്‍ മാത്രമാണ്. നിങ്ങള്‍ക്കുള്ള ബാധ്യത നിങ്ങള്‍ ഭരമേല്‍പിക്കപ്പെട്ട കാര്യത്തിലും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍വഴി നേടാം. ദൈവദൂതന്റെ ബാധ്യത, സന്ദേശം തെളിമയോടെ എത്തിക്കല്‍ മാത്രമാണ്.

وَعَدَ ٱللَّهُ ٱلَّذِینَ ءَامَنُوا۟ مِنكُمۡ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَیَسۡتَخۡلِفَنَّهُمۡ فِی ٱلۡأَرۡضِ كَمَا ٱسۡتَخۡلَفَ ٱلَّذِینَ مِن قَبۡلِهِمۡ وَلَیُمَكِّنَنَّ لَهُمۡ دِینَهُمُ ٱلَّذِی ٱرۡتَضَىٰ لَهُمۡ وَلَیُبَدِّلَنَّهُم مِّنۢ بَعۡدِ خَوۡفِهِمۡ أَمۡنࣰاۚ یَعۡبُدُونَنِی لَا یُشۡرِكُونَ بِی شَیۡـࣰٔاۚ وَمَن كَفَرَ بَعۡدَ ذَ ٰ⁠لِكَ فَأُو۟لَـٰۤىِٕكَ هُمُ ٱلۡفَـٰسِقُونَ ﴿55﴾

നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.

കാരകുന്ന് & എളയാവൂര്

നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: \"അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും.” അവര്‍ എനിക്കു മാത്രമാണ് വഴിപ്പെടുക. എന്നിലൊന്നിനെയും പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍.

وَأَقِیمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِیعُوا۟ ٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ ﴿56﴾

നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. ദൈവദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യാനുഗ്രഹം ലഭിച്ചേക്കാം.

لَا تَحۡسَبَنَّ ٱلَّذِینَ كَفَرُوا۟ مُعۡجِزِینَ فِی ٱلۡأَرۡضِۚ وَمَأۡوَىٰهُمُ ٱلنَّارُۖ وَلَبِئۡسَ ٱلۡمَصِیرُ ﴿57﴾

സത്യനിഷേധികള്‍ ഭൂമിയില്‍ (അല്ലാഹുവെ) തോല്‍പിച്ച് കളയുന്നവരാണെന്ന് നീ വിചാരിക്കരുത്‌. അവരുടെ വാസസ്ഥലം നരകമാകുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്ത.

കാരകുന്ന് & എളയാവൂര്

സത്യനിഷേധികള്‍, ഇവിടെ ഭൂമിയില്‍ അല്ലാഹുവെ തോല്‍പിച്ചുകളയുമെന്ന് നീ കരുതരുത്. അവരുടെ താവളം നരകത്തീയാണ്. അതെത്ര ചീത്ത സങ്കേതം!

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لِیَسۡتَـٔۡذِنكُمُ ٱلَّذِینَ مَلَكَتۡ أَیۡمَـٰنُكُمۡ وَٱلَّذِینَ لَمۡ یَبۡلُغُوا۟ ٱلۡحُلُمَ مِنكُمۡ ثَلَـٰثَ مَرَّ ٰ⁠تࣲۚ مِّن قَبۡلِ صَلَوٰةِ ٱلۡفَجۡرِ وَحِینَ تَضَعُونَ ثِیَابَكُم مِّنَ ٱلظَّهِیرَةِ وَمِنۢ بَعۡدِ صَلَوٰةِ ٱلۡعِشَاۤءِۚ ثَلَـٰثُ عَوۡرَ ٰ⁠تࣲ لَّكُمۡۚ لَیۡسَ عَلَیۡكُمۡ وَلَا عَلَیۡهِمۡ جُنَاحُۢ بَعۡدَهُنَّۚ طَوَّ ٰ⁠فُونَ عَلَیۡكُم بَعۡضُكُمۡ عَلَىٰ بَعۡضࣲۚ كَذَ ٰ⁠لِكَ یُبَیِّنُ ٱللَّهُ لَكُمُ ٱلۡـَٔایَـٰتِۗ وَٱللَّهُ عَلِیمٌ حَكِیمࣱ ﴿58﴾

സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ (അടിമകള്‍) രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്‌) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മേറ്റീവ്ക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്‌. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്‌) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

കാരകുന്ന് & എളയാവൂര്

വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്തവരും മൂന്നു പ്രത്യേക സമയങ്ങളില്‍ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാന്‍ പാടുള്ളൂ. പ്രഭാത നമസ്കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്കാരത്തിനുശേഷവുമാണത്. ഇതുമൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്. മറ്റുസമയങ്ങളില്‍ അനുവാദമാരായാതെ നിങ്ങളുടെ അടുത്തുവരുന്നതില്‍ നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല. അവര്‍ നിങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്നവരാണല്ലോ. നിങ്ങള്‍അന്യോന്യം ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണ്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.

وَإِذَا بَلَغَ ٱلۡأَطۡفَـٰلُ مِنكُمُ ٱلۡحُلُمَ فَلۡیَسۡتَـٔۡذِنُوا۟ كَمَا ٱسۡتَـٔۡذَنَ ٱلَّذِینَ مِن قَبۡلِهِمۡۚ كَذَ ٰ⁠لِكَ یُبَیِّنُ ٱللَّهُ لَكُمۡ ءَایَـٰتِهِۦۗ وَٱللَّهُ عَلِیمٌ حَكِیمࣱ ﴿59﴾

നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അവര്‍ക്ക് മുമ്പുള്ളവര്‍ സമ്മതം ചോദിച്ചത് പോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാണ്‌. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെ തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

കാരകുന്ന് & എളയാവൂര്

നിങ്ങളിലെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അനുവാദം തേടണം; മറ്റുള്ളവര്‍ അനുവാദം തേടുന്നപോലെത്തന്നെ. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിശദീകരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

وَٱلۡقَوَ ٰ⁠عِدُ مِنَ ٱلنِّسَاۤءِ ٱلَّـٰتِی لَا یَرۡجُونَ نِكَاحࣰا فَلَیۡسَ عَلَیۡهِنَّ جُنَاحٌ أَن یَضَعۡنَ ثِیَابَهُنَّ غَیۡرَ مُتَبَرِّجَـٰتِۭ بِزِینَةࣲۖ وَأَن یَسۡتَعۡفِفۡنَ خَیۡرࣱ لَّهُنَّۗ وَٱللَّهُ سَمِیعٌ عَلِیمࣱ ﴿60﴾

വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചടത്തോളം സൌന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റി വെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവര്‍ക്ക് കൂടുതല്‍ നല്ലത്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

കാരകുന്ന് & എളയാവൂര്

വിവാഹജീവിതം കൊതിക്കാത്ത കിഴവികള്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ തങ്ങളുടെ ശരീരസൌന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരാകരുത്. മാന്യത പുലര്‍ത്തുന്നതുതന്നെയാണ് അവര്‍ക്കും നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

لَّیۡسَ عَلَى ٱلۡأَعۡمَىٰ حَرَجࣱ وَلَا عَلَى ٱلۡأَعۡرَجِ حَرَجࣱ وَلَا عَلَى ٱلۡمَرِیضِ حَرَجࣱ وَلَا عَلَىٰۤ أَنفُسِكُمۡ أَن تَأۡكُلُوا۟ مِنۢ بُیُوتِكُمۡ أَوۡ بُیُوتِ ءَابَاۤىِٕكُمۡ أَوۡ بُیُوتِ أُمَّهَـٰتِكُمۡ أَوۡ بُیُوتِ إِخۡوَ ٰ⁠نِكُمۡ أَوۡ بُیُوتِ أَخَوَ ٰ⁠تِكُمۡ أَوۡ بُیُوتِ أَعۡمَـٰمِكُمۡ أَوۡ بُیُوتِ عَمَّـٰتِكُمۡ أَوۡ بُیُوتِ أَخۡوَ ٰ⁠لِكُمۡ أَوۡ بُیُوتِ خَـٰلَـٰتِكُمۡ أَوۡ مَا مَلَكۡتُم مَّفَاتِحَهُۥۤ أَوۡ صَدِیقِكُمۡۚ لَیۡسَ عَلَیۡكُمۡ جُنَاحٌ أَن تَأۡكُلُوا۟ جَمِیعًا أَوۡ أَشۡتَاتࣰاۚ فَإِذَا دَخَلۡتُم بُیُوتࣰا فَسَلِّمُوا۟ عَلَىٰۤ أَنفُسِكُمۡ تَحِیَّةࣰ مِّنۡ عِندِ ٱللَّهِ مُبَـٰرَكَةࣰ طَیِّبَةࣰۚ كَذَ ٰ⁠لِكَ یُبَیِّنُ ٱللَّهُ لَكُمُ ٱلۡـَٔایَـٰتِ لَعَلَّكُمۡ تَعۡقِلُونَ ﴿61﴾

അന്ധന്‍റെ മേല്‍ കുറ്റമില്ല. മുടന്തന്‍റെ മേലും കുറ്റമില്ല. രോഗിയുടെമേലും കുറ്റമില്ല. നിങ്ങളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ സഹോദരന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ അമ്മാവന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളില്‍ നിന്നോ, താക്കോലുകള്‍ നിങ്ങളുടെ കൈവശത്തിലിരിക്കുന്ന വീടുകളില്‍ നിന്നോ, നിങ്ങളുടെ സ്നേഹിതന്‍റെ വീട്ടില്‍ നിന്നോ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്കും കുറ്റമില്ല. നിങ്ങള്‍ ഒരുമിച്ചോ വെവ്വേറെയോ ഭക്ഷണം കഴിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു.

കാരകുന്ന് & എളയാവൂര്

നിങ്ങളുടെയോ നിങ്ങളുടെ പിതാക്കള്‍, മാതാക്കള്‍, സഹോദരന്മാര്‍, സഹോദരിമാര്‍, പിതൃവ്യന്മാര്‍, അമ്മായിമാര്‍, അമ്മാവന്മാര്‍, മാതൃസഹോദരിമാര്‍ എന്നിവരുടെയോ വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ കുരുടന്നും മുടന്തന്നും രോഗിക്കും നിങ്ങള്‍ക്കും കുറ്റമില്ല. ഏതു വീടിന്റെ താക്കോലുകള്‍ നിങ്ങളുടെ വശമാണോ ആ വീടുകളില്‍നിന്നും നിങ്ങളുടെ കൂട്ടുകാരന്റെ വീട്ടില്‍നിന്നും ആഹാരംകഴിക്കുന്നതിലും തെറ്റില്ല. നിങ്ങള്‍ക്ക് ഒറ്റക്കോ കൂട്ടായോ ആഹാരം കഴിക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ വീടുകളില്‍ കടന്നുചെല്ലുകയാണെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള അനുഗൃഹീതവും പവിത്രവുമായ അഭിവാദ്യമെന്നനിലയില്‍ നിങ്ങളന്യോന്യം സലാം പറയണം. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ വചനങ്ങള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍.

إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِینَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ وَإِذَا كَانُوا۟ مَعَهُۥ عَلَىٰۤ أَمۡرࣲ جَامِعࣲ لَّمۡ یَذۡهَبُوا۟ حَتَّىٰ یَسۡتَـٔۡذِنُوهُۚ إِنَّ ٱلَّذِینَ یَسۡتَـٔۡذِنُونَكَ أُو۟لَـٰۤىِٕكَ ٱلَّذِینَ یُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦۚ فَإِذَا ٱسۡتَـٔۡذَنُوكَ لِبَعۡضِ شَأۡنِهِمۡ فَأۡذَن لِّمَن شِئۡتَ مِنۡهُمۡ وَٱسۡتَغۡفِرۡ لَهُمُ ٱللَّهَۚ إِنَّ ٱللَّهَ غَفُورࣱ رَّحِیمࣱ ﴿62﴾

അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞു പോകുകയില്ല. തീര്‍ച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിക്കുന്നവര്‍. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (പിരിഞ്ഞ് പോകാന്‍) അവര്‍ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കില്‍ അവരില്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അനുവാദം നല്‍കുകയും, അവര്‍ക്ക് വേണ്ടി നീ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

കാരകുന്ന് & എളയാവൂര്

അല്ലാഹുവിലും അവന്റെ ദൂതനിലും ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. പ്രവാചകനോടൊപ്പം ഏതെങ്കിലും പൊതുകാര്യത്തിലായിരിക്കെ, അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞുപോവുകയില്ല. നിന്നോട് അനുവാദം ചോദിക്കുന്നവര്‍ ഉറപ്പായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവരാണ്. അതിനാല്‍ അവര്‍ തങ്ങളുടെ എന്തെങ്കിലും ആവശ്യനിര്‍വഹണത്തിന് നിന്നോട് അനുവാദം തേടിയാല്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് അനുവാദം നല്‍കുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

لَّا تَجۡعَلُوا۟ دُعَاۤءَ ٱلرَّسُولِ بَیۡنَكُمۡ كَدُعَاۤءِ بَعۡضِكُم بَعۡضࣰاۚ قَدۡ یَعۡلَمُ ٱللَّهُ ٱلَّذِینَ یَتَسَلَّلُونَ مِنكُمۡ لِوَاذࣰاۚ فَلۡیَحۡذَرِ ٱلَّذِینَ یُخَالِفُونَ عَنۡ أَمۡرِهِۦۤ أَن تُصِیبَهُمۡ فِتۡنَةٌ أَوۡ یُصِیبَهُمۡ عَذَابٌ أَلِیمٌ ﴿63﴾

നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്‌. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്‌. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.

കാരകുന്ന് & എളയാവൂര്

നിങ്ങളോടുള്ള ദൈവദൂതന്റെ വിളി നിങ്ങള്‍ അന്യോന്യം വിളിക്കുംവിധംകരുതി അവഗണിക്കരുത്. മറ്റുള്ളവരെ മറയാക്കി നിങ്ങളില്‍നിന്ന് ഊരിച്ചാടുന്നവരെ അല്ലാഹു നന്നായറിയുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ കല്‍പന ലംഘിക്കുന്നവര്‍ തങ്ങളെ വല്ലവിപത്തും ബാധിക്കുമെന്നോ നോവേറിയ ശിക്ഷ പിടികൂടുമെന്നോ തീര്‍ച്ചയായും ഭയപ്പെട്ടുകൊള്ളട്ടെ.

أَلَاۤ إِنَّ لِلَّهِ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِۖ قَدۡ یَعۡلَمُ مَاۤ أَنتُمۡ عَلَیۡهِ وَیَوۡمَ یُرۡجَعُونَ إِلَیۡهِ فَیُنَبِّئُهُم بِمَا عَمِلُوا۟ۗ وَٱللَّهُ بِكُلِّ شَیۡءٍ عَلِیمُۢ ﴿64﴾

അറിയുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. നിങ്ങള്‍ ഏതൊരു നിലപാടിലാണെന്ന് അവന്നറിയാം. അവങ്കലേക്ക് അവര്‍ മടക്കപ്പെടുന്ന ദിവസം അവന്നറിയാം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവര്‍ക്കവന്‍ പറഞ്ഞുകൊടുക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.

കാരകുന്ന് & എളയാവൂര്

അറിയുക: ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. നിങ്ങള്‍ എന്തു നിലപാടാണെടുക്കുന്നതെന്ന് അവനു നന്നായറിയാം. അവങ്കലേക്ക് എല്ലാവരും തിരിച്ചുചെല്ലുന്ന നാളിനെക്കുറിച്ചും അവന്‍ നന്നായറിയുന്നു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കും. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.